ന്യൂയോർക്ക് കേരളാ സമാജം ഓണാഘോഷം വർണ്ണ ശബളമായി നടത്തി

Sep 14, 2025 - 19:53
Sep 14, 2025 - 19:55
 0  3
ന്യൂയോർക്ക് കേരളാ സമാജം ഓണാഘോഷം വർണ്ണ ശബളമായി നടത്തി

മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്:  അമേരിക്കയിലെ ഏറ്റവും പുരാതന മലയാളീ സംഘടനയായ അൻപത്തിമൂന്ന് വർഷം  പൂർത്തിയാക്കുന്ന കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് ഈ വർഷത്തെ ഓണാഘോഷവും ഓണ സദ്യയും വർണ്ണാഭമായി നടത്തി. ചെണ്ടമേളത്തിൻറെയും താലപ്പൊലിയുടെയും അകമ്പടിയോടെ  മാവേലിയെ  എഴുന്നെള്ളിച്ച് എൽമോണ്ടിലുള്ള വിൻസെൻറ് ഡീപോൾ മലങ്കര കത്തോലിക്കാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ നടത്തിയ ഘോഷയാത്രയെ ഹർഷാരവത്തോടെയാണ്  കാണികൾ സ്വീകരിച്ചത്.

സമാജം പ്രസിഡൻറ് സജി എബ്രഹാം, സെക്രട്ടറി മാത്യുക്കുട്ടി ഈശോ, ട്രഷറർ വിനോദ് കെയാർകെ, ട്രസ്ടീ ബോർഡ് ചെയർമാൻ വിൻസെന്റ് സിറിയക്, വൈസ് പ്രസിഡൻറ് ബെന്നി ഇട്ടിയേറ, ജോയിന്റ് സെക്രട്ടറി ജോസി സ്കറിയ, മുഖ്യാതിഥികളായ പാലാ എം.എൽ.എ മാണി സി. കാപ്പൻ, വേദ പണ്ഡിതൻ രാജീവ് ഭാസ്കർ, സമാജം മുൻ പ്രസിഡൻറ്മാരായ ഡോ. ജേക്കബ് തോമസ്, സണ്ണി പണിക്കർ, വർഗ്ഗീസ് പോത്താനിക്കാട്, ചാക്കോ കോയിക്കലത്ത്, വർഗ്ഗീസ്  കെ. ജോസഫ്, ഫിലിപ്പോസ് കെ. ജോസഫ്, സിബി ഡേവിഡ്, സമാജം പ്രഥമ പ്രസിഡൻറ് പ്രൊഫ. ജോസഫ് ചെറുവേലി, പ്രസിഡന്റ്‌സ്‌ ഫോറം കോഓർഡിനേറ്റർ ഷാജു സാം, കമ്മറ്റി അംഗങ്ങളായ മാമ്മൻ എബ്രഹാം, ബാബു പാറക്കൽ, തോമസ് വർഗ്ഗീസ്, ജോയ്‌സൺ വർഗ്ഗീസ്, ഫോമാ നാഷണൽ ജോയിന്റ് സെക്രട്ടറി പോൾ പി. ജോസ്, ഫൊക്കാനാ മുൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ, ഫൊക്കാന നാഷണൽ കമ്മറ്റി അംഗങ്ങളായ ലീലാ മാരേട്ട്, മേരി ഫിലിപ്പ്, മേരിക്കുട്ടി മൈക്കിൾ, ഫോമാ നേതാക്കളായ ലാലി കളപ്പുരക്കൽ, എബ്രഹാം ഫിലിപ്പ്, പള്ളി വികാരി ഫാദർ നോബി അയ്യനേത്ത്, മറ്റ് കമ്മറ്റി അംഗങ്ങൾ ട്രസ്റ്റീ ബോർഡ് അംഗങ്ങൾ തുടങ്ങിയവരും മറ്റ് വിശിഷ്ട വ്യക്തികളും ഘോഷയാത്രക്ക് നേതൃത്വം നൽകി.

