കൊച്ചി -ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി ഉടൻ പ്രവര്‍ത്തനമാരംഭിക്കും: മന്ത്രി രാജീവ്

കൊച്ചി -ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി ഉടൻ പ്രവര്‍ത്തനമാരംഭിക്കും: മന്ത്രി  രാജീവ്

പാലക്കാട് : ജില്ലയുടെ മുഖച്ഛായ മാറ്റുന്ന കൊച്ചി ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി ഉടൻ പ്രവര്‍ത്തനമാരംഭിക്കുമെന്ന് നിയമം, വ്യവസായം, കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് . തൃത്താല മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയില്‍ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, ഡിജിറ്റല്‍ സയൻസ് പാര്‍ക്ക് എന്നിവ കേരളത്തിലാണ്. വിദ്യാര്‍ത്ഥികളുടെ കണ്ടെത്തലുകള്‍ ശരിയായ രീതിയില്‍ വ്യാവസായികമായി മാറ്റുന്നതിന് വേണ്ട സൗകര്യം ഒരുക്കുകയാണ് സര്‍ക്കാറെന്ന് മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രായോഗികമാക്യങ്ങള്‍ വരുത്താൻ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യത്തെ ഗ്രീൻ ഇന്നവേറ്റീവ് സെന്റര്‍ പാലക്കാട് ആണ് ആരംഭിക്കാൻ പോകുന്നത്. ആദ്യ സ്വകാര്യ വ്യവസായ പാര്‍ക്കും പാലക്കാടാണ്.

പ്രസവ സമയത്ത് രക്തസ്രാവം മൂലം ഉണ്ടാവുന്ന മരണം ഒഴിവാക്കുന്നതിനുള്ള ഉപകരണം, കിടപ്പ് രോഗികള്‍ക്ക് ആവശ്യമായ കിടപ്പുപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന യൂണിറ്റുകള്‍ പാലക്കാടാണ് വരുന്നത്. തൃത്താല മണ്ഡലത്തില്‍ ഏറെക്കാലമായി പ്രശ്നത്തിലുണ്ടായിരുന്ന മൂന്ന് കോളനികളുടെ പ്രശ്നം പരിഹരിച്ചതിന് ഈ നാട് തദ്ദേശസ്വയംഭരണ എക്സൈസ് മന്ത്രിയായ എം.ബി രാജേഷിന് നന്ദി പറയുകയാണെന്നും മന്ത്രി പറഞ്ഞു.