അപകടകാരികളായ രാജ്യദ്രോഹികളെ തുറുങ്കിലടയ്‌ക്കുക

അപകടകാരികളായ രാജ്യദ്രോഹികളെ തുറുങ്കിലടയ്‌ക്കുക


കാരൂര്‍ സോമന്‍, ലണ്ടന്‍



ഇന്ത്യന്‍ സംസ്ഥാനമായ മണിപ്പൂരില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ അപമാനകരമായ കാഴ്‌ചകളാണ്‌. നമ്മുടെ സാമൂഹിക വ്യവസ്ഥിതിയെ ഉഴുതുമറിക്കുന്ന സ്‌ഫോടനങ്ങളാണ്‌ മണിപ്പൂരില്‍ നടക്കുന്നത്‌. തീയില്‍ മനുഷ്യമാംസം വെന്തെരിയുന്നു, വീടുകള്‍ തീയില്‍ വെന്തുവെണ്ണീറാകുന്നു, വീടുകള്‍, കടകള്‍ കൊള്ള ചെയ്യപ്പെടുന്നു, ക്രിസ്‌ത്യന്‍ ദേവാലയങ്ങള്‍ അക്രമികള്‍ തകര്‍ക്കുന്നു.. തുടങ്ങിയ തീവ്രവാദ മത-രാഷ്ട്രീയ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഈ ആധുനിക കാലഘട്ടത്തിലും അരങ്ങേറുന്നു. ഇതിന്റെ പിന്നിലെ പ്രേരക ശക്തികളെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരണം. ബ്രിട്ടനില്‍ 1640 ല്‍ ബുര്‍ഷ്വാവിപ്ലവം നടന്നപ്പോള്‍ റഷ്യയുടെ രാഷ്ട്രപിതാവായ ലെനിന്‍ പറഞ്ഞത്‌ ഓര്‍മയില്‍ വരുന്നു. 'ബൂര്‍ഷ്വാ ജനാധിപത്യ വിപ്ലവത്തിനും സോഷ്യലിസ്റ്റ്‌ വിപ്ലവത്തിനുമിടയില്‍ ചൈനീസ്‌ വന്മതിലുകളൊന്നുമില്ല'. ഇവിടെ കണ്ടത്‌ ജാതിമത വന്‍ മതിലുകളാണ്‌. റഷ്യന്‍, ഫ്രഞ്ച്‌ വിപ്ലവങ്ങള്‍പോലും മനുഷ്യന്‌ സ്വാതന്ത്ര്യം കിട്ടുന്നതിനും ഫ്യൂഡലിസത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നതിനുമായിരിന്നു അല്ലാതെ മതങ്ങളെ നാടുകടത്താനല്ലായിരുന്നു. മണിപ്പൂരിലെ ന്യൂനപക്ഷങ്ങള്‍ എന്തുകൊണ്ടാണ്‌ പാലായനം ചെയ്യുന്നത്‌?

ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ പലരും പറഞ്ഞിരിന്നത്‌ നാട്ടു രാജാക്കന്മര്‍ മതങ്ങളെ തമ്മിലടിപ്പിച്ചാണ്‌ വെള്ളക്കാര്‍ ഭരിച്ചത്‌. ഇന്നിത്‌ നമ്മോടും ചോദിക്കുന്ന ചോദ്യമാണോ? മതത്തിന്റെ മറവില്‍ ആരാണ്‌ തമ്മിലടിപ്പിക്കുന്നത്‌? ആരാണ്‌ കണ്ണടച്ച്‌ ഇരുട്ടാക്കുന്നത്‌?

