കാഴ്ച : കവിത, ടോബി തലയൽ 

കാഴ്ച :  കവിത, ടോബി തലയൽ 

 

 

ടോബി തലയൽ 

 

ചേരയുടെ വായിലിരുന്ന് 
തവള ആകാശം കണ്ടു, ആദ്യമായി 
മരക്കൊമ്പിൽ ഞാന്നു കിടക്കുന്ന 
നക്ഷത്രപ്പൂക്കളെ കണ്ടു 
പാൽപ്പുഴയിൽ കുളിക്കുന്ന 
ചന്ദ്രികയെ കണ്ടു 
പാടവരമ്പത്തൂടെ 
കാറ്റിന് വഴികാട്ടുന്ന 
മിന്നാമിന്നിയെ കണ്ടു 
മുടിയഴിച്ചിട്ട് 
ചുവടുവെയ്ക്കാനായുന്ന  
തരുണമാം തരുനിരകൾ കണ്ടു
സാവേരി കേട്ട്
ചെവിയാട്ടി കരിമ്പനകൾ 
താളംപിടിക്കുന്നതു കണ്ടു
''അരുത്, എന്നെ വിഴുങ്ങരുത്"
തവളക്കണ്ണുകളിൽ 
നിലാവ് വീണ് പിടഞ്ഞു 
“ഒരുനിമിഷമെങ്കിലും 
കണ്ടോട്ടെ ഞാനിവയൊക്കെ...” 
തവളയുടെ തൊണ്ടയിൽ 
വാക്കുകളുടെ തടയണ പൊട്ടി 
"വെറുമൊരു കിണറ്റിലെത്തവള
ആയിരുന്നില്ലല്ലോ നീ 
എന്നിട്ടുമെന്തേ ഈ കാഴ്ച്ചകളൊന്നും 
ഇതുവരെ കാണാതിരുന്നു?"
ചേര മാളത്തിന്റെ സുരക്ഷിതത്വത്തിലേക്ക് 
ഇഴഞ്ഞു കയറി 
തവളയുടെ കണ്ണുകളിൽ 
ഇരുട്ടുവന്ന് മൂടി
ഒരു കാർമേഘം ആകാശത്തെ വിഴുങ്ങി!