ലാബ് ടെസ്റ്റ്: തനി നാടൻ; പോൾ ചാക്കോ
ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ ഓരോരോ ടെസ്റ്റുകള്‍ ഇങ്ങനെ മുടങ്ങാത് നടത്തിക്കൊണ്ടേ ഇരിക്കണം.......
ബീ. പി. ഒരു വഴിക്ക്...
കൊളസ്‌ട്രോള്‍ അങ്ങ് കൊമ്പത്ത്,
ഡയബറ്റിക്ക്‌സ് വേറെ ഒരു വഴിക്ക്...
തൈറോയിഡ്...
ലിസ്റ്റ് അങ്ങനെ പോകും. എല്ലാം കൂടി സംയോജിപ്പിച്ച് കൊണ്ടുപോകാന്‍ വല്യ പാടാ. അല്ലെങ്കില്‍ നാലുനേരവും പച്ചവെള്ളം മാത്രം കുടിച്ചു ജീവിക്കണം. കൂടെ പച്ചിലയും തിന്നാം. ഒരുമാതിരി ആടുജീവിതം!
സമയാസമയം ഓയില്‍ ചേഞ്ചും ചെക്കപ്പും ഒക്കെ നടത്തി വീലും ചെക്ക് ചെയ്‌ത് ബ്രേക്കും മാറിയാല്‍ വണ്ടി കുറെ ഓടും.
എനിക്കന്ന് നാല്‍പത് കഴിഞ്ഞേ ഉള്ളു പക്ഷെ എല്ലാ വര്‍ഷവും ചെയ്യാറുള്ള ലാബ് വര്‍ക്ക് ചെയ്യാന്‍ ഡോക്ടര്‍ വീണ്ടും കുറിച്ചുതന്നു.
ഇനി ചെയ്യേണ്ടത് ആ കുറിപ്പുമായ് ലബോറട്ടറിയില്‍ എത്തുക എന്ന കര്‍ത്തവ്യമാണ്.
ലാബില്‍ വിളിച്ച് അറിയാവുന്ന ഭാക്ഷയില്‍ അപ്പോയിന്റ്‌മെന്റ് ഒക്കെ എടുത്തു.
വെറുതെ ചെന്നിട്ട് കാര്യമില്ല. തലേരാത്രി പന്ത്രണ്ട് മണിക്ക് ശേഷം ജലപാനംപാടില്ല. അല്ലെങ്കില്‍ തന്നെ പാതിരാക്ക് ശേഷം എനിക്ക് ജലപാനമില്ല. ഞാന്‍അതിന് മുന്‍പേ തന്നെ ഓഫാകും.
*
രാവിലെ പതിവുപോലെ ഞാന്‍ അതിവെളുപ്പിനെ ഏഴ് മണിക്ക് ഉണര്‍ന്നു...
ഉണര്‍ന്നപ്പഴെ ഭാര്യാജിയുടെ ഓര്‍മ്മപ്പെടുത്തല്‍ വന്നു...
'മനുഷ്യാ നിങ്ങള്‍ക്ക് ലാബ് ടെസ്റ്റ് ഉള്ളതാ.കാപ്പി വന്നിട്ട് കുടിച്ചാ മതി`
തിരുവായ്‌ക്ക് പണ്ടേ എതിര്‍വാ ഇല്ലല്ലോ. ഞാനൊന്നും മിണ്ടിയില്ല.
പല്ല് തേച്ചിട്ട് വായില്‍ വന്ന ഉമിനീര്‍ മാത്രം ഇറക്കി ഞാന്‍ ലാബിന്‍റെവെയിറ്റിംഗ് റൂമില്‍ ഇരുന്നു. ടെസ്റ്റ് കഴിഞ്ഞാല്‍ അടുത്തുള്ള ഡങ്കിന്‍ ഡോനട്ടില്‍ കയറി കാപ്പിയും ബേഗളും കഴിക്കുന്നത് മനസ്സില്‍ ധ്യാനിച്ചുകൊണ്ട്...
ഡങ്കിന്‍ ഡോനട്ടിലെ കാപ്പിക്കും ബേഗളിനും ഒക്കെ നല്ല വിലയാ. വിലയും ടാക്‌സും കൂടെ കൂട്ടിയാല്‍ അഞ്ചു ഡോളറോളം വരും. എന്‍റെ ഒരു ദിവസ്സത്തെ ഊണിന്‍റെ വിലയാ അത്.
