മഹാദേവന്‍: കഥ

മഹാദേവന്‍: കഥ

 



ഹാദേവന്‍ ഒരു വിദ്യാസമ്പന്നനായ ചെറുപ്പക്കാരന്‍ ആയിരുന്നു. കാണാനും
തരക്കേടില്ല. എന്നാല്‍ അയാളുടെ മുന്‍വരിയിലത്തെ മുകളിലുള്ള പരന്ന രണ്ട്‌
പല്ലുകളില്‍ ഒന്നിന്‍റെ അഗ്രം അല്‍പം ഉടഞ്ഞത്‌ പോലെ ഒരു വിടവ്‌
കാണപ്പെട്ടിരുന്നു. തീരെ പാവപ്പട്ട കുടുംബമായിരുന്നില്ല മഹാദേവന്‍റേത്‌. അത്‌
കൊണ്ടു തന്നെ കൂലിപ്പണിക്ക്‌ പോകുവാന്‍ അയാള്‍ക്ക്‌ തെല്ലും
താല്‍പര്യമില്ലായിരുന്നു.

പത്താം ക്ലാസ്സ്‌ കഴിഞ്ഞ്‌ ടൈപ്‌ റൈറ്റിംഗും ഷോര്‍ട്ട്‌
ഹാന്‍ഡും പഠിച്ച മഹാദേവന്‍റെ സ്വപ്‌നം ഒരു സര്‍ക്കാര്‍ ജോലി ആയിരുന്നു. പി
എസ്‌ സി പരീക്ഷകള്‍ എഴുതി എഴുതി കുറച്ചു കാലം കഴിഞ്ഞു. ഒടുവില്‍ ഒരു
പ്രൈവറ്റ്‌ സ്ഥാപനത്തിലെ ടൈപ്പിംഗ്‌ ക്ലേര്‍ക്കായി ഒതുങ്ങി.
അധികം താമസിയാതെ തന്നെ വീട്ടുകാര്‍ മഹാദേവനെ കൊണ്ട്‌ കല്യാണവും
കഴിപ്പിച്ചു.


ഗ്രാമത്തില്‍ നിന്നും രണ്ട്‌ ബസ്‌ കയറി വരണമായിരുന്നു മഹാദേവന്‌ നഗരത്തിലെ
ജോലി സ്ഥലത്തെത്താന്‍. മേലുദ്യോഗസ്ഥനായ ജയിംസ്‌ സാറായിരുന്നു
കണക്കുകളും കാര്യങ്ങളും നോക്കിയിരുന്നത്‌. സ്വതവേ ഒരു പേടിത്തൊണ്ടന്‍
കൂടിയായിരുന്ന മഹാദേവനില്‍ ആദ്യ ദിനങ്ങളില്‍ തന്നെ ജയിംസ്‌ മാനസ്സികമായ
ആധിപത്യം സ്ഥാപിച്ചു. അന്നു മുതലേ അയാള്‍ക്ക്‌ ജയിംസിനെ ഭയവുമായിരുന്നു.


ജയിംസിനെ കൂടാതെ രാഘവേന്ദ്രന്‍ എന്ന ഒരു ഓഫീസ്‌ മാനേജരും
മഹാദേവനുണ്ടായിരുന്നു. ബൈബിളില്‍ പറയുന്നതു പോലെ ഒരുവന്‌ ഒരേ സമയം
രണ്ട്‌ യജമാനന്‍മാരെ സേവിക്കുവാന്‍ കഴിയില്ല എന്ന ആപ്‌തവാക്യം മഹാദേവനെ
സംബന്ധിച്ചിടത്തോളം പലപ്പോഴും സത്യമായിരുന്നു. മേലുദ്യോഗസ്ഥര്‍ക്കിടയിലെ
സ്വര ചേര്‍ച്ചയില്ലായ്‌മയും ആശയവിനിമയ വിടവും എല്ലാം മഹാദേവനെയാണ്‌
പ്രതികൂലമായി ബാധിച്ചിരുന്നത്‌.


