'ന: സ്ത്രീ സ്വാതന്ത്ര്യമർഹതി' !!!??? : മോഹിനി രാജീവ്‌ വർമ്മ

'ന: സ്ത്രീ സ്വാതന്ത്ര്യമർഹതി' !!!??? : മോഹിനി രാജീവ്‌ വർമ്മ

'പിറവി' മുതൽ കേൾക്കുന്നു 'പെൺ കുഞ്ഞ് 'എന്ന നീരസം. അതിൽ നിന്ന്‌ ഉരുത്തിരിഞ്ഞതാകാം 'സ്ത്രീ   സ്വാതന്ത്ര്യം'എന്ന  ആശയം.
സ്ത്രീയ്ക്ക് ആരിൽ നിന്നാണ് സ്വാതന്ത്ര്യം കിട്ടേണ്ടത് !!!പത്തു മാസം ചുമന്നു പെറ്റ് താരാട്ടു പാടി ഉറക്കിയ അമ്മയിൽ നിന്നോ???  ചോര നീരാക്കി അദ്ധ്വാനിച്ചു പണമുണ്ടാക്കി അന്നം തന്ന് , വളർത്തി വലുതാക്കിയ, പഠിപ്പിച്ചു ജോലി നേടാൻ പ്രാപ്തയാക്കിയ അച്ഛനിൽ നിന്നോ???കൂടപ്പിറപ്പെന്ന് കരുതി ഓമനിച്ച സഹോദരീ സഹോദരന്മാരിൽ നിന്നോ???  ജീവിതകാലം മുഴുവൻ പൊന്നുപോലെ നോക്കാമെന്ന ഉറപ്പിൽ  അഗ്നിസാക്ഷിയായ് താലികെട്ടിയ  ഭർത്താവിൽ നിന്നോ??? പത്തു  മാസം ചുമന്നു ജന്മം നൽകിയ സ്വന്തം മക്കളിൽ നിന്നോ???  അല്ല, അവൾക്കു സ്വാതന്ത്ര്യമല്ല വേണ്ടത്. സ്നേഹമാണ്, സാന്ത്വനമാണ്, പരിഗണനയാണ്, അംഗീകാരമാണ്, തലോടലാണ്. എന്ത് വന്നാലും ഞാനുണ്ട് കൂടെ എന്ന സാന്ത്വന വാക്കാണ്. അവളുടെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ നിറവേറ്റി കൊടുക്കാനുള്ള മനസ്സാണ്. 
വീട്ടമ്മ ആയാൽ അവൾ വീട്ടിൽ വെറുതെ ഇരിയ്ക്കുകയാണെന്ന തോന്നൽ  പലർക്കുമുണ്ട്. നിനയ്‌ക്കെന്താ വീട്ടിൽ ഇത്ര പണി? രാവിലെ മുതൽ വൈകുന്നേരം വരെ ഇവിടെ വെറുതെ ഇരിയ്ക്കുകയല്ലേ എന്ന ചോദ്യം പലരും ചോദിയ്ക്കാറുണ്ട്.