അതല്ലെങ്കില്‍ മണിപ്പൂരിന്റെ അയല്‍ക്കാരായ മ്യാന്‍മര്‍, സാഗിംഗ്‌, ദക്ഷിണ ചൈന തുടങ്ങിയവര്‍ മണിപ്പൂരിന്റെ മണ്ണില്‍ മിന്നിക്കത്തുന്ന വിളക്കുകളായി കൊതുകിന്‌ കൗതുകം ചോരപോലെ ഇന്ത്യക്കാരന്റെ ചോര കുടിക്കുന്നുണ്ടോ? സത്യം എന്തായാലും ഇപ്പോള്‍ നടക്കുന്നത്‌ വംശീയ കലാപങ്ങളാണ്‌. ചെക്കോണ്‍, ന്യൂലംബുലന്‍, സംഗെ പ്രൗ, ഗെയിം തുടങ്ങിയ ഗ്രാമങ്ങളില്‍ ദേവാലയങ്ങള്‍ ധാരാളമായി തകര്‍ക്കപ്പെട്ടതായിട്ടാണ്‌ വാര്‍ത്തകള്‍ വരുന്നത്‌. പാശ്ചാത്യ രാജ്യങ്ങളില്‍ ക്രൈസ്‌തവ ദേവാലയങ്ങള്‍ ആരാധിക്കാന്‍ അന്ധവിശ്വാസികളില്ലാതെ വിറ്റുകൊണ്ടിരിക്കുമ്പോള്‍ ഇന്ത്യയില്‍ നിന്ന്‌ കേള്‍ക്കുന്നത്‌ മത തീവ്രവാദികള്‍ ദേവാലയങ്ങള്‍ തല്ലിത്തകര്‍ക്കുന്നുതാണ്‌. ആധുനിക ലോകത്തെ തിരിച്ചറിയാത്ത മതഭ്രാന്തന്മാരുള്ള രാജ്യങ്ങളിലാണ്‌ സ്വന്തം നിലനില്‍പ്പിന്‌ വേണ്ടി മതത്തിന്റെ പേരില്‍ ഭരണത്തിലുള്ളവര്‍ മനുഷ്യരെ തമ്മിലടിപ്പിക്കുന്നത്‌.

ഇന്ത്യയില്‍ ജാതിവ്യവസ്ഥതിക്ക്‌ മാറ്റം വരുത്തിയത്‌ ബ്രിട്ടീഷുകാരാണ്‌. അവര്‍ക്കൊപ്പം തന്നെ സാഹിത്യ സാംസ്‌കാരിക നായകന്മാരും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും ഉച്ച നീചത്വങ്ങള്‍ക്കെതിരെ രംഗത്ത്‌ വന്നു. ആ പ്രതിഭാശാലികള്‍ മണ്മറഞ്ഞതോടെ നമ്മുടെ വിശ്വാസങ്ങള്‍ ഇരുളടഞ്ഞ ലോകത്തിലൂടെ സഞ്ചരിക്കുന്നു. ഏത്‌ മതമെടുത്താലും അന്ധവിശ്വാസങ്ങള്‍ അറിവില്ലാത്ത ദുര്‍ബലരായ മനുഷ്യരെ ചതികുഴിയിലെത്തിക്കുന്നു. ലോകത്ത്‌ ഏറ്റവും കൂടുതല്‍ വംശീയ ആക്രമണങ്ങള്‍ നടത്തിയത്‌ ജര്‍മ്മന്‍ ഭരണാധികാരിയായിരുന്ന അഡോള്‍ഫ്‌ ഹിറ്റ്‌ലറാണ്‌. ജാതി മതങ്ങളെ പൂവിട്ട്‌ പൂജിച്ചവരുടെ ദയനീയ അന്ത്യം ലോക ചരിത്രത്താളുകളില്‍ ധാരാളമുണ്ട്‌. ആത്മീയതയും ഭൗതികതയും കാടുപോലെ വളര്‍ത്തി സമൂഹത്തില്‍ ഉപകാരത്തിന്‌ പകരം ഉപദ്രവം ചെയ്യുന്നവരെ വിശ്വാസ സമൂഹം തിരിച്ചറിയുന്നില്ല. ഭാരതം ആദ്ധ്യാത്മിക പാരമ്പര്യത്തില്‍ മഹത്തായ സംഭാവനകള്‍ ചെയ്‌ത രാജ്യമാണ്‌. പ്രകൃതിയില്‍ നിന്ന്‌ വന്നു പ്രക്രതിയിലേക്ക്‌ മടങ്ങിപ്പോകുന്ന മനുഷ്യര്‍ എന്തിനാണ്‌ ജാതി - മതത്തിന്റെ പേരില്‍ പരസ്‌പരം കലഹിക്കുന്നത്‌, പരസ്‌പരം കൊലചെയ്യുന്നത്‌? വാസ്‌തവത്തില്‍ ആത്മാവില്‍ ആരാധിക്കാത്തവര്‍ വിഡ്‌ഢികളുടെ ലോകത്താണ്‌. അവര്‍ ഭൂമിയില്‍ നാശങ്ങള്‍ ചെയ്‌തു നരകത്തിലേക്ക്‌ പോകുന്നു. കേരളത്തില്‍ ക്രിസ്‌ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളും 'സംഘടിച്ചു ശക്തരാകുവിന്‍.വിദ്യകൊണ്ട്‌ വിജ്ഞാനകാരാകുവിന്‍' എന്ന ശ്രീനാരായണ ഗുരുവിന്റ സന്ദേശവും, സാഹിത്യ സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ നിര്‍ണായകമായ സമീപനങ്ങളും, ശക്തരായ ഭരണാധികാരികളുടെ ഇടപെടല്‍മൂലം കേരള ജനത ജാതി -മത ശക്തികളെ പുറമ്പോക്ക്‌ ഭൂമിയില്‍ കുഴിച്ചിട്ടെങ്കിലും മലയാള മണ്ണില്‍ അത്‌ വീണ്ടും മുളച്ചുവരുന്നതായി കാണുന്നു. ഈ കൂട്ടര്‍ അറിവില്‍ അജ്ഞരും ആത്മിയമായ സ്വത്വബോധമില്ലാത്തവരുമാണ്‌. അവരെയാണ്‌ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ മത ഭീകരവാദികളാക്കുന്നത്‌. പാശ്ചാത്യ രാജ്യങ്ങളെപോലെ നമ്മള്‍ പ്രതിനിധാനം ചെയ്യേണ്ടത്‌ മതത്തെയല്ല മനുഷ്യനെയാണ്‌.