മേലുദോഗസ്ഥര്‍ എന്തെങ്കിലും ജോലി ഏല്‍പിച്ചാല്‍ പിന്നെ അത്‌ തൃപ്‌തികരമായി
ചെയ്‌ത്‌ കൊടുക്കുന്നത്‌ വരെ മഹാദേവന്‌ അതിഭയങ്കര മാനസിക
പിരിമുറുക്കമാണ്‌. ഒരു കുടുംബനാഥന്‍ കൂടി ആയതിനാലാവാം ഈ ജോലി
പോയാല്‍ എന്ത്‌ ചെയ്യും എന്ന വ്യഥ മഹാദേവനെ കൂടുതല്‍
ഭയചകിതനാക്കിക്കൊണ്ടിരുന്നു.


മഹാദേവന്‍ ജോലിയില്‍ പ്രവേശിച്ചിട്ട്‌ ഏകദേശം ആറേഴു വര്‍ഷങ്ങള്‍ കഴിഞ്ഞു.
സ്ഥാപന ഉടമ വര്‍ക്കി സാര്‍ പുതുതായി ഒരു സംരംഭത്തിന്‌ തുടക്കമിടുകയാണ്‌.
പഴയ ബിസിനസ്‌ അത്ര പോരാ. അങ്ങനെ പുതിയ സംരംഭത്തിലേക്കായാണ്‌
രാമകൃഷ്‌ണനെ തിരഞ്ഞെടുത്തത്‌. രാമകൃഷ്‌ണന്‍ കണക്കെഴുത്തുകാരനായാണ്‌
രംഗപ്രവേശം ചെയ്‌തത്‌. അയാളുടെ ജോലി ജയിംസ്‌ സാറിന്‍റെ കീഴിലായിരുന്നു.
മഹാദേവന്‌ ജോലിവരുമ്പോള്‍ എല്ലാം കൂടി ഒരു വരവാണ്‌. അല്ലാത്തപ്പോള്‍
അയാള്‍ക്ക്‌ വളരെ കുറച്ച്‌ ടൈപിംഗ്‌, അക്കൗംണ്ടിംഗ്‌ ജോലികള്‍ മാത്രമേ കാണൂ.
വലിയ ജോലിയൊന്നുമില്ലാത്തപ്പോള്‍ ഒറ്റക്കിരുന്ന്‌ മുഷിയുന്ന മഹാദേവന്‌
രാമകൃഷ്‌ണന്‍റെ സാമീപ്യം തെല്ലൊരാശ്വാസമായിരുന്നു. എന്തെങ്കിലും മിണ്ടിയും
പറഞ്ഞും ഇരിക്കാന്‍ ഒരാളായല്ലോ. ഓഫീസ്‌ ബോയി പരശുരാമന്‍ ആണെങ്കില്‍
എന്തെങ്കിലും പറഞ്ഞ്‌ പുറത്തേക്ക്‌ പോകും.


