സംസ്ഥാനത്ത് വീണ്ടും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; പത്തനംതിട്ടയില്‍ ദമ്പതിമാര്‍ക്ക് നഷ്ടമായത് 1.40 കോടി രൂപ

Nov 22, 2025 - 11:56
 0  7
സംസ്ഥാനത്ത് വീണ്ടും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; പത്തനംതിട്ടയില്‍ ദമ്പതിമാര്‍ക്ക് നഷ്ടമായത് 1.40 കോടി രൂപ

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ വൃദ്ധ ദമ്പതിമാര്‍ക്ക് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ 1.4 കോടി രൂപയാണ് നഷ്ടമായത്. 

ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് സംഭവം. മുംബൈ ക്രൈംബ്രാഞ്ചില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി ഒരു ഫോണ്‍കോള്‍ വന്നതാണ് തട്ടിപ്പിന്റെ തുടക്കം. ദമ്പതിമാരില്‍ ഭാര്യയുടെ ഫോണ്‍ നമ്പറിലേക്കാണ് കോള്‍ വന്നത്. കുട്ടികളുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യത്തില്‍ ഇവരുടെ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയ തട്ടിപ്പുകാരന്‍ പറഞ്ഞത്.

ഇതിന്റെ ഭാഗമായി അക്കൗണ്ടിലെ പണം പരിശോധിക്കണമെന്നും നിര്‍ദേശിക്കുന്ന അക്കൗണ്ടിലേക്ക് ഇത് കൈമാറണമെന്നും ആവശ്യപ്പെട്ടു. റിസര്‍വ് ബാങ്കിന്റെ പരിശോധനയ്ക്കായാണ് ഇത് കൈമാറുന്നതെന്നും പരിശോധന പൂര്‍ത്തിയായാല്‍ പണം തിരികെ നല്‍കുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. ഇതോടെ വയോധിക തന്റെ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്ന 90 ലക്ഷം രൂപ കൈമാറി. ഭര്‍ത്താവിന്റെ അക്കൗണ്ടിലെ പണവും സമാനരീതിയില്‍ നല്‍കി. ആകെ 1.40 കോടി രൂപയാണ് ഇരുവരും കൈമാറിയത്.