കലാലോകത്തെ ഏറ്റവും സ്വാധീനമുള്ള 'ആര്‍ട്ട് റിവ്യൂ' പട്ടികയില്‍ ബോസ് കൃഷ്ണമാചാരി

കലാലോകത്തെ ഏറ്റവും സ്വാധീനമുള്ള 'ആര്‍ട്ട് റിവ്യൂ' പട്ടികയില്‍ ബോസ് കൃഷ്ണമാചാരി

കൊച്ചി: അന്താരാഷ്ട്ര പ്രശസ്‌തവും ആധികാരികവുമായ ആര്‍ട്ട് റിവ്യൂ മാഗസിൻ തെരഞ്ഞെടുത്ത കലാമേഖലയുമായി ബന്ധപ്പെട്ട് ലോകത്തെ ഏറ്റവും സ്വാധീനശേഷിയുള്ള നൂറു വ്യക്തിത്വങ്ങളുടെ - പവര്‍ 100 - പട്ടികയില്‍ കൊച്ചി ബിനാലെ സ്ഥാപകനും പ്രസിഡന്റുമായ ബോസ് കൃഷ്ണമാചാരി ഇടംപിടിച്ചു.

ആര്‍ട്ടിസ്റ്റുകളും ചിന്തകരും കുറേറ്റര്‍മാരും ഗാലറിസ്റ്റുകളും മ്യൂസിയം ഡയറക്‌ടര്‍മാരും കലക്‌ടര്‍മാരും തുടങ്ങി സമകാലീന കലാരംഗത്തെ എല്ലാ തലങ്ങളിലുമുള്ളവരും ഉള്‍പ്പെട്ട പട്ടികയില്‍ മുപ്പത്തിയെട്ടാം സ്ഥാനമാണ് ബോസ് കൃഷ്ണമാചാരിക്ക്.

ആഗോളകലയുടെ പ്രാദേശിക തല സമന്വയം സാധ്യമാക്കുന്ന കൊച്ചി ബിനാലെയുടെ ചാലകശക്തിയായ ബോസ് കൃഷ്ണാമാചാരിയുടെ സമീപനങ്ങളിലെ പുരോഗമനപരമായ വ്യതിരിക്തത ആര്‍ട്ട് റിവ്യൂ പ്രത്യേകം പരാമര്‍ശിക്കുന്നു. കലയുടെ ജനാധിപത്യവത്കരണം അദ്ദേഹത്തിന്റെ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടാണ്. സംസ്ഥാന സര്‍ക്കാരിന്റെ 'കേരളീയം' പരിപാടിയുടെ ഭാഗമായി ബോസ് കൃഷ്ണമാചാരി ക്യൂറേറ്റ് ചെയ്‌ത പ്രദര്‍ശനങ്ങള്‍ ഇതിനു സാക്ഷ്യമാണെന്നും ആര്‍ട്ട് റിവ്യൂ പറയുന്നു. നാഡീവൈവിധ്യമുള്ള കലാകാരന്മാരുടെ പ്രദര്‍ശനത്തെ കുറിച്ച്‌ പ്രത്യേക പരാമര്‍ശിക്കുന്നു.