രാമകൃഷ്‌ണനെത്തിയ ആദ്യ ദിവസം ഉച്ചയായപ്പോള്‍ മഹാദേവന്‍ ചോദിച്ചു
''ഊണു കൊണ്ടു വന്നിട്ടുണ്ടോ?''
'കൊണ്ടു വന്നിട്ടുണ്ട്‌' രാമകൃഷ്‌ണന്‍ പ്രതിവചിച്ചു. ''എങ്കില്‍ വരൂ'' മഹാദേവന്‍
ഒരു റക്‌സിന്‍ ബാഗെടുത്ത്‌ നെഞ്ചോട്‌ ചേര്‍ത്ത്‌ കൊണ്ട്‌ ഓഫീസില്‍ നിന്നും ഇറങ്ങി
നടന്നു തുടങ്ങി. രാമകൃഷ്‌ണന്‍ പിന്തുടര്‍ന്നു.
ഓഫീസിനു പുറത്ത്‌ താഴേക്ക്‌ കുറെ പടികളുണ്ട്‌, അതിറങ്ങി ചെല്ലുന്നിടത്തായി
ഒരു വാതില്‍ പൂട്ടി കിടക്കുന്നു. മഹാദേവന്‍ താക്കോലെടുത്ത്‌ കതക്‌ തുറന്നു.
അസുഖകരമായ ഒരു മണമായിരുന്നു ആ മുറിക്കുള്ളില്‍. ഉള്ളില്‍ കടന്നപ്പോള്‍
കണ്ടത്‌ ഫര്‍ണിച്ചറുകളും, പേപ്പറുകളും, ഫയലുകളും, എന്നു വേണ്ടാ ചെറുതും
വലുതുമായ വേണ്ടാത്ത പഴകിയ സാധനങ്ങള്‍ കൊണ്ട്‌ നിറച്ചിരിക്കുകയാണാ
മുറിയാകെ.
അതിനിടയിലൊരു കസേരയും ഒരു ഡെസ്‌കിന്‍റെ അഗ്രവും മാത്രം പൊടി
പിടിക്കാതെ കിടപ്പുണ്ട്‌. മഹാദേവന്‍ ഇരുന്ന്‌ ഊണു കഴിക്കുന്നത്‌
അവിടെയിരുന്നായിരിക്കാമെന്ന്‌ രാമകൃഷ്‌ണന്‍ ഊഹിച്ചു.
പെട്ടെന്നാണ്‌ ബൈജു മുറിയില്‍ പ്രത്യക്ഷപ്പെട്ടത്‌. അയാള്‍ അവിടുത്തെ ഒരു
സഹായി ആണ്‌. മഹാദേവന്‍റെ നിര്‍ദ്ദേശ പ്രകാരം ബൈജു ചില ഫയലുകളും
പേപ്പറുകളും മറ്റും ഡെസ്‌കിന്‍റെ അങ്ങേത്തലക്കല്‍ നിന്നും മാറ്റി. ഒരു പകുതി
കൈയ്യൊടിഞ്ഞ കസേരയും ചേര്‍ത്തിട്ട്‌ ഒരാള്‍ക്ക്‌ കൂടി ഇരുന്ന്‌ ഊണു
കഴിക്കുവാനുള്ള സ്ഥലമൊരുക്കി.

ഊണ്‌ കഴിക്കുന്നതിനിടെ മഹാദേവന്‍ തന്നെക്കുറിച്ച്‌ പറഞ്ഞ്‌ തുടങ്ങി.
എന്‍റെ രാമകൃഷ്‌ണാ, മുന്നൂറ്റമ്പത്‌ രൂപാ ശമ്പളത്തില്‍ തുടങ്ങിയതാണ്‌. അന്നത്‌ നല്ല
ശമ്പളമാണെന്നെല്ലാവരും പറഞ്ഞു. വര്‍ഷം ഏഴു കഴിഞ്ഞു. ഇന്ന്‌
അറുനൂറായിട്ടേയുള്ളൂ. വലിയ കഷ്ടപ്പാടാണ്‌. ഇനി വേറേ പണിക്കൊന്നും
പോകാനുമാവില്ല. പി എസ്‌ സി പരീക്ഷ എഴുതുവാനുള്ള ഏജോവറാകാന്‍ ഇനി
അധികമില്ല.


സങ്കടത്തോടെയുള്ള മഹാദേവന്‍റെ വാക്കുകള്‍ കേട്ട രാമകൃഷ്‌ണന്‍ പറഞ്ഞു,
'എല്ലാം ശരിയാകും. ക്ഷമയോടെ പരീക്ഷക്ക്‌ തയ്യാറാകൂ, സമയമാകുമ്പോള്‍ വിളി
എത്തും'. രാമകൃഷ്‌ണന്‍റെ വാക്കുകള്‍ മഹാദേവന്‌ തെല്ലൊരാശ്വാസം
നല്‍കുന്നതായിരുന്നു.

