മാലദ്വീപ് സന്ദര്‍ശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികളില്‍ 33 ശതമാനം ഇടിവ്

മാലദ്വീപ് സന്ദര്‍ശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികളില്‍  33 ശതമാനം  ഇടിവ്

യതന്ത്ര തർക്കങ്ങള്‍ക്കിടെ മാലദ്വീപ് സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികളില്‍ വൻ ഇടിവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ 33 ശതമാനം കുറവുണ്ടായതായി മാലദ്വീപ് ടൂറിസം മന്ത്രാലയത്തിൻ്റെ കണക്കുകള്‍ ഉദ്ധരിച്ച്‌ മാലദ്വീപ് വെബ്‌സൈറ്റ് അദാധു റിപ്പോർട്ട് ചെയ്തു.

2023 മാർച്ചില്‍ 41,000-ത്തിലധികം ഇന്ത്യൻ വിനോദസഞ്ചാരികള്‍ മാലദ്വീപ് സന്ദർശിച്ചപ്പോള്‍ 2024 മാർച്ചില്‍ ഇത് 27,224 ആയി കുറഞ്ഞു. നയതന്ത്ര വിള്ളലുകള്‍ക്കൊപ്പം ലക്ഷദ്വീപ് ടൂറിസം വർധിപ്പിക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ പ്രവർത്തനങ്ങളും മാലദ്വീപ് ടൂറിസത്തില്‍ ഇടിവുണ്ടാക്കി എന്നാണ് കരുതുന്നത്.

2021 മുതല്‍ 23 വരെ വർഷങ്ങളില്‍ പ്രതിവർഷം രണ്ട് ലക്ഷത്തിലധികം വിനോദസഞ്ചാരികളുള്ള മാലദ്വീപിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് വിപണി ഇന്ത്യയായിരുന്നു. 2023 മാർച്ച്‌ വരെ, മാലദ്വീപിൻ്റെ വിനോദസഞ്ചാരത്തിൻ്റെ ഏറ്റവും വലിയ രണ്ടാമത്തെ സ്രോതസ്സായിരുന്നു ഇന്ത്യ. വിപണിയില്‍ 10 ശതമാനം വിഹിതമായിരുന്നു ഇന്ത്യക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്തേക്ക് താഴ്ന്നിട്ടുണ്ട്. ഒപ്പം വിപണി വിഹിതം ആറ് ശതമാനവുമായി.