രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം; വി. കുഞ്ഞികൃഷ്ണനെ പുറത്താക്കി സിപിഎം
കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയ കണ്ണൂർ സിപിഎം ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷാണ് കുഞ്ഞികൃഷ്ണനെ പുറത്താക്കിയ വിവരം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.
കുഞ്ഞികൃഷ്ണൻ തെറ്റായ കാര്യങ്ങൾ ഉന്നയിച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നും അദ്ദേഹത്തിന്റെ നിലപാട് ശരിയല്ലെന്നും കെ.കെ രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി ശത്രുക്കളുടെ കോടാലിക്കൈയായി കുഞ്ഞികൃഷ്ണൻ മാറിയെന്നും രാഗേഷ് പറഞ്ഞു. തിങ്കളാഴ്ച നടന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിനു ശേഷമാണ് പാർട്ടി സെക്രട്ടറി നടപടി അറിയിച്ചത്.
ഞായറാഴ്ച കണ്ണൂരിൽ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ കുഞ്ഞികൃഷ്ണനെ പുറത്താക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ചിരുന്നു എന്നാണ് വിവരം. എം.വി ജയരാജൻ, പി. ജയരാജൻ, ഇ.പി ജയരാജൻ തുടങ്ങിയ സംസ്ഥാന നേതാക്കൾ പങ്കെടുത്ത യോഗത്തിൽ ആയിരുന്നു തീരുമാനം.
ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്തതാണ് ഈ പരസ്യ പ്രസ്താവനയാണെന്നാണ് പാർട്ടി വിലയിരുത്തിയത്. പാർട്ടിയെ തകർത്തുകൊണ്ട് തിരുത്തുക എന്നതാണ് കുഞ്ഞികൃഷ്ണന്റെ നിലപാട്. ഉചിതമായ തീരുമാനം പാർട്ടി ജില്ലാ കമ്മിറ്റി എടുക്കുമെന്ന് ജയരാജൻ വ്യക്തമാക്കിയിരുന്നു.