രാമകൃഷ്‌ണനെത്രയാ ശമ്പളം? അയാള്‍ തുടര്‍ന്നു, 'ആദ്യമേ തന്നെ ചോദിച്ചു
വാങ്ങിക്കൊള്ളണം, അല്ലെങ്കില്‍ ഒരിക്കലും കൂട്ടിത്തരില്ല.'
''രണ്ടായിരം'', രാമകൃഷ്‌ണന്‍ മൊഴിഞ്ഞു. മഹാദേവന്‌ തന്‍റെ കാതുകളെ
വിശ്വസിക്കാനായില്ല. വായിലിട്ട ഒരുരുള ചോറ്‌ അയാളറിയാതെ പെട്ടെന്നങ്ങ്‌
വിഴുങ്ങിപ്പോയി.
അപ്പോഴേക്കും ഓഫീസ്‌ ബോയി പരശു ഓടിയെത്തി. മഹാദേവാ തന്നെ അവിടെ
ജയിംസ്‌ സാര്‍ അന്വേഷിക്കുന്നു. എന്ന്‌ പറഞ്ഞതും മഹാദേവന്‍ ശരം വിട്ട പോലെ
എണീറ്റോടി കൈയ്യും കഴുകി ഓഫീസിലേക്ക്‌ തിരിച്ചു.


ദിവസങ്ങള്‍ കൊഴിഞ്ഞു വീഴും തോറും രാമകൃഷ്‌ണന്‌ ഓഫീസിലെ പല പുതിയ
മുഖങ്ങളും പരിചിതമായി തുടങ്ങി.
ഓഫീസ്‌ മാനേജരായിരുന്നു രാഘവേന്ദ്രന്‍ സാര്‍. അദ്ദേഹം പതിയെ പത്തു മണി
ആകുമ്പോളാണ്‌ ഓഫീസില്‍ വരിക. പ്രത്യേകിച്ചൊരു ജോലിയും അദ്ദേഹം
ചെയ്യുന്നത്‌ രാമകൃഷ്‌ണന്‍റെ ദൃഷ്ടിയില്‍ പെട്ടില്ല. ബൈജു അദ്ദേഹത്തിന്‍റെ
കീഴിലാണ്‌ ജോലി ചെയ്‌തിരുന്നത്‌. കമ്പനിയുടെ പ്രതാപ കാലത്ത്‌ അദ്ദേഹം
ചെയ്‌തിരുന്ന സേവനങ്ങള്‍ക്കുള്ള ബോണസായിരിക്കാം ഇന്നത്തെ ഉദാസീനമായ
ഈ ജോലി രാമകൃഷ്‌ണനോര്‍ത്തു.


വര്‍ക്കി സാറിന്‍റെ ഡ്രൈവറായിരുന്നു ഷിബു. ആളെ കണ്ടാല്‍ സ്ഥാപന
ഉടമയാണെന്നേ തോന്നൂ. നല്ല പാന്‍റും ഷര്‍ട്ടും ധരിച്ച്‌ കൂളിംഗ്‌ ഗ്ലാസ്സൊക്കെ വച്ച്‌
കൈയ്യില്‍ വര്‍ക്കി സാറിന്‍റെ സൂട്ട്‌ കേസും പിടിച്ച്‌ വരുന്നത്‌ കാണാന്‍ എന്ത്‌
ഗമയാണെന്നോ!


പരശുരാമനും, ഷിബുവും ബൈജുവുമെല്ലാം അവരുടെ മാനേജര്‍മാരുമായി നല്ല
അടുപ്പത്തിലാണ്‌. അവര്‍ക്കൊന്നും മഹാദേവനെ വിലയില്ല എന്ന്‌ മാത്രമല്ല
അവസരത്തിലും അനവസരത്തിലും അവര്‍ മഹാദേവന്‍റെ മുകളില്‍ ആധിപത്യം
സ്ഥാപിച്ചു കൊണ്ടിരുന്നു. അവരെയെല്ലാം മഹാദേവന്‌ ഭയവുമാണ്‌. നീര്‍ക്കോലി
കടിച്ചാലും അത്താഴം മുടങ്ങുമല്ലോ എന്നാണ്‌ മഹാദേവന്‍ മനസ്സില്‍ പറയാറുള്ളത്‌.
ഈ ജോലി പോയാല്‍ തന്‍റെ ജീവിതം അവസാനിച്ചേക്കുമെന്ന ഭയം മഹാദേവനെ
നിസ്സഹായനാക്കി.