രാവിലെ ഒരു കാപ്പി കുടിക്കാഞ്ഞാല്‍ ഉള്ള വിഷമം!
പാക്കിസ്ഥാനി മെഹബൂബ് ആണ് റിസപ്പ്‌ഷനിസ്റ്റ്. ഏതെടുത്താലും ഒരു ഡോളറിന് കിട്ടുന്ന കടയിലെ ജോലിക്കാരന്‍ കൂടിയാണ് അദ്ദേഹം. ഞാന്‍ മേല്‍പ്പറഞ്ഞ കടയിലെ ഒരു സ്ഥിരം സന്ദര്‍ശകന്‍ ആകയാല്‍ അങ്ങേര് എന്നെ പെട്ടെന്ന് തിരിച്ചറിഞ്ഞു.
നേരത്തെ വന്ന് വെയിറ്റ് ചെയ്യുന്ന ആളുകളെ അവഗണിച്ചുകൊണ്ട് മെഹബൂബ് എന്നെ കൈകാട്ടി വിളിച്ചു. സന്തോഷത്തോടെ ഞാന്‍ ഓടിച്ചെന്നു.
മെഹബൂബ് ആവശ്യപ്പെട്ടത് അനുസ്സരിച്ച് ഞാന്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് കാണിച്ചു, ഡോക്ടര്‍ എഴുതി തന്ന കുറുപ്പടി കാണിച്ചു.
അയാള്‍ എന്തെല്ലാമോ കമ്പ്യൂട്ടറില്‍ കുത്തിക്കുറിച്ചു.... എന്നിട്ട് ഹിന്ദിയില്‍ പറഞ്ഞു...
'താങ്കള്‍ ഏഴാം നമ്പര്‍ മുറിയില്‍ പോയി ഇരിക്കൂ. സമയം ആകുമ്പോള്‍ ടെക്‌നീഷ്യന്‍ വന്ന് കൂട്ടിക്കൊണ്ട് പൊക്കോളും`
അനുസ്സരണ ഉള്ള ഒരു കുഞ്ഞാടിനെ പോലെ ഞാന്‍ ഏഴാം നമ്പര്‍ മുറിയില്‍ പോയിരുന്നു.
കാര്യങ്ങള്‍ പണ്ടത്തെപോലെ അല്ല. എനിക്കിവിടെ ഇരുന്ന് ഫേസ് ബുക്ക്‌നോക്കാം, വാട്ട്‌സ്‌ആപ്പ് നോക്കാം...സിനിമാ ലോകത്തെ വാര്‍ത്ത വായിക്കാം...
നോര്‍ത്ത് കൊറിയ എപ്പൊ വേണേലും അമേരിക്കയില്‍ ബോംബിടാം, കാലിഫോര്‍ണിയയില്‍ തീ പടര്‍ന്ന് പിടിക്കുന്നു, ട്രമ്പ് അര്‍ത്ഥമില്ലാത്ത എന്തൊക്കെയോ ട്വീറ്റ് ചെയ്യുന്നു, മോഡി പതിവില്ലാതെ ഇന്ത്യയില്‍ എത്തി, പിറ്റേന്ന് തന്നെ പെട്രോള്‍ വില മൂന്നര രൂപ കൂടി...അങ്ങനെ ഓരോരോ വാര്‍ത്തകള്‍ ഞാന്‍ വായിച്ചുകൊണ്ടേ ഇരുന്നു.
ഏകദേശം പത്ത് മിനിട്ടായി കാണും...ജെന്നിഫര്‍ എന്ന് പേരുള്ള ഒരു ലാറ്റിനോ സ്‌ത്രീ വന്ന് എന്നെ അവരുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി
അവര്‍ എന്നെ ഒരു കസ്സേരയില്‍ ഇരുത്തി.
എന്നിട്ട് എന്‍റെ രക്തം ഊറ്റാനുള്ള വീപ്പകളുമായി തിരികെ വന്നു. എല്ലാം കൂടി കണ്ടാല്‍തോന്നും ന്യൂ യോര്‍ക്ക് സിറ്റിയില്‍ ഉള്ള എല്ലാര്‍ക്കും കുടിക്കാനുള്ള രക്തം എന്‍റെ ശരീരത്ത് നിന്നും ഊറ്റി എടുക്കാനുള്ള പുറപ്പാട് ആണെന്ന്.
