എന്റെ വിദ്യാലയ സ്മരണകൾ: ചെറിയാൻ ടി കീക്കാട്, ദുബായ്
ഗുരുവന്ദനം
"മാതാ-പിതാ- ഗുരു-ദൈവം"
മാതാവിൽ നിന്നും ഭൂമിയിലേയ്ക്കും, പിതൃമനസി ലൂടെ ഗുരു ചൈതന്യവും, ലഭിക്കുമ്പോൾ ഈശ്വരസാക്ഷാത്ക്കാരം ... എന്റെ അക്ഷര തീർത്ഥാടന വഴികളിലെ സരസ്വതീ ക്ഷേത്രങ്ങളിൽ മാർഗ്ഗദീപം തെളിയിച്ച ഗുരുപാദങ്ങളിൽ സാഷ്ടാംഗ പ്രണാമം.
ഗതകാലസ്മരണകളുടെ ചൂളം വിളി ഇന്നും കാതുകളിൽ മുഴങ്ങുന്നു..
മനസിന്റെ തെക്കിനിയിൽ കൗമാരസ്വപ്നങ്ങൾ തളിരിട്ട നാളുകൾ..
ആ ഓർമ്മചെപ്പിൽ സൂക്ഷിച്ചിരുന്ന മഞ്ചാടിക്കുരുവും മയിൽപ്പീലികളും പെറ്റുപെരുകീട്ടുണ്ടാവുമോ, ആവോ?
ഒന്നറിയാം സൗഹൃദങ്ങളെല്ലാം തുമ്പപ്പൂ പോലെ മൃദുലമായിരുന്നു .....
നിഷ്കളങ്കമായിരുന്നു.....
ദൃഢമായിരുന്നു.....
പിന്നെ അതിജീവനത്തിനായുള്ള പ്രവാസ പ്രയാണങ്ങൾ...
ഉദ്യോഗം, വിവാഹം, വീട്, മക്കൾ, കൊച്ചു മക്കൾ, വാർദ്ധക്യം അങ്ങനെ എത്ര എത്ര വേഷങ്ങൾ കെട്ടി ....
വേഷങ്ങൾ അഴിച്ച് അരങ്ങൊഴിഞ്ഞവർ.
******************************************
കൗമാര കൗതുകങ്ങളുമായി ഹൈസ്കൂളിലേക്ക് :
പുതിയ പാഠപുസ്തകത്തിന്റെ മണം.
പിന്നെ ഓണപരീക്ഷ, അർദ്ധ വാർഷിക പരീക്ഷ, ക്രിസ്തുമസ് പരീക്ഷ, വാർഷിക പരീക്ഷ .... വേനൽ അവധി ...
വീണ്ടും വാഴയിലയും, ചേമ്പിലയും ചൂടി മൺസൂൺ മഴയോടൊപ്പം വിദ്യാരംഭം.
മാറി മാറി വരുന്ന ഋതുഭേദങ്ങൾക്കൊപ്പം വളന്നു വരുന്ന മനസും ശരീരവും.
വിയർപ്പിന്റെ ഗന്ധമുള്ള വെളളയും, മണ്ണിന്റെ നിറമുള്ള കാക്കിയും, യൂണിഫോമിട്ട മധുര സ്മരണകൾ. ബട്ടൻസു പൊട്ടി സേഫ്റ്റി പിൻ അല്ലെങ്കിൽ മുട്ടു സൂചി കുത്തിയ യൂണിഫോമാണ് പലപ്പോഴും ധരിക്കാറുള്ളത്.
കുരുന്നു മനസ്സിൽ നാമ്പിട്ട കൗമാര മോഹങ്ങളും , മോഹഭംഗങ്ങളും....
ആ പഴയ ക്ലാസുമുറിയിലെ പഴയ ഇരിപ്പിടങ്ങൾ. മനസ്സിൽ തോന്നിയ ഇഷ്ടങ്ങൾ സ്വന്തം പേരിനോടൊപ്പം ഡസ്കിൽ കൊമ്പസ്സുകൊണ്ടു കോറിയിട്ടത് മാഞ്ഞു പോയി കാണുമോ ?
ആരോടും പറയാത്ത ആ സ്വകാര്യത മനസ്സിൽ നിന്നും മാഞ്ഞിട്ടുണ്ടാവില്ല. ഉറപ്പാണ്. പിന്നീടെപ്പോഴൊക്കെയോ ആ ഓർമ്മകൾ ചൂളച്ചുവട്ടിലേക്കു നമ്മെ കൈ പിടിച്ചു കൊണ്ടുപോയിട്ടുണ്ടാവും.
ഞാൻ ആദ്യമായി മുണ്ടുടുത്തതെന്നാണ്...
