കാരുണ്യസ്പർശവുമായി ദിനികുമാർ എന്ന മനുഷ്യസ്നേഹി : കെ. പ്രേമചന്ദ്രൻ നായർ

കാരുണ്യസ്പർശവുമായി  ദിനികുമാർ എന്ന  മനുഷ്യസ്നേഹി : കെ. പ്രേമചന്ദ്രൻ നായർ

"കാരുണ്യത്തിന്റെ പൂക്കൾ  വാടുകയില്ല ",--- ഈ മനുഷ്യസ്നേഹി നന്മയുടെ പ്രതിരൂപമാണ്. ഇങ്ങനെയും  ഒരാൾ നമുക്കിടയിൽ ഉണ്ടെന്നു തോന്നുന്നത് മറ്റുള്ളവർക്ക് സാന്ത്വനത്തിന്റെ തൂവൽസ്പർശമായി ഒരു ഒറ്റയാൾ പട്ടാളമായി സ്വന്തം വാഹനത്തിൽ സഞ്ചരിച്ചു വിശക്കുന്നവനു അന്നം നൽകുന്ന കാഴ്ച കാണുമ്പോഴാണ്. ഇത് മറ്റാരുമല്ല -  തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്തിനു സമീപം വടക്കോട്ടുകാവ് എന്ന ഗ്രാമാന്തരീക്ഷത്തിൽ ജനിച്ചു വളർന്ന - ബി. ദിനികുമാർ, വടക്കോട്ടുകാവ്, കല്ലമ്പലം.  

   സ്വന്തമായി കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരു പങ്ക് ഉപയോഗിച്ചു സമീപ പ്രദേശങ്ങളിലെ അനാഥാലയങ്ങളിലും, വൃദ്ധസദനങ്ങളിലും കഴിയുന്ന അശരണരും ആലംബഹീനരുമായവർക്കു ഒരു നേരത്തെയെങ്കിലും ആഹാരം എത്തിച്ചു സായൂജ്യമടയുകയാണ് ഇദ്ദേഹം. 

   കരുണയും, നന്മയും കൈമോശം വരുന്ന വർത്തമാനകാലത്തു ഇതിനെയെല്ലാം ചേർത്ത് പിടിച്ചു ഒരാൾ നമുക്കിടയിൽ പ്രവർത്തിക്കുന്നുണ്ട് എന്നത്‌ നാടിന്റെ ആഹ്ളാദാരങ്ങളിലൊന്നാണ്. സമൂഹത്തിലെ അഗതികളെയും, പാർശ്വവൽക്കരിക്കപ്പെട്ടവരെയും, അനാഥരെയും, രോഗികളെയും കണ്ടെത്തി അവരോടൊപ്പം ചേർന്ന് നിൽക്കുമ്പോഴാണ് അദ്ദേഹത്തിന്  തന്റെ കർത്തവ്യം മനോഹരമായി നിർവഹിക്കാൻ കഴിഞ്ഞു എന്നു ബോധ്യമാകുന്നത്. 

Sister ലിസിയുടെ നേതൃത്വത്തിൽ നൂറിൽപരം അന്തേവാസികളുമായി തിരുവനന്തപുരം ജില്ലയിലെ മിതൃമ്മല യിൽ  (S.M)  sisters  of  mercy കോൺഗ്രിഗേഷന്റെ നേതൃത്വത്തിൽ  പ്രവർത്തിക്കുന്ന  "സ്നേഹതീരം " എന്ന സ്ഥാപനത്തിലേക്ക് ദിനികുമാറിന്റെ സഹായങ്ങൾ എത്താറുണ്ട്.   ജന്മദിനം, ചരമദിനം തുടങ്ങിയ വേളകളിലും അല്ലാതെയും   നാട്ടുകാരുടെ ചെറുതും വലുതുമായ  സംഭാവനകൾ  സ്വീകരിച്ചുമാണ് സ്നേഹതീരം   പ്രവർത്തിക്കുന്നത്.

  അശരണർക്കും, നിര്ധനർക്കും   തന്നാൽ കഴിയുന്നത് സഹായിക്കുന്നതിനേക്കാൾ വലിയ പുണ്യ പ്രവർത്തി മറ്റൊന്നില്ലെന്ന ചിന്തയാണ് ദിനികുമാറിന്റെ നല്ല  മനസി നുള്ള പ്രചോദനം. സ്കൂൾ തുറക്കുന്ന ഘട്ടങ്ങളിൽ നിർധനരായ കുട്ടികൾക്ക് ബാഗുകൾ, കുടകൾ മറ്റു പഠനോപഹരണങ്ങൾ എന്നിവ അറിഞ്ഞു വാങ്ങി നൽകുന്നു.         