പുതിയ സ്ഥാപനം ആരംഭിച്ചു. രാഘവേന്ദ്രന്‍ സാര്‍ വര്‍ക്കി സാറിനോട്‌ പറഞ്ഞു,
'സാറേ, പുതിയ സ്ഥാപനം വന്നതോടെ നമ്മുടെ ജയിംസിന്‌ പണി ഇരട്ടിയായി.
അയാള്‍ക്കെന്തെങ്കിലും കൂട്ടി കൊടുക്കണം' വര്‍ക്കിസാര്‍ പറഞ്ഞു, 'ശരിയാ
രാഘവാ, ഞാനും വിചിരിച്ചു.'


അടുത്ത ദിവസം വര്‍ക്കി സാര്‍ ജയിംസ്‌ സാറിനോട്‌ പറഞ്ഞു, 'ഈ മാസം മുതല്‍
ജയിംസിന്‍റെ ശമ്പളം രണ്ടായിരം രൂപാ കൂട്ടിയിരിക്കുന്നു.' ജയിംസ്‌ സാറിന്‌
സന്തോഷമായി. 'അപ്പൊ നമ്മുടെ രാഘവനെത്രയാ കൂട്ടേണ്ടത്‌?' ജയിംസ്‌ സാര്‍
ചോദിച്ചു. കൈയ്യോടെ ജയിംസ്‌ രാഘവേന്ദ്രന്‍ സാറിന്‌ പ്രത്യുപകാരം ചെയ്‌തു.

'അയാള്‍ക്ക്‌ ഒരായിരം കൂട്ടിയേക്ക്‌'. അതേപോലെ മറ്റെല്ലാവര്‍ക്കും നൂറു രുപാ
വച്ച്‌ കൂട്ടിയേക്ക്‌', വര്‍ക്കിസാര്‍ കല്‌പിച്ചു.
എല്ലാ സ്ഥാപനങ്ങളിലും നടക്കുന്ന പതിവാണിത്‌. മാനേജര്‍മാര്‍ അന്യോന്യം
സഹായിച്ചു കൊണ്ടിരിക്കും. വേണ്ടപ്പെട്ട ശിങ്കിടികള്‍ക്കും ചില നക്കാപ്പിച്ച കിട്ടും.
സാമര്‍ഥ്യം കുറഞ്ഞവരും ശത്രുപക്ഷത്തുള്ളവരും തഴയപ്പെടും.


'പരശുവിനും, ബൈജുവിനും, ഷിബുവിനും നൂറ്‌ വച്ച്‌ കൂട്ടിയേക്കാം' ജയിംസിന്‍റെ
ഫൈനാന്‍ഷ്യല്‍ കണ്‍ട്രോള്‍ സ്‌കില്‍ പെട്ടെന്ന്‌ പുറത്ത്‌ വന്നു. 'കമ്പനി ഇപ്പോള്‍ പഴയ
പോലെ ലാഭകരമല്ല സാര്‍. മഹാദേവന്‌ പെണ്ണും പിടക്കോഴിയുമൊക്കെ ആയി,
ഇനി വേറേ ജോലിയൊന്നും കിട്ടാനും പോകുന്നില്ല. അത്‌ കൊണ്ട്‌ അയാള്‍ക്കിപ്പം
കൂട്ടിയില്ലേലും പ്രശ്‌നമില്ല. മാത്രമല്ല അയാള്‍ക്ക്‌ കൂട്ടിയിട്ട്‌ രണ്ടു വര്‍ഷം
പോലുമായിട്ടുമില്ല.'
ആ വര്‍ഷത്തെ ശമ്പള പരിഷ്‌കരണം കഴിഞ്ഞു.
മഹാദേവന്‌ കഞ്ഞി പിന്നെയും കുമ്പിളില്‍ തന്നെ!