ഏഴ് ട്യൂബില്‍ ജെന്നിഫര്‍ രക്തം ഊറ്റി. ഓരോ ട്യൂബ് നിറക്കുമ്പോഴും അവരുടെമുഖത്ത് രക്തദാഹം നിറഞ്ഞൊരു സംതൃപ്‌തി ഞാന്‍ ശ്രദ്ധിച്ചു...ഡ്രാക്കുളയുടെ പെങ്ങളുടെ മുഖത്ത് വിന്യസിച്ച അതേ ഭാവരസ്സം.
'ഹാവ് എ ഗുഡ് ഡേ` പറഞ്ഞ് ജെന്നിഫര്‍ കതകടച്ചു പക്ഷെ എനിക്കൊരു സംശയം. ടെസ്റ്റുകള്‍ക്ക് വേണ്ടത് എല്ലാം അവരുടെ കൈയില്‍ ഉണ്ടോ?
മൂത്രം?
അമേരിക്കയില്‍ വന്ന നാള്‍ മുതല്‍ എന്ത് ടെസ്റ്റ് നടത്താനും മൂത്രം അവര്‍ആവശ്യപ്പെട്ടിരുന്നു. ഒരു മടിയും കൂടാതെ അവര്‍ ചോദിക്കുന്നത്ര ഞാന്‍കൊടുത്തും പോന്നു...
പക്ഷെ ഇതിപ്പോ...!
പരിഭവിച്ചിട്ട് കാര്യമില്ല. മനുഷ്യനല്ലേ. മറന്നതാവും.
ഞാന്‍ തിരികെ വണ്ടിയില്‍ പോയി വെള്ളം കുടിച്ചേച്ച് വച്ചിരുന്ന ഒരു കാലിബോട്ടില്‍ എടുത്തോണ്ട് വന്നു. എന്നിട്ട് യാതൊരു ലുബ്ദും കാണിക്കാതെ സംഭവംനിറച്ച് ജെന്നിഫരുടെ മുറിയുടെ വാതിലില്‍ തട്ടി.
'വാട്ട് ഈസ് ദിസ്`
'മൈ യൂറിന്‍..`
തന്‍റെ തെറ്റ് മനസ്സിലാക്കിയ ജെന്നിഫര്‍ തന്നെ വാരിപ്പുണരുകയും നന്ദികൊണ്ട് പൊതിയുകയും ചെയ്യുന്ന രംഗം ഞാന്‍ മനസ്സില്‍ വിഭാവന ചെയ്‌തു. അത്‌നിധി കിട്ടിയത് പോലെ മേടിച്ചു സൂക്ഷിക്കും എന്നാണ് ഞാന്‍ കരുതിയത് പക്ഷെ ഡോക്ടര്‍ തന്ന കുറിപ്പ് ഒന്നുകൂടി വായിച്ചു നോക്കിയിട്ട് അവര്‍ നിര്‍ദാക്ഷിണ്യം പറഞ്ഞു
'ഐ ഡോണ്ട് നീഡ് യുവര്‍ യൂറിന്‍ ദിസ് ടൈം`
ഞാന്‍ ഒരു നിമിഷം തരിച്ചുനിന്നു.
മൂത്രം വേണ്ടാന്നോ...അത് നല്ല കളി.
''ചെക്ക് എഗൈന്‍. ഐ ഗിവ് യൂറിന്‍ ഓള്‍ ദി ടൈം''
മുഖം പോലും ഉയര്‍ത്താതെ ജെന്നിഫര്‍ പറഞ്ഞു ''നോട്ട് ദിസ് ടൈം''
ദുഖിതനായ ഞാന്‍ പരിസ്സരബോധം വീണ്ടെടുത്ത് ചോദിച്ചു..
'സോ...വാട്ട് ഡു ഐ ഡു വിത്ത് ദിസ്?`
അവള്‍ ഒന്ന് പാളി നോക്കിയിട്ട് കതകടച്ചു.
ഒരു കുപ്പി നിറയെ മൂത്രം ഒരു വിദേശീയ സ്‌ത്രീയുടെ
നേരെ നീട്ടി പിടിക്കുകയും അവര്‍ അത് നിര്‍ദാക്ഷിണ്യം നിരസ്സിക്കുകയും ചെയ്‌താലുണ്ടാവുന്ന മാനസികാവസ്ഥ!
അത് അനുഭവിച്ചാലേ മനസ്സിലാകൂ
വാല്‍ കഷണം: ഈയിടെ ആയി ചോദിച്ചാലും ഞാന്‍ മൂത്രം കൊടുക്കാറില്ല