1980 മുതല്‍ 2004 വരെ ഇന്ത്യന്‍ ഗവണ്‍മെന്റ്‌ മണിപ്പൂരിനെ അസ്വസ്ഥ പ്രദേശമായി വിശേഷിപ്പിച്ചത്‌ മറക്കരുത്‌. മണിപ്പൂരില്‍ ഹിന്ദുമതം പിന്തുടരുന്ന ഭൂരിപക്ഷ വിഭാഗമാണ്‌ മെയ്‌തേയ്‌ വംശീയത (മണിപ്പൂരി ആളുകള്‍). മറ്റ്‌ തദ്ദേശീയ വംശീയ വിഭാഗങ്ങളൊന്നും ഈ വിശ്വാസം പിന്തുടരാത്തതിനാല്‍ മണിപ്പൂരിലെ തദ്ദേശീയ സമൂഹങ്ങളില്‍, മെയ്‌തീസ്‌ മാത്രമാണ്‌ ഹിന്ദുക്കള്‍. 2011 ലെ സെന്‍സസ്‌ പ്രകാരം മണിപ്പൂരിയിലെ 41.39% പേര്‍ ഹിന്ദുമതം ആചരിക്കുന്നു.

മണിപ്പൂര്‍ രാജ്യത്തിന്റെ സംസ്ഥാന മതമായിരുന്നു വൈഷ്‌ണവ ഹിന്ദുമതം. 1704-ല്‍ മെയ്‌തേയ്‌ രാജാവ്‌ ചാരൈറോങ്‌ബ വൈഷ്‌ണവമതം സ്വീകരിക്കുകയും തന്റെ പരമ്പരാഗത മെയ്‌തേയി നാമം ഹിന്ദു നാമമായ പീതാംബര്‍ സിംഗ്‌ എന്നാക്കി മാറ്റുകയും ചെയ്‌തു.