ഇസ്ലാം മതം അനുശാസിക്കുന്നത് പോലെ പണമുള്ളവർ ഒരു പങ്കു നിർബന്ധമായും ഇല്ലാത്തവന് നൽകണമെന്നതുപോലെ പണമുള്ള സുമനസ്സുകൾക്കു ഇദ്ദേഹത്തിന്റെ പ്രവർത്തി ഒരു മാതൃകയാണ്. സമീപ പ്രദേശങ്ങളിലെ അനാഥാലയങ്ങളിലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ അനിവാര്യത തനിക്കു ബോധ്യപ്പെട്ടിരുന്നതായി  ദിനികുമാർ അഭിപ്രായപ്പെടുന്നു. ഓരോ അനാഥാലയത്തിലും എത്തി അന്തേവാസികൾക്ക് ഭക്ഷണം നൽകി അവരുടെ വയർ നിറയുന്നത് കാണുമ്പോൾ  മനസ്സും നിറയും. അതോടെ മനസ്സിന് പൂർണ സംതൃപ്തി ലഭിക്കുമെന്നും  ദിനികുമാർ പറയുന്നു. കഷ്ട്ടപെടുന്നവർ രോഗികൾ മാത്രമല്ല അവരുടെ കുടുംബങ്ങളും ദുരിതം പേറുന്നുണ്ട്.  

 രാഷ്ട്രീയ പ്രവർത്തകർ കാരുണ്യ പ്രവർത്തകരായി ജീവിക്കണം. കാരുണ്യപ്രവർത്തനത്തിലധിഷ്ഠിതമായ രാഷ്ട്രീയ പ്രവർത്തനം നടത്തിയാൽ അവരെ ജനങ്ങൾ നെഞ്ചിലേറ്റും. പല നഗരങ്ങളിലും വിശപ്പ്‌ സഹിക്കുന്നവരുണ്ട്. ആരും വിശന്നിരിക്കരുത്. സാമ്പത്തികമായും, വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ആളുകളെ കണ്ടെത്തി സഹായിക്കുക, വൃദ്ധ ജനങ്ങൾക്ക്‌ കൈതാങ് നൽകി അവരുടെ മനസ്സിനെ ഉത്സാഹഭരിതമാക്കുക എന്നിവയാ ണ് ഇദ്ദേഹത്തിന്റെ പ്രവർത്തന ലക്ഷ്യം. 

രാജ്യത്തു പണം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഒരുകാലത്തുമില്ലാത്ത തരത്തിൽ വർധിച്ചു വന്നിരിക്കുന്നുവെന്നും സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരെ കൈപിടിച്ച് മുഖ്യധാരയിലെത്തിക്കാൻ എല്ലാപേരും ഒറ്റകെട്ടായി രംഗത്ത് വരണമെന്നും   ദിനികുമാർ പറയുന്നു.

 പൊതു ജീവിതത്തിൽ നിറം മങ്ങുന്ന ചില സങ്കല്പങ്ങൾക്കു നിറച്ചാർത്തു നൽകുന്ന അപൂർവം പൊതു പ്രവർത്തകരിൽ ഒരാളാണ്  ദിനികുമാർ എന്നു നിസ്തർക്കം പറയാൻ കഴിയും. അന്ന് മുതലേ തന്നെ നിർധനരും നിരാലംബരുമായവരുടെ പ്രശ്നങ്ങൾ ക്ഷമയോടെ കേൾക്കുന്ന ഈ കർമയോഗി അവരിലൊരാളായി പ്രശ്നപരിഹാരത്തിനായി ഇറങ്ങി പുറപ്പെടുന്നു. ഈ സുകൃതം തന്നെയാണ് നാടിനാവശ്യം. ഈ പ്രവർത്തനംഎന്നും പ്രശോഭിക്കട്ടെ എന്നാശിക്കുന്നു. അതു നാടിനും, നാട്ടുകാർക്കും തണല്മരമായി പൂത്തു വിടരട്ടെ. !   

 

            

തയാറാക്കിയത് :കെ. പ്രേമചന്ദ്രൻ നായർ, കടക്കാവൂർ.

മൊബൈൽ :9846748613.