കേരളത്തനിമയെ വിളിച്ചോതുന്ന അതി മനോഹരമായ അത്തപ്പൂക്കളവും, നിറപറയും, നിറകതിരും, നിലവിളക്കും, തിരുവാതിരയും, മോഹിനിയാട്ടവും, കുച്ചുപ്പുടിയും, ഭരതനാട്യവും, ചെണ്ടമേളവും, മഹാബലിയും, ഓണപ്പാട്ടുകളും, പതിനെട്ടു കൂട്ടം കറികളുമായി വിഭവസമൃദ്ധമായ രുചിയേറിയ സദ്യയും, മൂന്നുകൂട്ടം പായസവും എല്ലാം അണിനിരന്നപ്പോൾ പങ്കെടുത്തവർക്ക് ഏവർക്കും ശരിയായ ഗൃഹാതുരത്വ അനുഭവം നൽകുന്നതായിരുന്നു സമാജം ഓണാഘോഷം.

നാട്ടിൽ ചെറുപ്പകാലങ്ങളിൽ ഓണം കൊണ്ടാടിയ പ്രതീതി ജനിപ്പിക്കുന്നതായിരുന്നു പരിപാടികൾ മുഴുവൻ. സാധാരണയായി എല്ലാ ചടങ്ങുകളിലും നടത്താറെന്നതുപോലെ ആഘോഷം ഉദ്ഘാടനം ചെയ്ത മുഖ്യാതിഥികളായ  എം. എൽ. എ. ശ്രീ. മാണി സി. കാപ്പനും മുഖ്യ പ്രഭാഷകനായ ശ്രീ. രാജീവ് ഭാസ്കരനും, മാവേലിയും, സംഘടനാ ചുമതലക്കാരും മറ്റ് കമ്മറ്റി അംഗങ്ങളും ട്രസ്റ്റീ ബോർഡ് അംഗംങ്ങളും വിശിഷ്ട വ്യക്തികളുമെല്ലാം ചേർന്ന് വേദി നിറഞ്ഞു നിന്ന് സമ്പൽ സമൃദ്ധിയുടെ  പ്രതീകമായി നിറപറയുടെ പിന്നിൽ വച്ച നിലവിളക്ക് കൊളുത്തിയപ്പോൾ അത് തിന്മയെ അകറ്റി നന്മയെ  വീണ്ടും പ്രദാനം ചെയ്യുന്ന കേരളാ പൈതൃകത്തിൻറെയും പ്രൗഢിയുടെയും  തനിപ്പകർപ്പായിരുന്നു.

അമേരിക്കൻ നാഷണൽ ആന്തത്തിനും സോമി മാത്യു ആലപിച്ച ഇന്ത്യൻ ദേശീയ ഗാനത്തിനും ശേഷം സെക്രട്ടറി മാത്യുക്കുട്ടി ഈശോ സദസ്സിലുള്ള എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്തു. പിന്നീട് സമാജം പ്രസിഡൻറ് സജി എബ്രഹാം ഏവർക്കും ഓണാശംസകൾ നേർന്ന് സമാജത്തിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തി സംസാരിച്ചു. വൈസ് പ്രസിഡൻറ് ബെന്നി ഇട്ടിയേറ മുഖ്യാതിഥിയെ സദസ്സിന് പരിചയപ്പെടുത്തി. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്സവമായ ഓണം നാട്ടിൽ ഒന്നോ രണ്ടോ ദിവസം ആഘോഷിക്കുമ്പോൾ അമേരിക്കയിൽ ഏകദേശം ഒരു മാസത്തോളം മാവേലിയെ വിവിധ സ്ഥലങ്ങളിലായി സന്ദർശിപ്പിച്ചുകൊണ്ട് ഓണാഘോഷം നടത്തുന്നു എന്നത് സന്തോഷകരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മാണി സി. കാപ്പൻ പറഞ്ഞു. ഇലക്ട്രിക്ക് ബൾബ് കണ്ടുപിടിച്ച തോമസ് എഡിസൻറെ ജീവിത കഥ ചുരുങ്ങിയ വാക്കുകളിൽ അവതരിപ്പിച്ച് സ്നേഹവും സാഹോദര്യവും നൽകുന്നതിനൊപ്പം ഓണക്കലത്ത് മറ്റുള്ളവർക്ക് പോസിറ്റീവ് എനെർജിയും നല്കുന്നതായിരിക്കണം ഓണാഘോഷം എന്ന് മാണി സി. കാപ്പൻ ഉദ്‌ബോധിപ്പിച്ചു.

