മിഴിനീരുലയുന്ന കാവ്യ ജീവിതം : മുഞ്ഞിനാട് പത്മകുമാർ

മിഴിനീരുലയുന്ന കാവ്യ ജീവിതം : മുഞ്ഞിനാട് പത്മകുമാർ
നിത്യജീവിതത്തിൽ നിന്ന് മാറി താമസിക്കലാണ് കാവ്യജീവിതം. അതൊരിക്കലും ഭൗതികതയെ നിഷേധിക്കലല്ല. അതിന് ഉള്ളിൽ സാക്ഷയിട്ട കതകുകളോ ശവക്കുഴിയിലെ നിശബ്ദതയോ ആവശ്യമില്ല. ശിഷ്യരാൽ തിരുത്തപ്പെടവനായിരിക്കണം കവി. ആത്മത്യാഗത്തിന്റെ ഇലകളാൽ കവി നഗ്നത മറച്ചിരിക്കണം. കബീറിനെപ്പോലെ ഉപേക്ഷിക്കപ്പെട്ടവനാകണം. ഭീതി നിറഞ്ഞ കണ്ണുകളോടെ ലോകത്തെ നോക്കുന്നവനാകരുത് . അകമേ തെളിഞ്ഞ വെളിച്ചത്താൽ കാമനകളെ മെരുക്കുന്നവനാകണം.
കവി ഒരിക്കലും ഗിരി പ്രഭാഷകനാകരുത്. മിഴിനീരുലയുന്ന മഴവില്ലു പോലെ അകമേ ചിരിക്കണം. ആ ചിരിയിൽ ഒരു ജന്മത്തിൽ അനേക ജന്മം ജീവിച്ചതിന്റെ പൊരുളക്കമുണ്ടാകണം. വിത്തുപേക്ഷിച്ചിട്ട് ചെടി മരിക്കുന്നതു പോലെ വാക്കുപേക്ഷിച്ചിട്ട് മരിക്കാൻ കവിയ്ക്ക് ധൈര്യമുണ്ടാകണം. ജന്മസിദ്ധമായ ഒരു നീതിബോധം കവിയ്ക്കുണ്ടായിരിക്കണം. ഇരുമ്പു കൊണ്ടുള്ള മാംസപേശികളും ഉരുക്കു കൊണ്ടുള്ള സിരകളും കവിയ്ക്ക് ആവശ്യമില്ല. ജീവിതത്തെ വെറും അർത്ഥശൂന്യമായ ചലനം മാത്രമായി കവി കാണരുത്. ജീവിച്ചിരിക്കുന്നു എന്നതിനർത്ഥം മരിച്ചു കൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവ് കവിയ്ക്കുണ്ടായിരിക്കണം. ഭീക്ഷ്മരെപ്പോലെ ഉത്തരായണം വരെ മരണം നീട്ടിക്കൊണ്ടു പോകാൻ കവി ഒരിക്കലും ശ്രമിക്കരുത്.