നനുത്ത പൊടിമീശ കണ്ണാടിയിൽ കണ്ടതെന്നാണ്.....
പത്താംതരം പരീക്ഷ കഴിഞ്ഞ് ടി സി വാങ്ങി സ്കൂളിന്റെ പടിയിറങ്ങുമ്പോൾ സ്കൂൾ അസംബ്ലി ബെല്ലിന്റെ മണി മുഴക്കം ഒരു പിൻവിളിയായി കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു.
'ഇൻഡ്യ എന്റെ രാജ്യമാണ്. എല്ലാ ഇൻഡ്യക്കാരും എന്റെ സഹോദരീ സഹോദരങ്ങളാണ്........ ( ഇന്ന് പ്രതിജ്ഞകൾ പ്രതിമകൾ പോലെയായി..... )
ഹൃദയത്തിൽ സൂക്ഷിച്ചു വയ്ക്കാൻ കുറെ നല്ല ഓർമ്മകൾ സമ്മാനിച്ച സുഹൃത്തുക്കൾ ....
അറിവിന്റെ ആദ്യാക്ഷരങ്ങൾ അഭ്യസിപ്പിച്ച ഗുരുപാദങ്ങളെ വന്ദിക്കുന്നു.
ബാസ്കറ്റ് ബോളും, ഫുട്ബോളും, നാടകങ്ങളുംപിന്നെ കുറെ ഇണക്കങ്ങളും പിണക്കങ്ങളും സമ്മാനിച്ച ആ നല്ല ദിനങ്ങൾ ഇനി എന്നെങ്കിലും മടങ്ങി വരുമോ, ആവോ?
" ഉണരുണരൂ മയിലുകളെ പുലരിപ്പൂ വിരിയുകയായി......
കതിരോൻ തൻ കനക രഥം ..... "
ബാക്കി പൂരിപ്പിക്കുക 4 മാർക്ക്.
എന്റെ വിദ്യാലയ സ്മരണകളോടൊപ്പം അതു് സ്ഥിതി ചെയ്യുന്ന എന്റെ ഗ്രാമവും ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളുടെ ഇട വഴികളാണ്. ആൽത്തറ വെറുമൊരു അടയാളപ്പെടുത്തൽ മാത്രമല്ല. ട്രാൻസ്പോട്ടു ബസ്സിൽ കുത്തി നിറച്ചു യാത്ര ചെയ്തത് ഒരു പാട് യൗവ്വന സ്വപ്നങ്ങളായിരുന്നു. പിന്നെ ആൽമരത്തിലെ വൃക്ഷക്കൊമ്പിൽ തൂങ്ങിയാടിയ ഓർമ്മകളുടെ നരിച്ചീറുകൾ ചിറകടിച്ചു പറന്നു പോയത് അറബിക്കടൽ കടന്നായിരുന്നു.
എന്റെ വിദ്യാലയത്തിൽ ഒരു തയ്യൽ ടീച്ചർ ഉണ്ടായിരുന്നു. അന്ന് ഞാൻ പലപ്പോഴും ആലോചിച്ചീട്ടുണ്ട്. പെൺകുട്ടികളല്ലേ ഇതൊക്കെ പഠിക്കേണ്ടതു്. ഞങ്ങൾ ആൺകുട്ടികൾ എന്തിനാണ് ഈ സൂചിയും നൂലും കൊരുത്തു പഠിക്കുന്നത്. പിന്നീടാണു മനസ്സിലായത് ജീവിതത്തിന്റെ അകന്നു പോകുന്ന ഇഴകളെ തുന്നിച്ചേർക്കാനുള്ള പരിശീലനമായിരുന്നു എന്ന്..
പിന്നെ ഒരു ഡ്രിൽ ടീച്ചറുണ്ടായിരുന്നു. വടക്കൻ വീരഗാഥയിലെ ഉണ്ണിയാർച്ച പോലെ തലയെടുപ്പുള്ള മലയാള മങ്ക . അങ്ക തട്ടിൽ 18 അടവും പരിശീലിപ്പിച്ച് അങ്കത്തിനിറങ്ങുന്ന ശിക്ഷ്യർ, വിജയശ്രീലാളിതരായി വരുമ്പോൾ നാടിനെ പ്രകമ്പനം കൊള്ളിച്ചു കൊണ്ടൊരു മുദ്രാവാക്യം വിളിക്കുമായിരുന്നു.
"ഓതറക്കപ്പക്കു നൂറുണ്ടെങ്കിൽ ഈ ട്രോഫിയാണെ കട്ടായം വിജയം ഞങ്ങൾക്കു പുല്ലാണ് " .
പിന്നെ ബാസ്കറ്റ് ബോൾ മാമാങ്കത്തിന് ഏ എം എം ഹൈസ്‌കൂൾ സ്റ്റേഡിയം വേദിയൊരുങ്ങുകയായി.
