മനസ്സിലെ നിലാവലയിൽനിന്ന്   ഉതിർന്നുവീണ കഥകൾ : ബുക് റിവ്യൂ, മോഹൻദാസ്

Mar 5, 2025 - 15:33
 0  125
മനസ്സിലെ നിലാവലയിൽനിന്ന്   ഉതിർന്നുവീണ കഥകൾ : ബുക് റിവ്യൂ, മോഹൻദാസ്

റിയാത്ത അത്ഭുതങ്ങളെ ഗര്‍ഭം ധരിക്കുന്ന മഹാസമുദ്രങ്ങളെക്കാള്‍ എനിക്കിഷ്ടം , എനിക്കറിയുന്ന നിളാനദിയാണ്. കവിതാ സംഗീതിന്‍റെ 'ഇലിമ്പിപ്പൂക്കള്‍' എന്ന കഥാസമാഹാരം വായനക്കാരോട് നിശബ്ദമായിപ്പറയുന്നതും എംടിയുടെ ഈ വരികളാണ്. 
വലിയ വലിയകാര്യങ്ങളൊന്നും ഈ കഥകളിലില്ല. നമുക്കു ചുറ്റുമുള്ള കൊച്ചുകൊച്ചു സന്തോഷങ്ങളും കവിള്‍ത്തടങ്ങളെ നനയ്ക്കുന്ന മിഴിനീര്‍ക്കണങ്ങളും ഈ കഥകളില്‍ കാണാം. 

മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി എന്ന മനോഹരമായ കഥയെ ഹൃദയനനവായി സൂക്ഷിക്കുന്ന കഥാകാരിയാണ്  കവിത സംഗീത്.

പ്രഥമ കഥാസമാഹാരത്തിന് എന്തു കൊണ്ട് ഇങ്ങനെയൊരു ശീര്‍ഷകം എന്ന ചോദ്യത്തിനു ലഭിച്ച മറുപടി ഹൃദയസ്പര്‍ശിയായിരുന്നു-

അച്ഛൻ നട്ട ഇലുമ്പിപൂമരം അദ്ദേഹം മരിച്ചതിനു ശേഷം ആണ്  പൂക്കുന്നത്, അതാണ് ഈ ശീര്‍ഷകം തിരഞ്ഞെടുത്തത്.

 'എൻ്റെ ബൾക്കീസ്', 'മുറ്റത്തെ ഇലിമ്പിമരം'  'കറുത്ത മൂക്കുത്തിയിട്ട മണ്ടിപ്പെണ്ണ്', മണലോരപ്രണയകഥ', 'തോമസ്സൂട്ടിക്ക് വെള്ളം കുടിക്കാം' തുടങ്ങിയ അഞ്ചു കഥകളാണ് ഈ സമാഹാരത്തിലുള്ളത്

കവിതാസംഗീതിന്‍റെ 'ഇലിമ്പിപ്പൂക്കൾ' നമുക്ക് തരുന്നത് കുറേ ജീവിത ദൃശ്യങ്ങളും ഒരുമയ്ക്കും സ്നേഹത്തിനും വേണ്ടിയുള്ള ആഗ്രഹവുമാണ്. 

കവിതയുടെ ജീവിതപ്രേമവും പൊയ്പ്പോയ കാലത്തെക്കുറിച്ചുള്ള സഹതാപാർദ്രമായ ചിന്തകളും ഇവിടെ തളിരിട്ട് ഒരു വസന്താഗമനത്തെക്കുറിച്ച് സൂചനകൾ തരുന്നു. ഈ കഥാകാരി തൻ്റെ നിഷ്‌കളങ്കതയുടെ വീക്ഷണം ഓരോ വരിയിലും നിറയ്ക്കുന്നു. കാലുഷ്യം, ദ്വേഷം, പക, അസ്സൂയ എന്നിവ  ഒരിടത്തുമില്ല. എല്ലാത്തിനെയും പ്രസാദാത്മകമായി സമീപിക്കാനുള്ള സിദ്ധി പ്രധാനമാണ്. ഈ കഥകൾ ഭാഷയിൽ നിന്നോ വായനയിൽ നിന്നോ ഉണ്ടായതല്ല; മനസ്സിലെ നിഷ്ക്കളങ്കമായ നിലാവലയില്‍ നിന്ന് ഉതിർന്നുവീണതാണ്. 

ഒരു കഥാകൃത്ത് സ്വന്തം മനസ്സിനെ കാണിച്ചുതരുന്നത് കഥാപാത്രങ്ങളിലൂടെയാണ്. എല്ലാ കഥാപാത്രങ്ങളെയും സ്നേഹിക്കാൻ എഴുത്തുകാരിക്ക് കഴിയുന്നു. ആരെയും കുറ്റപ്പെടുത്താതെ പോരടിക്കാൻ തുടങ്ങുന്ന കഥാതന്തുക്കളെ കഥാകാരി രമ്യതയിൽ ബന്ധിക്കുന്നു. ഇത് ആശ്വാസകരവും ആഹ്ളാദകരവുമായ ഒരു അനുഭവമാണ്. 

ഏതൊരു സംഭവവും ഇവിടെ കഥയായി രൂപാന്തരം പ്രാപിക്കുകയാണ്.  അതു നടന്നതാകട്ടെ, നടക്കാത്തതാകട്ടെ, വിചാരിച്ചാലുടനെ കഥയായി മാറും. നമ്മൾ അതിലേക്ക് സ്വന്തം മനസ്സുകൂടി ചേർത്തുവച്ചാണ് പരിശോധിക്കുന്നത്. അതു നമ്മുടെ വിധിയാണ്. 

ഇലിമ്പിപ്പൂക്കള്‍ക്ക് അവതാരിക എഴുതിയ പ്രശസ്ത സാഹിത്യനിരൂപകന്‍ എം.കെ.ഹരികുമാറിന്‍റെ ഈ നിരീക്ഷണം കവിതാസംഗീതിന്‍റെ കഥാഹൃദയത്തെ സ്പര്‍ശിക്കുന്നു.

നമുക്കു സ്വന്തമെന്നു പറയാൻ ഒന്നുമില്ലാത്ത ഈ ലോകത്തു എഴുത്തും അതിനെ സംബന്ധിച്ചുള്ള ആളുകളും മനസിനെ എന്തു മാത്രം ഉണർത്തിയെഴുനേല്‍പ്പിക്കുമെന്നറിയുമോ? എഴുത്തിലൂടെ തന്‍റെ ഈ ജീവിതദര്‍ശനം വായനകാരുമായി പങ്കു വയ്ക്കുകയാണ് കഥാകാരിയായ കവിതാ സംഗീത്. ഏറെ സന്തോഷത്തോടെ വായനക്കാരുടെ മനസ്സിലേക്ക് ഇലിമ്പിപ്പൂക്കൾ സമർപ്പിക്കുന്നു.

പ്രസാധകര്‍ - ബ്ലൂമാംഗോ ബുക്സ്

കവിത സംഗീത്