കൊല്ലം തുറമുഖത്ത് നങ്കൂരമിട്ട കപ്പലിൽ പൊട്ടിത്തെറി; എഞ്ചിനീയർക്ക് പരിക്ക്
കൊല്ലം: കൊല്ലം തുറമുഖത്ത് കപ്പലിൽ പൊട്ടിത്തെറി. അപകടത്തിൽ എഞ്ചിനീയർക്ക് പരിക്ക്. ഉത്തർപ്രദേശ് സ്വദേശി സത്യപ്രകാശിനാണ് പരിക്കേറ്റത്. കൊല്ലം തുറമുഖത്ത് നങ്കൂരമിട്ട ഐഒഎൽ സഫയർ എന്ന കപ്പലിലെ ജനറേറ്റർ റൂമിലാണ് പൊട്ടിത്തെറി ഉണ്ടായത്. ആന്ധ്രാപ്രദേശിൽ നിന്ന് ആഫ്രിക്കയിലേക്ക് അരിയുമായി പോകുംവഴി കപ്പലിലെ ജനറേറ്റർ കേടായതുമൂലം ഈ വർഷം ജൂണ്‍ 23ആം തിയ്യതി അറ്റകുറ്റപണിയ്ക്കായി അനുമതി വാങ്ങി കൊല്ലം പോർട്ടിൽ നങ്കൂരമിട്ടിരിക്കുകയായിരുന്നു കപ്പൽ.
ഇന്ന് ഉച്ചയ്ക്ക് 1:20ന് എഞ്ചിനീയർ സത്യപ്രകാശ് കപ്പലിൽ വെൽഡിങ് പണി ചെയ്‌തുകൊണ്ടിരിക്കവെ തീപ്പിടിച്ച് മുഖത്തും ശരീരത്തും പൊള്ളലേറ്റു. വിവരം അറിഞ്ഞ് കടലിൽ ബോഡി സേർച്ചിങ് നടത്തിവന്നിരുന്ന തീരദേശ പൊലീസിൻ്റെ യുദ്ധ ബോട്ട് എത്തി രക്ഷാപ്രവർത്തനം നടത്തി. ഇയാളെ ആംമ്പുലൻസിൽ മെഡിസിറ്റി ഹോസ്‌പിറ്റലിൽ എത്തിച്ചു. സത്യപ്രകാശ് അപകട നില തരണം ചെയ്‌തിട്ടുണ്ട്.
കപ്പലിൽ അറ്റകുറ്റപ്പണികൾ ചെയ്യുമ്പോൾ സുരക്ഷാ ഉപകരണങ്ങളായ ഹെൽമെറ്റ്, സേഫ്റ്റി ബെൽറ്റ്, ഗ്ലൗസ്, കണ്ണ് സംരക്ഷിക്കുന്ന കണ്ണടകൾ എന്നിവ നിർബന്ധമായും ധരിക്കണം. വെൽഡിങ് അല്ലെങ്കിൽ കട്ടിങ് ജോലികൾ ചെയ്യുമ്പോൾ സമീപത്ത് അഗ്നിശമന ഉപകരണങ്ങൾ കരുതണം. അടഞ്ഞ മുറികളിലോ ടാങ്കുകളിലോ ജോലി ചെയ്യുമ്പോൾ ശുദ്ധവായു ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ വ്യക്തമാക്കി