അന്നൊരിക്കൽ വയലിനുമായി കടന്നുവന്ന ചിത്രമെഴുത്തിന്റെ കലോപാസകൻ. Drawing Sir..... എന്റെ കലാ ജീവിതത്തിന്നു ഭദ്രദീപം തെളിച്ച കാലം. പ്രസംഗം, ഫാൻസി ഡ്രസ്, മിമിക്രി, മോണോ ആക്ട്, പദ്യപാരായണം, നാടകം .... പിന്നീടങ്ങോട്ട് നവരസങ്ങളുടെ ഭാവങ്ങൾ ആടി തിമിർത്ത എത്രയെത്ര വേദികൾ. നാടക-സിനിമാ രംഗത്ത് എന്നെ വളർത്തിയ ആദ്യപരിശീലന കളരിയായ സരസ്വതീ ക്ഷേത്രം.
SAS തിയറത്തിൽ, കാൽസ്യം കാർബണേറ്റു ചേർത്ത് ചരിത്രവും ഭൂമിശാസ്ത്രവും കൂട്ടി കുഴച്ച്, മുകളിലേക്കെറിഞ്ഞപ്പോൾ താഴേയ്ക്കു വന്നതെന്തുകൊണ്ടെന്നു പഠിച്ചതും , ജീൻ വാലി ജീൻ റൊട്ടി മോഷ്ടിച്ചതെന്തിനെന്നു മനസ്സിലാക്കാൻ സായിപ്പിന്റെ ഭാഷയും ,രാഷ്ട്ര ഭാഷയായ ഹിന്ദിയും അരച്ചു കുഴച്ചു വിഴുങ്ങിയതും, കുമാരനാശാനോടൊപ്പം പല്ലനയാറ്റിൽ ഒഴുകിപ്പോയ ഓർമ്മയായി.
ന്യൂട്ടനും , പൈതഗോറസും , മനസ്സിന്റെ തീരത്ത് സ്വപന കുടീരങ്ങളായി.കാളേ പ്പൂട്ടും, കപ്പ നടീലും, കാടി വയ്ക്കലിനുമിടക്കു കിട്ടുന്ന ഇടവേള. മണ്ണെണ്ണവിളക്കിന്റെ കരിന്തിരി വെട്ടത്തിൽ പഠനം. അതുകൊണ്ടു തന്നെ പത്താം തരം വിജയിക്കുന്നവർ വെറും 45%. പിന്നെ ഓരോ വർഷവും വിജയഗ്രാഫ് മുകളിലേയ്ക്ക് ഉയരുവാൻ തുടങ്ങി. ഇന്ന് നൂറു മേനിയിൽ വിജയം കൊയ്യുന്നു.
അന്നത്തെ കണ്ണിരും , കഷ്ടപ്പാടും ഇന്നത്തെ വിശപ്പറിയാത്ത മൂന്നാം തലമുറയുടെ പൂർവ്വ സുകൃതം. അന്ന് ഞാൻ പഠിച്ചത് "അമ്മ എനിക്ക് കാച്ചിയ പാൽ തരും. അത് കു ടിക്കാഞ്ഞാൽ അമ്മ കരയും. അച്ഛനെപ്പോലെ വലുതാകണമെന്നാണ് അമ്മയ്ക്കിഷ്ടം. "
അച്ഛനെപ്പോലെ പെട്ടെന്നു വലുതായി അച്ഛനു കൈതാങ്ങാകുമല്ലോ എന്നാണ് അമ്മയുടെ മോഹം.
ഈ വർഷവും നൂറു മേനി കൊയ്ത എന്റെ പ്രിയപ്പെട്ട സ്കൂൾ .....
വെള്ളവും വളവും നല്കി നട്ടുവളർത്തിയ അധ്യാപകർ - മാതാപിതാക്കൾ,
വിജയത്തിന്റെ സ്വർണ്ണ കതിർ ചൂടിയ അഭിമാനഭാജനങ്ങൾക്ക് അകമഴിഞ്ഞ അനുമോദനങ്ങൾ......
ആശംസകൾ .....
ജീവിത വിജയ പടവുകൾ ചവിട്ടി കയറിയപ്പോൾ ആദ്യ പടിയിൽ കാലുറക്കാൻ കരുത്ത് പകർന്ന ഗുരുപാദങ്ങളിൽ എന്റെ സാഷ്ടാംഗ പ്രണാമം.
മൺമറഞ്ഞ ഗുരു ശ്രേഷഠന്മാർക്ക് ഹൃദയാഞ്ജലി ...
ചെറിയാൻ ടി. കീക്കാട്, ദുബായ്