ഒരു ദിവസം വീട്ടിലിരുന്ന്  എല്ലാ വീട്ടു ജോലികളും സ്വയം ചെയ്തു നോക്കിയാലറിയാം ഒരു വീട്ടമ്മ രാവിലെ എഴുന്നേൽക്കുന്നതു മുതൽ എത്ര ജോലി ചെയ്യുന്നുണ്ടെന്ന് !!!കുട്ടികളെ സ്കൂളിലേയ്ക്കും ഭർത്താവിനെ ഓഫീസിലേയ്ക്കും അയച്ചു കഴിഞ്ഞാൽ അവളുടെ ജോലി കഴിഞ്ഞു എന്നാണ് വിചാരം. നിനക്കിവിടെ എന്താ ഇത്ര ജോലി?രാവിലെ മുതൽ വെറുതെ ഇരിയ്ക്കുകയല്ലേ? ഇങ്ങനെ പലതും ചോദ്യങ്ങളുമാണ്. ഇന്നത്തെ സ്ത്രീകൾ വീട്ടമ്മ മാത്രമല്ല, പുരുഷന്മാരെപ്പോലെ തന്നെ, ഒരുപക്ഷെ,  അതിലുപ രിയായി  ജോലി  ചെയ്യുന്നവരാണ്. അതിരാവിലെ എഴുന്നേറ്റ് ഭക്ഷണമുണ്ടാക്കി കുട്ടികൾക്ക്  ഭക്ഷണം കൊടുത്ത് , അവരെ സ്കൂളിൽ പോകുവാൻ ഒരുക്കി, തനിയ്ക്കുള്ള ഭക്ഷണവും ഭർത്താവിനുള്ള ഭക്ഷണവും പാത്രത്തിലാക്കി ഒരുവിധം കുളിച്ചെന്നു വരുത്തി പ്രഭാത ഭക്ഷണം കഴിയ്ക്കാൻ നേരമില്ലാതെ ഓഫീസിലേയ്ക്ക് ഓടുന്നു. പകലന്തിയോളം ജോലി ചെയ്ത് വീട്ടിലെത്തിയാൽ കുട്ടികളുടെ പഠിപ്പും നോക്കി വീണ്ടും വീട്ടുജോലികൾ ചെയ്യുമ്പോൾ ഭർത്താവിൽ നിന്ന് 'ഞാൻ എന്തെങ്കിലും സഹായിക്കണമോ' എന്ന ഒരു ചോദ്യം മതി അവൾക്ക് സന്തോഷമാവാൻ. അവശയായി, രാവിലെ വീണ്ടും നാലു മണിയ്ക്ക് എഴുന്നേൽക്കണമല്ലോ എന്നോർത്ത്  ഉറങ്ങാൻ കിട്ടുന്ന മണിക്കൂറുകൾ കണക്കു കൂട്ടി.. രാവിന്റെ അന്ത്യയാമങ്ങളിൽ തല ചായ്ക്കാനൊരുങ്ങുമ്പോൾ ഒരു ആശ്വാസവാക്ക്, ഒരു സ്നേഹസാന്ത്വനം, ഒരു തലോടൽ... അത്ര മാത്രം മതി അവൾക്ക് ഈ ജീവിതം മുഴുവൻ സന്തോഷിയ്ക്കാൻ!!!

എന്നും രാത്രി പുറത്തിറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യമല്ല സ്ത്രീയ്ക്കു വേണ്ടത്. അങ്ങിനെ ഒരു സാഹചര്യം വന്നാൽ അവൾ സുരക്ഷിതയാവണം. പെണ്ണെന്നു കേൾക്കുമ്പോൾ,  കാണുമ്പോൾ വികാരാവേശത്താൽ എന്തും ചെയ്യാൻ മടിയ്ക്കാത്ത സമൂഹമല്ല വേണ്ടത്. എന്തുകൊണ്ട് അവൾ ഒറ്റയ്ക്ക് പോകേണ്ടി വന്നു? നമുക്കും ഇതുപോലെ അമ്മ പെങ്ങന്മാർ ഉണ്ടല്ലോ, അവൾ സുരക്ഷിതയായി വീട്ടിലെത്തണം, എത്തിക്കണം  എന്നാലോചിക്കുന്ന സമൂഹമാണ് വേണ്ടത്.  അല്ലാതെ പരുഷന്മാർ ചെയ്യുന്ന ജോലികളെല്ലാം ചെയ്യാനുള്ള സ്വാതന്ത്ര്യമല്ല. ഏതു പാതിരാത്രിയിലും പുറത്തിറങ്ങേണ്ടി വന്നാലും അവൾ സുരക്ഷിതയായിരിയ്ക്കണം. അതാണ് വേണ്ടത്. അങ്ങിനെ ഒരു സമൂഹം ഉണ്ടാകുമോ??അതോ 'പെണ്ണുണ്ടെങ്കിൽ പീഡനവും ഉണ്ടാകു'മെന്ന് ആരോ പറഞ്ഞതു പോലെ ആണെങ്കിൽ പിന്നെ എന്തു പറയാൻ!!!! ????
എന്റെ എല്ലാ  കൂട്ടുകാർക്കും സ്നേഹം നിറഞ്ഞ  വനിതാ ദിനാശംസകൾ ️


മോഹിനി രാജീവ്‌ വർമ്മ, ദുബൈ