ദേവഗൗഡയുടെ മകന്‍ രേവണ്ണയ്ക്കും ചെറുമകന്‍ പ്രജ്വലിനുമെതിരെ ലൈംഗികാതിക്രമ പരാതി: പ്രജ്വല്‍ രേവണ്ണയെ സസ്‌പെൻഡ് ചെയതു

ദേവഗൗഡയുടെ മകന്‍  രേവണ്ണയ്ക്കും ചെറുമകന്‍ പ്രജ്വലിനുമെതിരെ ലൈംഗികാതിക്രമ പരാതി: പ്രജ്വല്‍ രേവണ്ണയെ   സസ്‌പെൻഡ് ചെയതു

ബെംഗളൂരു: ലൈംഗികാരോപണത്തെത്തുടർന്ന്  ജെഡിഎസ് അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന എച്ച്‌ ഡി ദേവഗൗഡയുടെ ചെറുമകനും  ജെ.ഡി.എസ്. എം.പി.യും ഹാസന്‍ ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

ഹുബ്ബള്ളിയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗമാണ് പ്രജ്വലിനെ സസ്‌പെൻഡ് ചെയ്തത്. സസ്പെന്‍ഷന്‍ കാലയളവ് എസ്‌ഐടി അന്വേഷണത്തിന്റെ ദൈര്‍ഘ്യത്തെ ആശ്രയിച്ചിരിക്കുമെന്ന് ജെഡിഎസ് നേതൃത്വം അറിയിച്ചു.

  ദേവഗൗഡയുടെ മകനും ചെറുമകനുമെതിരെ പീഡനക്കേസ് വന്നത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് പാർട്ടിക്കുള്ളില്‍ വഴി തെളിച്ചിരിക്കുന്നത്. ഇരുവരെയും പുറത്താക്കണമെന്ന് എം.എല്‍.എ.മാര്‍ പരസ്യമായി ആവശ്യപ്പെട്ടതോടെയാണ് നടപടിയെടുത്തത്.  ''ജോലിയില്‍ പ്രവേശിച്ച്‌ നാല് മാസം കഴിഞ്ഞപ്പോഴേക്കും രേവണ്ണ അദ്ദേഹത്തിന്റെ മുറിയിലേക്ക് എന്നെ വിളിക്കാന്‍ തുടങ്ങി. ആ വീട്ടില്‍ വേറെ ആറ് സ്ത്രീകള്‍ ജോലി ചെയ്തിരുന്നു. പ്രജ്വല്‍ വീട്ടിലേക്ക് എത്തിക്കഴിഞ്ഞാല്‍ തങ്ങള്‍ക്ക് ഭയമാണെന്ന് അവര്‍ പറയുമായിരിന്നു. കരുതിയിരിക്കണമെന്ന് വീട്ടിലെ പുരുഷന്‍മാരായ ജോലിക്കാര്‍ സ്ത്രീകളോട് പറയാറുണ്ടായിരുന്നുവെന്നും'' പരാതിക്കാരി പറഞ്ഞു. എച്ച്‌ഡി രേവണ്ണയുടെ വീട്ടിലെ വീട്ടുജോലിക്കാരിയാണ് പരാതിക്കാരി  .

ഹസ്സന്‍ മണ്ഡലത്തില്‍ നിന്നുള്ള എംപി കൂടിയാണ് പ്രജ്വല്‍ രേവണ്ണ. ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായാണ് ഇദ്ദേഹം ഹസ്സന്‍ മണ്ഡലത്തില്‍ മത്സരിച്ചത്. ഏപ്രില്‍ 26നായിരുന്നു ഇവിടുത്തെ തെരഞ്ഞെടുപ്പ്. ഇക്കഴിഞ്ഞ വര്‍ഷമാണ് ജെഡിഎസ് എന്‍ഡിഎയുമായി സഖ്യത്തിലായത്. 

 എച്ച്‌ഡി രേവണ്ണയും  പ്രജ്വലും  വീട്ടില്‍ ജോലിയ്ക്ക് നില്‍ക്കുന്ന സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുമായിരുന്നുവെന്ന്    പരാതിയില്‍ പറയുന്നു.നാല് മാസത്തോളമാണ് ഇവര്‍ക്ക് കീഴില്‍ ജോലി ചെയ്തതെന്നും അക്കാലയളവില്‍ രേവണ്ണ ഇടയ്ക്കിടെ അദ്ദേഹത്തിന്റെ മുറിയിലേക്ക് തന്നെ വിളിപ്പിക്കുമായിരുന്നുവെന്നും പരാതിക്കാരി പോലീസിനോട് പറഞ്ഞു. മുൻപ് പ്രജ്വലിന്റേതെന്ന് പറയുന്ന 2500 ലധികം അശ്ലീല വീഡിയോകളാണ് പുറത്തിറങ്ങിയത്. ഇത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.