ഓണ സന്ദേശം നൽകിയ രാജീവ് ഭാസ്കരൻ മലയാളികളുടെ ദേശാടനത്തിന്റെയും പ്രവാസത്തിന്റെയും പശ്‌ചാത്തലങ്ങൾ വിവരിച്ച് സമാജം എന്ന പൈതൃകവും പ്രൗഢിയും നിറഞ്ഞ വാക്ക് ഈ സംഘടനക്ക് തികച്ചും അനുയോജ്യമാണ് എന്ന സന്ദേശമാണ് പങ്കു വച്ചത്. കേരളാ പ്രൗഢി നിലനിർത്തി ഇനി പതിറ്റാണ്ടുകൾ മുന്നേറാൻ കേരളാ സമാജത്തിനു സാധിക്കട്ടെ എന്ന് 53 വർഷം മുൻപ് ഇങ്ങനെ ഒരു സംഘടനക്ക് രൂപം കൊടുത്ത പ്രൊഫ. ജോസഫ് ചെറുവേലി സാറിനെ സാക്ഷ്യം നിർത്തി രാജീവ് ഭാസ്കരൻ ഓണ സന്ദേശം നൽകിയപ്പോൾ അത് ചരിത്ര നിമിഷമായി. ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ വിൻസെന്റ് സിറിയക്കിന്റെയും കമ്മറ്റി അംഗമായ ലീലാ മാരേട്ടിന്റെയും പ്രസിഡന്റ്‌സ്‌ ഫോറം കോർഡിനേറ്റർ ഷാജു സാമിന്റെയും ആശംസകൾ ആഘോഷത്തിന് മാറ്റുകൂട്ടി.

കലാതരംഗിണി ഡോ. റിയ ജോണിൻറെ നേതൃത്വത്തിലുള്ള കലാ ഹാർട്സ് ഡാൻസ് സ്‌കൂളിലെ കലാകാരിയുടെ തിരുവാതിരയും, മോഹിനിയാട്ടവും, കുച്ചുപ്പുടിയും ചേർന്ന ഫ്യൂഷൻ ഡാൻസ് അതി മനോഹരമായിരുന്നു. പ്രശസ്‌ത സിനിമാനടി ആശാ ശരത്തിൻറെ ശിക്ഷണത്തിൽ ഓൺലൈനിലൂടെ ഡാൻസ് പഠിച്ചെടുത്ത  ഒൻപതാം ക്‌ളാസ്സുകാരിയായ പുതു തലമുറ കലാകാരി കെയ്‌റ്റിലിൻ വർഗീസിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഭരതനാട്ട്യ പ്രകടനം എല്ലാവരെയും അതിശയിപ്പിച്ചു. ഫിലാഡെൽഫിയയിൽ താമസക്കാരിയായ കെയ്‌റ്റിലിൻ മാതാപിതാക്കൾക്കൊപ്പം സമാജത്തിന്റെ ഓണാഘോഷത്തിൽ പങ്കെടുത്ത് ഭാരതനാട്ട്യം അതിമനോഹരമായി അവതരിപ്പിച്ചത് തികച്ചും അഭിനന്ദനാർഹമായിരുന്നു. ഗായിക സോമി മാത്യുവും യുവ ഗായകനായ പ്രേംകൃഷ്ണനും അവതരിപ്പിച്ച ഓണപ്പാട്ടുകൾ ഏവർക്കും മനസ്സിന് കുളിർമ്മ നൽകുന്നതായിരുന്നു. മുൻ പ്രസിഡൻറ് സിബി ഡേവിഡ് അവതാരകനായി പരിപാടികൾ അതിഗംഭീരമായി നിയന്ത്രിച്ചു. അൻപതു വർഷം  തുടർച്ചയായി മാവേലി വേഷം കെട്ടിയ അപ്പുപിള്ളക്ക് ഗിന്നസ്സ് റെക്കോർഡിൽ ഇടം ലഭിക്കാനിടയാകട്ടെ എന്ന് എല്ലാവരും ആശംസിച്ചു. കെ.സി.എ.എൻ.എ-യുടെ ചെണ്ട ടീം ശ്രവണ സുന്ദര ചെണ്ട മേളം അവതരിപ്പിച്ചു.

