"മനുഷ്യനും മാറുന്ന കാലങ്ങളും": ലേഖനം, ഓമന ജോൺ

"മനുഷ്യനും മാറുന്ന കാലങ്ങളും": ലേഖനം, ഓമന ജോൺ

ഴിഞ്ഞൊരു ദിവസം എന്റെ ഒരു സുഹൃത്ത്‌ ജീവിതത്തിൽ അവൾ പിന്നിട്ട ദുരന്ത കാലങ്ങളെ കുറിച്ച് എന്നോട് സംസാരിക്കാൻ ഇടയായി. "മനസ്സിനേറ്റ മുറിവുകൾ സൗഖ്യപ്പെടാൻ, വളരെ ബുദ്ധിമുട്ടാണ്."

പ്രിയപ്പെട്ട ആ കൂട്ടുകാരി പറഞ്ഞതു വളരെ സത്യം. അവളെ കൊണ്ട് അത് പറയിച്ചതു അവളുടെ ജീവിതമാണ്.

പല കൂട്ടുകാരും അവരുടെ ജീവിതത്തിലെ പല കാര്യങ്ങളും ഞാനുമായി പങ്കു വെക്കാറുണ്ട്. അന്യായമായി അവർക്കു സഹിക്കേണ്ടി വരുന്ന പീഡനങ്ങൾ (ശാരീരികവും മാനസികവും), അപമാനങ്ങൾ, വഞ്ചനകൾ, സാമ്പത്തിക തകർച്ചകൾ, രോഗങ്ങൾ, അങ്ങനെ നിരവധി വിഷയങ്ങൾ എന്നോടവർ പറയാറുണ്ട്.

കഴിഞ്ഞ കാലങ്ങളിലെ ദുരന്തങ്ങൾ, പ്രശ്നങ്ങൾ നിറഞ്ഞ ജീവിത സാഹചര്യങ്ങൾ, തരണം ചെയ്യേണ്ടി വന്ന അനീതികൾ, സ്നേഹിക്കുന്നവരുടെ ദുഷ്ടത നിറഞ്ഞ പ്രവർത്തനങ്ങൾ, ഓർമ്മകളിൽ നിന്നും പെറുക്കിയെടുത്തു വിവരിക്കുമ്പോൾ ഞാൻ അവരോട് ചോദിക്കാറുണ്ട് , " ഇപ്പോൾ നിന്റെ ജീവിതം എവിടെ നിൽക്കുന്നു? അന്നത്തെ ജീവിത ചുറ്റുപാടുകൾ മാറിയില്ലേ? നിനക്കിന്ന് എന്തിനെങ്കിലും കുറവുണ്ടോ? നിന്റെ സഹനങ്ങൾ നിനക്കു നേട്ടങ്ങൾ ഉണ്ടാക്കി തന്നില്ലേ? സമാധാനത്തോടെ നീ ഇന്ന് ഉറങ്ങുന്നില്ലേ?

"ശരിയാണ്. എനിക്കിന്ന് ഒന്നിനും കുറവില്ല. പക്ഷെ, എന്നോട് ചിലരൊക്കെ ചെയ്ത ദുഷ്ടത്തരങ്ങൾ, ക്രൂരതകൾ, എന്റെ ഓർമയിൽ വരുന്നു. ഒന്നും മറക്കാൻ പറ്റുന്നില്ല." അവരിൽ ചിലർ എന്നോട് പറയാറുണ്ട്.

ശരിയാണ്. നമ്മെ സ്നേഹിക്കുന്നവരും, നമുക്ക് ഉപദ്രവങ്ങൾ ചെയ്തവരും, ഓർമ്മകളിൽ കാണും.



ജീവിതത്തിൽ മറക്കാൻ പറ്റാത്തതൊക്കെ, കയ്പ്പേറിയ അനുഭവങ്ങളൊക്കെ, വലിയ പാഠങ്ങൾ എന്നു കരുതുക. മുന്നോട്ടുള്ള ജീവിതത്തിൽ അത് പ്രയോജനപ്പെടും.

ജീവിതം പല കാലങ്ങളിലൂടെ കടന്നു പോകാറുണ്ട്.  വിശുദ്ധ ഗ്രന്ഥത്തിൽ എഴുതപ്പെട്ടിരിക്കുന്നതു പോലെ, "എല്ലാത്തിനും ഒരു കാലമുണ്ട്. ആകാശത്തിൻ കീഴിലുള്ള സമസ്ത കാര്യത്തിനും ഒരവസരമുണ്ട്. ജനിക്കാൻ ഒരു കാലം, മരിക്കാനൊരു കാലം, നടാനൊരു കാലം, നട്ടതു പറിക്കാനൊരു കാലം".....അങ്ങനെ നിരവധി കാലങ്ങളെ കുറിച്ച്   വിശുദ്ധ ഗ്രന്ഥത്തിൽ കൊടുത്തിട്ടുണ്ട്.

ഒരോ മനുഷ്യനും അവൻ നടുന്നത്, അല്ലെങ്കിൽ വിതക്കുന്നത് കൊയ്യും. സൽപ്രവൃത്തികൾ ചെയ്യുന്നവർ അതിന്റെ ഫലം അനുഭവിക്കും, തിന്മ ചെയ്യുന്നവർ അതിന്റെ ഫലവും.

ഒരോ മനുഷ്യരെയും ഞാൻ വളരെ ശ്രദ്ധാപൂർവം നിരീക്ഷിക്കാറുണ്ട്. അതുപോലെ അവരുടെ ജീവിതത്തിൽ മാറി വരുന്ന കാലങ്ങളെയും.

ഇന്നലെകളിൽ സമ്പന്നതയുടെ മടിത്തട്ടിൽ, അല്ലലറിയാതെ ജീവിച്ചിരുന്ന പലരും, ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ വീണു കിടക്കുന്നതു ഞാൻ കണ്ടു.

അതുപോലെ തന്നെ, ഇന്നലെകളിൽ ഇല്ലാഴ്മയുടെ ദുരിതക്കയങ്ങളിൽ കിടന്നു വിഷമിച്ചവർ, ഇന്ന് ജീവിതത്തിന്റെ ഏറ്റവും ഉയർന്ന മേഖലകളിൽ എത്തിച്ചേർന്നതും ഞാൻ കണ്ടു.

മനുഷ്യന്റെ അവസ്ഥകൾ മാറി വരും, ഒന്നും ഈ ഭൂമിയിൽ ശാശ്വതമല്ലാ എന്നു ഞാൻ മനസ്സിലാക്കി.

"ചിരിക്കാനൊരു കാലം
കരയാനൊരു കാലം
സഹനത്തിനൊരു കാലം
സന്തോഷത്തിനൊരു കാലം
ജീവിതം തടവറയായൊരു കാലം
മോചനം നേടാൻ ഒരു കാലം"

അങ്ങനെ ഒരു മനുഷ്യജന്മത്തിൽ നിരവധി കാലങ്ങൾ കടന്നു പോകുന്നു. അതിനനുസരിച്ച് അവന്റെ ജീവിതത്തിലും മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്നു.

ഓമന ജോൺ


annalamannil.com