ഈ മഴ നിലയ്ക്കാതിരുന്നെങ്കിൽ: കവിത,  ബിന്ദു ജിജി

ഈ മഴ നിലയ്ക്കാതിരുന്നെങ്കിൽ: കവിത,  ബിന്ദു ജിജി

ന്നാണ്

ഞാൻ

മഴയെ അറിഞ്ഞത്

 

നെറുകയിൽ

അമൃതധാരയായ്

വിരൽതുമ്പുകളിലൂടെ

 നനുത്ത

സ്പർശമായ്

അരിച്ചിറങ്ങിയപ്പോഴോ

 

കുതിർന്നൊഴുകിയ

മണ്ണപ്പങ്ങളിൽ നിന്ന്

ചുവന്ന പൂക്കൾ

തുന്നിയ

ഈറനണിഞ്ഞ

ചേലത്തുമ്പുകളിലേക്ക്

മൊഴിമാറ്റം ചെയ്യപ്പെട്ടപ്പോഴോ

 

മൗനത്തിന്റെ

കന്യാചർമ്മങ്ങളുടെ

വേരറുത്ത്

ഉർവ്വരതയുടെ ഫലസഞ്ജീവനിയായ്

പെയ്തിറങ്ങിയപ്പോഴോ

 

നിശ്ചലതയുടെ ഹൃദയതടാകത്തിൽ

വാക്കുകളുടെ

ഓളക്കുത്തുകളായ്

മാറിയപ്പോഴോ

 

ഇനിയും

ചിന്തകളുടെ

മേച്ചിൽപ്പുറങ്ങളിലേക്ക്

മഴത്തുമ്പികൾ 

പറന്നുയരട്ടെ

കനവിന്റെ ആകാശപ്പെയ്ത്തു തേടി...

 

 

 ബിന്ദു ജിജി

 

 

എറണാകുളം ജില്ലയിലെ കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ മലയാള വിഭാഗം അധ്യാപിക. ആനുകാലികങ്ങളിൽ കവിതകളും . ഓർമ്മക്കുറിപ്പുകളും എഴുതുന്നു. കവിതയുടെ കയ്യൊപ്പ് . കവിക്കൂട്ടം . ഭാഷാശ്രീ , പരോളിലിറങ്ങിയ കവിതകൾ, വാക്കിന്റെ വെളിപാട്. പകൽ മഴ നനഞ്ഞ കവിതകൾ തുടങ്ങിയ കവിതാ സമാഹാരങ്ങളിൽ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  വിവിധ രചനാ മത്സരങ്ങളിലും  പ്രഭാഷണങ്ങളിലും പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് .കോതമംഗലം കറുകടം കുന്നശ്ശേരി വീട്ടിൽ കെ.പി വർഗ്ഗീസിന്റേയും ഏലിയാമ്മയുടേയും മകളാണ് .ഭർത്താവ് അധ്യാപകനായ ജിജി വി ഡേവിഡ് . ചിത്രകാരനായ ബേസിൽ ,മെറിൻ എന്നിവർ മക്കൾ .