കമ്മറ്റി അംഗമായ ഹേമചന്ദ്രനും സഹധർമ്മിണി ശ്രീദേവിയും  ചേർന്ന് ഒരുക്കിയ അതിമനോഹര പൂക്കളം ഏവർക്കും നയനമനോഹരമായിരുന്നു. കമ്മറ്റി അംഗങ്ങളായ  ജോസി സ്കറിയ, തോമസ് പ്രകാശ്, ഹേമചന്ദ്രൻ, സമാജം അംഗങ്ങളായ  ജോർജ്, ബിഞ്ചു ജോൺ  എന്നിവരുടെ നേതൃത്വത്തിൽ കലവറ നിയന്ത്രിച്ച് സമയാസമയം വിഭവങ്ങൾ ഇലകളിലെത്തിച്ചതിനാൽ ഭക്ഷണം കഴിച്ചവർക്കെല്ലാം സംതൃപ്തിയായിരുന്നു. ബോർഡ് ഓഫ് ട്രസ്റ്റീ അംഗം കൂടിയായ ഫിലിപ്പോസ് കെ. ജോസഫിന്റെ (ഷാജി) ഉടമസ്ഥതയിലുള്ള ദിൽബാർ ഇന്ത്യൻ റെസ്റ്റോറന്റിൽ  നിന്നും  തയ്യാറാക്കി വിളമ്പിയ സ്വാദിഷ്ടമായ ഓണ സദ്യ എല്ലാവരും വയറു നിറയെ ഭക്ഷിച്ച് തൃപ്തരായി. പ്രേംസി ജോണിന്റെ നേതൃത്വത്തിലുള്ള പട്ടുസാരികളുടെയും കാഞ്ചീപുരം ബനാറസ് സാരികളുടെയും കേരളാ സെറ്റ് സാരികളുടെയും സ്റ്റാളിൽനിന്നും ഏവർക്കും വിവിധയിനം ഡ്രെസ്സുകൾ വാങ്ങുവാനുള്ള അവസരമായി. കഥകളിയുടെയും കേരളാ പ്രകൃതിമനോഹാരിതയുടെയും പശ്ചാത്തലത്തിലുള്ള ഫോട്ടോ ബൂത്തിൽ സൗജന്യമായി ജോസഫ് കുമ്പനാട് ഏവർക്കും ഫോട്ടോ എടുത്ത് നൽകി. എന്തുകൊണ്ടും അതിമനോഹരമായ ഓണാഘോഷം അടുത്ത വർഷം വീണ്ടും ആഘോഷിക്കുവാൻ അവസരം ലഭിക്കട്ടേയെന്ന് പരസ്പരം ആശംസിച്ച് നിറമനസ്സോടെ ഏവരും പിരിഞ്ഞു.