പുതിയ സ്ഥാപനം തുടങ്ങിയപ്പോള്‍ രാമകൃഷ്‌ണന്‌ ആ പുതിയ ഓഫീസ്‌
മുറിയിലേക്ക്‌ മാറ്റം കിട്ടി. അവിടെ തന്നെ ഇരുന്ന്‌ ഊണു കഴിക്കാം. മഹാദേവനെ
കാണുന്നതിനുള്ള അവസരങ്ങള്‍ കുറഞ്ഞു. അഞ്ചാറു മാസത്തിനുള്ളില്‍
രാമകൃഷ്‌ണന്‍ മറ്റൊരു ജോലി കിട്ടി വിദേശത്തേക്ക്‌ പറന്നു.


രണ്ടു വര്‍ഷത്തിന്‌ ശേഷം അവധിക്ക്‌ നാട്ടിലെത്തിയ രാമകൃഷ്‌ണന്‍ വീട്‌
വക്കുവാന്‍ ഒരു പുരയിടം വാങ്ങി. രജിഷ്ട്രേഷന്‍ ചെയ്യുവാന്‍ സബ്‌ രജിസ്‌റ്റ്രാര്‍
ഓഫീസിലെത്തിയപ്പോള്‍ അതാ ഇരിക്കുന്നു മഹാദേവന്‍. ആള്‍ പണ്ട്‌ കണ്ട
പ്രകൃതമേ അല്ലാ. കുറച്ച്‌ തടിച്ചിട്ടുണ്ട്‌. പുഞ്ചിരിയോടെ ഇരിക്കുന്ന മഹാദേവന്‍റെ
മുഖത്ത്‌ ആത്മവിശ്വാസം സ്‌ഫുരിക്കുന്നത്‌ വ്യക്തമായി കാണാം. രാമകൃഷ്‌ണനെ
ഒറ്റ നോട്ടത്തില്‍ തന്നെ മഹാദേവന്‌ മനസ്സിലായി. കസേരയില്‍ നിന്നും എഴുന്നേറ്റ്‌
വന്ന്‌ മഹാദേവന്‍ ഹസ്‌തദാനത്തോടെ രാമകൃഷ്‌ണനോട്‌ കാര്യങ്ങളന്വേഷിച്ച്‌
വേണ്ടത്‌ ചെയ്‌തു കൊടുത്തു.
മഹാദേവന്‍ പറഞ്ഞു 'രാമകൃഷ്‌ണന്‍ പോയതിന്‌ ശേഷം അധികം താമസ്സിയാതെ
തന്നെ ഒരു പി എസ്‌ സി പരീക്ഷയുടെ റിസല്‍ട്ട്‌ വന്നു. പിന്നെ എല്ലാം പെട്ടെന്നാണ്‌
മാറി മറിഞ്ഞത്‌. ജീവിതത്തിനിപ്പോഴാണ്‌ അര്‍ത്ഥമുണ്ടായത്‌. ഇന്നെനിക്ക്‌ നല്ല
ശമ്പളമുണ്ട്‌. എന്‍റെ ജോലി കൃത്യമായും ആത്മാര്‍ഥമായും ചെയ്‌താല്‍ മതി,
ആരെയും ഭയപ്പെടേണ്ടതില്ല. ഞാനിന്ന്‌ സംതൃപ്‌തനാണ്‌.


'നമുക്കോരോ കാപ്പി കുടിക്കാം. സാര്‍ ഞാനിതാ വരുന്നു' മേലുദ്യോഗസ്ഥനോട്‌
അനുവാദം വാങ്ങി മഹാദേവന്‍ രാമകൃഷ്‌ണനേയും കൂട്ടി പുറത്തേക്ക്‌ നടന്നു.


എസ്‌ എല്‍ പരിപ്പ്‌