നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; നിയമന ഉത്തരവ് മുഖ്യമന്ത്രി കൈമാറി
തിരുവനന്തപുരം: മരണപ്പെട്ട കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജന എന്‍ നായര്‍ക്ക് സര്‍ക്കാര്‍ ജോലി. ഭക്ഷ്യസുരക്ഷാ ഓഫീസറായാണ് നിയമനം. നിയമന ഉത്തരവ് മുഖ്യമന്ത്രി വി ഡി സതീശന്‍ കൈമാറി. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് മകള്‍ക്ക് ആശ്രിത നിയമനം.
2024 ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന് യാത്രയയപ്പ് നല്‍കുന്ന പരിപാടിയിലേക്ക് അപ്രതീക്ഷിതമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ എത്തുകയും കലക്ടര്‍ അരുണ്‍ കെ വിജയന്റെ സാന്നിധ്യത്തില്‍ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു. ചടങ്ങിനുശേഷം കിട്ടിയ ഉപഹാരങ്ങള്‍ പോലും എടുക്കാതെയാണ് നവീന്‍ ബാബു കലക്ട്രേറ്റ് വിട്ടിറങ്ങിയത്. മനംനൊന്താണ് നവീന്‍ ബാബു ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം പറയുന്നത്.