സംസ്ഥാനത്തെ 41% ആളുകളുടെ മതമാണ്‌ ക്രിസ്‌തുമതം, എന്നാല്‍ 53% ഉള്ള ഗ്രാമപ്രദേശങ്ങളില്‍ ഭൂരിപക്ഷവും മലയോരങ്ങളില്‍ പ്രബലവുമാണ്‌. 19-ാം നൂറ്റാണ്ടില്‍ പ്രൊട്ടസ്റ്റന്റ്‌ മിഷനറിമാരാണ്‌ ഇത്‌ മണിപ്പൂരിലേക്ക്‌ കൊണ്ടുവന്നത്‌. അവരുടെ വരവോടെ വളരെ പുരോഗമന വളര്‍ച്ചകള്‍ ഈ ദേശത്തുണ്ടായി. ഇരുപതാം നൂറ്റാണ്ടില്‍, പാശ്ചാത്യ രീതിയിലുള്ള വിദ്യാഭ്യാസം അവതരിപ്പിച്ച ഏതാനും ക്രിസ്‌ത്യന്‍ സ്‌കൂളുകള്‍ സ്ഥാപിക്കപ്പെട്ടു. അത്‌ അവിടെ മാത്രമല്ല ഇന്ത്യയില്‍ പലയിടത്തും കാണാം. മണിപ്പൂരിലെ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ ക്രിസ്‌തുമതമാണ്‌ പ്രധാന മതം, മണിപ്പൂരിലെ ക്രിസ്‌ത്യന്‍ ജനസംഖ്യയുടെ ബഹുഭൂരിപക്ഷവും (96% ത്തിലധികം) ഗോത്ര ക്രിസ്‌ത്യാനികളാണ്‌. 2011 ലെ സെന്‍സസ്‌ പ്രകാരം സംസ്ഥാന ജനസംഖ്യയുടെ 8.3% വരുന്നതിനാല്‍, മെയ്‌തേയ്‌ മുസ്ലിംകള്‍ അല്ലെങ്കില്‍ മണിപ്പൂരി മുസ്ലിംകള്‍ എന്നും അറിയപ്പെടുന്ന മെയ്‌തേയ്‌ പംഗലുകള്‍ മൂന്നാമത്തെ വലിയ മതഭൂരിപക്ഷ വിഭാഗമാണ്‌. ഹനഫി ഇസ്ലാമിക ചിന്താധാരയിലെ സുന്നി ഗ്രൂപ്പില്‍ പെട്ടവരാണ്‌ ഇവര്‍, അറബ്‌, ബംഗ്ലാദേശ്‌, തുറാനി, ബംഗാളി, മുഗള്‍ അല്ലെങ്കില്‍ ചഗ്‌തായ്‌ തുര്‍ക്കി വിഭാഗങ്ങള്‍ ഈ മെയ്‌തേയി സംസാരിക്കുന്ന മുസ്ലീങ്ങള്‍ക്കിടയില്‍ ഉണ്ട്‌.

മണിപ്പുരിലെ ആദിവാസികള്‍പോലും സി.ആര്‍.പി.എഫ്‌ പട്ടാള കേന്ദ്രങ്ങളില്‍ ജീവനെ ഭയന്ന്‌ ഓടിയെത്തുന്നു. പോലീസ്‌ സ്റ്റേഷനിലെ തോക്കുകള്‍പോലും ആക്രമികള്‍ തട്ടിക്കൊണ്ടുപോകുന്നു. അവിടെ മാവോയിസ്റ്റുകളുണ്ടോ? ക്രിസ്‌ത്യന്‍ സ്ഥാപനങ്ങളില്‍ മോഷണങ്ങള്‍ നടക്കുന്നു. ഇതിലൂടെ മനസ്സിലാകുന്നത്‌ ജനത്തോടെ പ്രതിബദ്ധതയുള്ള ഒരു സര്‍ക്കാരല്ല അവിടെ ഭരണം നടത്തുന്നത്‌. ആ ഭരണ പരാജയം കേന്ദ്ര സര്‍ക്കാരില്‍ അടിച്ചേല്‍പ്പിച്ചിട്ട്‌ കാര്യമില്ല. കേന്ദ്ര സര്‍ക്കാര്‍ അവിടെ ഇടപെടണം. ജാതി മതക്കാരുടെ കൈകുമ്പിളില്‍ മനുഷ്യരെ അമ്മാനമാടാന്‍ അനുവദിക്കരുത്‌. സ്വാര്‍ത്ഥ താല്‍പര്യക്കാരായ ഭരണാധിപന്മാരെയാണ്‌ മണിപ്പൂരില്‍ കണ്ടത്‌. പഠിക്കാന്‍ പോയ മലയാളി വിദ്യാര്‍ത്ഥികള്‍പോലും ജീവനെ ഭയന്ന്‌ ജീവിക്കുന്നു. മണിപ്പൂരില്‍ നടന്ന വംശഹത്യ കണ്ടുപിടിക്കേണ്ടതല്ല,അതിലുപരി കണ്ടെത്തപ്പെടേണ്ടതാണ്‌. അപകടകാരികളായ കലാപത്തിന്‌ നേതൃത്വം നല്‍കിയ രാജ്യദ്രോഹികളെ തുറുങ്കിലടക്കുക.