മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം വിഫലം; ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ ലോറിയിലെ ക്ലീനറുടെ മൃതദേഹം കണ്ടെടുത്തു
മലപ്പുറം: മലപ്പുറം ആതവനാട് വെള്ളക്കെട്ടിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ക്ലീനർക്കായി നടത്തിയ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം വിഫലമായി. മറിഞ്ഞ ലോറിയിൽ കുടുങ്ങി വെള്ളത്തിൽ മുങ്ങിയ മേൽമുറി പൈക്കിനിപറമ്പ് കുന്നത്തൊടി മുസ്തഫ (45)യുടെ മൃതദേഹം കണ്ടെടുത്തു.
7 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിൽ മുസ്തഫയുടെ മൃതദേഹം ലോറിയുടെ ക്യാബിനുള്ളിൽ കണ്ടെത്തുകയായിരുന്നു . വെള്ളക്കെട്ടിലേക്ക് മറിഞ്ഞ ലോറി പൂർണമായി പുറത്തെടുത്തു. ഹൈഡ്രോളിക് കട്ടർ ഇറക്കി ലോറി ക്യാബിൻ പൊളിച്ചു മാറ്റുകയായിരുന്നു. വാഹനത്തിലെ ഡ്രൈവർ ചട്ടിപ്പറമ്പ് ചെങ്ങോട്ടുർ കാട്ടികുളങ്ങര ജാഫറിനെ ഉച്ചയോടെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.