റിട്ടയര്‍മെന്റ്: കവിത, ടോബി തലയല്‍

കസ്സേരയിലിരുന്ന് വൃദ്ധനായ അയാളെ
ഓഫീസില്‍ നിന്നൊരു ദിവസ്സം
സഹപ്രവര്‍ത്തകര്‍ വീട്ടില്‍ കൊണ്ടുവന്നിരുത്തി,
ശിഷ്ടകാലം കഷ്ടതകള്‍ ഉണ്ടാവാതെ
ദീര്‍ഘകാലം `ഇരിക്കട്ടെ'
എന്നാശീര്‍വദിച്ച് മടങ്ങി.
പുറത്തു മഴ കനത്തു
ഉള്ളാകെ നനഞ്ഞൊലിച്ചു
കൊണ്ട വെയിലെല്ലാം
ഓര്‍മയില്‍ ടാറുപോലെ ഉരുകി.
ഒരിടവപ്പാതിമഴ
കനത്ത ചില്ലുകളിട്ട് മറച്ച പ്രഭാതത്തില്‍
മിനുസമുള്ള മുഖവും
ചുണയുള്ള ചലനങ്ങളുമായി
ഓടിത്തുടങ്ങിയ വണ്ടി
എത്ര കയറ്റിറക്കങ്ങള്‍
കടന്നു പോയിരിക്കുന്നു എന്നയാള്‍ ഓര്‍ത്തു
യാത്ര തീര്‍ന്നിറങ്ങുമ്പോള്‍
ഉരഞ്ഞുതീരാറായ ടയറുകള്‍
ഏതുറോഡിനോടും സമരസപ്പെട്ടു
അവധാനത നേടിയ ബ്രേക്ക്
സന്ധിവേദനയാല്‍ നിലവിളിച്ചു
എടുത്തുചാട്ടം മതിയാക്കി ആക്‌സിലറേറ്റര്‍
ചവുട്ടിയാലും പ്രതികരിക്കാതായി
എന്‍ജിന്‍ കാസപീഡയില്‍ കിതച്ചു
പുറമാകെ പോക്കുവെയില്‍ വീണ് വിളറി .
ഒരു സ്വകാര്യ സ്ഥാപനത്തില്‍
ഒരുപാടുപേരുടെ ശമ്പളം കൂട്ടിക്കിഴിച്ച്
സ്വന്തം കണക്കുകൂട്ടലുകള്‍
തെറ്റിപ്പോയ ഒരാള്‍ എന്നല്ലാതെ
അയാളുടെ വിരമിക്കലിനു
വാര്‍ത്താപ്രാധാന്യമൊന്നുമില്ല;
കരിമ്പിന്‍ ജ്യൂസ് കുടിക്കുന്ന ഒരാള്‍
ചണ്ടിയുടെ പുറന്തള്ളലിനെ പറ്റി
ആലോചിക്കേണ്ടതില്ലാത്തതുപോലെ...
ഞെരിയ്‌ക്കുന്ന യന്ത്രത്തില്‍പ്പെട്ട്
നട്ടെല്ലൊടിഞ്ഞ് നിര്‍ജീവമായ കരിമ്പിന്‍തണ്ടില്‍
ഇനിയും അവശേഷിക്കുന്ന
തുള്ളിമധുരത്തിന്റെ നിസ്സാരതയോ,
ചുണ്ടില്‍ പറ്റിക്കൂടിയ ചണ്ടിയുടെ
പിരിയാന്‍ കൂട്ടാക്കാത്ത ചുംബനമുദ്രകളോ,
ഒരിടത്തും ഒരു വിഷയമാകേണ്ട കാര്യമില്ലാത്തതുപോലെ...
ഓഫീസില്‍ അവസാന ദിനം
ഫയലുകള്‍ക്കിടയില്‍ കുടുങ്ങിയിരുന്ന
അയാളുടെ തല
ഊരിയെടുക്കുകയായിരുന്നു
കസേരച്ചാരുപോലെ വളഞ്ഞുപോയ
തോളുകള്‍ക്കിടയിലേക്കു
കഴുത്ത് ഇടിഞ്ഞിറങ്ങിപ്പോയിരുന്നു
കണ്ണടയുടെ ഭാരത്താലെന്നവണ്ണം
കാഴ്‌ച്ച തൂങ്ങിപ്പോയിരുന്നു
കൃഷ്‌ണമണികള്‍
കാണാതായ ഏതോ ഫയല്‍ തേടി
ഉരുളുന്നതുപോലെ തോന്നി
ഇരിപ്പിടത്തോടൊട്ടിപ്പോയ പിന്‍ഭാഗം
അടര്‍ത്തി മാറ്റുമ്പോള്‍
വേരറ്റ മരംപോലെ ദേഹമൊന്നുലഞ്ഞു!
മഷിതീര്‍ന്ന പേന പോക്കറ്റില്‍ കുത്തി,
മേശവലിപ്പില്‍ നിന്ന്
ആജീവനാന്ത ആനുകൂല്യങ്ങളായി കിട്ടിയ
മരുന്നു പൊതികളും
പാരിതോഷികങ്ങളായി
തപാലില്‍ വന്നുകൊണ്ടിരുന്ന ബാങ്ക് നോട്ടീസും
ബോണസ്സായി ലഭിച്ച പിഴപ്പലിശയും
ഭാര്യയുടെ പരിഭവങ്ങളും സ്‌നേഹവും നിറച്ച
ചോറ്റുപാത്രവും
സങ്കടപ്പെയ്‌ത്തില്‍പ്പോലും
നിവര്‍ത്തിച്ചൂടാത്ത സൗഹൃദങ്ങളും
ആശീര്‍വാദം വാങ്ങിവെച്ച
മകളുടെ കല്യാണക്കുറിയും
സിപ്പുതുറന്നു ബാഗില്‍ ഭദ്രമായ് വെക്കുമ്പോള്‍
സ്വന്തം കാലുകളില്‍ നില്‍ക്കാനാവാതെ
ആടിക്കൊണ്ടിരുന്നു അയാള്‍,
ജോലിതെണ്ടുന്ന മകന്റെ അമര്‍ഷം
നെഞ്ചിനുള്ളില്‍ നഖങ്ങളാഴ്‌ത്തിക്കൊണ്ടിരുന്നു
തേഞ്ഞു തീര്‍ന്ന ചെരുപ്പുകള്‍
കാലുകളില്‍ നിന്ന് വഴുതിപ്പോയിരുന്നു
മുപ്പതിലേറെ വര്‍ഷം മുറുക്കിയുടുത്തിരുന്ന മുണ്ട്
അഴിഞ്ഞു പോയിരുന്നു!