വിമല: നോവലെറ്റ്: സൂസൻ പാലാത്ര, അധ്യായം - 2

വിമല: നോവലെറ്റ്:  സൂസൻ പാലാത്ര,  അധ്യായം - 2

അന്നാണ് മോളിക്കുട്ടി  ആദ്യമായി വിമലയുടെ മകനെ കാണുന്നത്. അവൻ്റെ പേര് അഭിനന്ദ്. അവൻ മിടുമിടുക്കനായിരുന്നു. നല്ല ചുറുചുറുക്കുള്ള സുന്ദരക്കുട്ടൻ. കഷ്ടിച്ച് 7 വയസ്സ് കാണും. ഭർത്തൃ വീട്ടിൽനിന്ന് ക്രിസ്മസ്സ് ആഘോഷിക്കാൻ മോളിക്കുട്ടി സ്വന്തം മക്കളായ സ്വപ്നയേയും സുമോദിനെയും കൂട്ടിച്ചെന്നതാണ്. ക്രിസ്മസ് കാലമായാൽ പിന്നെ അമ്മ കേക്കുമുറിക്കൽ ഒരുജോലി പോലെ ഉത്സാഹത്തോടെ ചെയ്യും. മക്കളെല്ലാരും കൊടുക്കുന്നതു കൂടാതെ നല്ലൊരു പാചകക്കാരിയായ  അമ്മയും ക്രിസ്മസിന്  കേക്കുണ്ടാക്കുക പതിവാണ്.  രാവിലെ പാലു വാങ്ങിയ്ക്കാൻ വരുന്നവർക്കു കൂടി കൊടുക്കണം. 

    പാൽ വാങ്ങാൻ വന്ന മറ്റു പലർക്കും കൊടുത്തതോടൊപ്പം  അഭിനന്ദിനും  അമ്മ ഒരു വലിയ കഷണം കേക്ക് കൊടുത്തു. മറ്റുള്ളവരെല്ലാം തന്നെ കഴിച്ചു. വെള്ളിയാമറ്റത്തെ ചെല്ലമ്മ ചോദിച്ചു: " ഇതെവിടുന്നാൻ്റെ അമ്മുക്കുട്ട്യേ, നല്ല സ്വാദ്, എനിക്കും ഒരെണ്ണം മേടിക്കണം. അമ്മ ചെല്ലമ്മ ചേച്ചിക്ക്, വീട്ടിൽ കൊണ്ടെ പിള്ളേർക്ക് കൊടുക്ക് എന്നു പറഞ്ഞ് രണ്ടു കഷണം കൂടി മുറിച്ചു കൊടുത്തു. അപ്പോൾ കേൾക്കാം ഒരു കിളുന്തു സ്വരം "അമ്മേ എനിക്കിച്ചിരി കടലാസ്സു തരാമോ?" അഭിനന്ദാണ്. "എന്തിനാ മോനേ?"

"ഇത് വീട്ടിൽ ക്കൊണ്ട് അമ്മയ്ക്കും കൊടുത്ത് ഞാന്തിന്നോളാം". 

 അയ്യോടാ .. ൻ്റെ കുട്ടൻ അതു തിന്നോ, അമ്മയ്ക്ക് കൊടുക്കാൻ ഞാം വേറെ തരാംന്നുപറഞ്ഞ് അമ്മ അവന് ഒരു വലിയ കഷണം കൂടി എടുത്ത് കടലാസ്സിൽ പൊതിഞ്ഞു കൊടുത്തു. ലോട്ടറി അടിച്ച  സന്തോഷത്തോടെ അവൻ പോയി. 

മോളിക്കുട്ടി അമ്മയോട് ചോദിച്ചു "ഏതാമ്മേ ഈ വെള്ളക്കാന്താരി" 

അമ്മ പറഞ്ഞു ആ കൊച്ചുപാറൂൻ്റെ എളേപെണ്ണില്ലേ വിമല അതിൻ്റെ മകനാ. മിടുക്കനാ, അതു വളന്നു വന്നാ ആ പെണ്ണിൻ്റെ ദുരിതമെല്ലാം മാറും"

" വിമല ഇപ്പം എവിടാ?"

" അതെവിടെപ്പോകാനാ? ഒരന്തോം കുന്തോമില്ലാത്ത ജീവിതാ അതിൻ്റെ, ആ പെഴച്ച തള്ളേടെ കാച്ചോട്ടിലാ ഇപ്പം, പിന്നെ കാലായിലെ ഓമനേടെ വീട്ടിൽ പഴേപോലെ  സ്വാതന്ത്ര്യം കൊടുത്തിട്ടൊണ്ട്. ഓമന ഒറ്റയ്ക്കാണല്ലോ, പുറം പണിക്ക് വിമല സഹായിയ്ക്കും. ചെറുക്കൻ കടേന്ന് സാധനങ്ങളൊക്കെ വാങ്ങിച്ചു കൊടുക്കും. ഇവിടുന്ന്  പാൽ വാങ്ങുന്നത് ഓമനേടെ വീട്ടിലോട്ടാ" 

 അമ്മ വിമലയുടെ ജീവിതത്തിൻ്റെ ദയനീയ വശങ്ങൾ വിവരിച്ചു. എൻ്റെ മക്കടെ കയ്യില് വല്ലോമൊണ്ടെങ്കിൽ ആ കൊച്ചിന് ഒരു കാച്ചട്ടേം ഉടുപ്പും വാങ്ങിക്കൊടുക്ക്, കൊള്ളാവുന്ന സാരി വല്ലോമൊണ്ടേലൊരെണ്ണം ആ പെണ്ണിനും കൊടുക്ക് പുണ്യം കിട്ടും. എന്നും ചോദിക്കും മോളി വരാറൊണ്ടോ? ഇനി എന്നാ  വരുന്നേ? ഞാന്തെരക്കിയെന്നു പറഞ്ഞേക്കണേന്നൊക്കെ .

മോളിക്കുട്ടി പിറ്റേന്നു തന്നെ വിമലേക്കണ്ടു. ഒരു സാരി കൊടുത്തു. മോന് ഉടുപ്പു വാങ്ങിച്ചോന്നും പറഞ്ഞ് ഇത്തിരിക്കാശും കൊടുത്തു. വിമലയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ..ൻ്റെ മോളീയെൻ്റെ ഒരനുഭവം ഇങ്ങനായല്ലോടീന്നു പറഞ്ഞ് കരഞ്ഞു. മോളിക്കുട്ടിയും കണ്ണീരടക്കാൻ പാടുപെട്ടു. പി. എസ്. സി. യുടെ അപേക്ഷകൾ അയയ്ക്കാനും പരീക്ഷകൾ എഴുതാനും മോളി നിർബ്ബന്ധിച്ചു.

   ഒന്നുരണ്ടു വർഷം കഴിഞ്ഞ്, ഒരു ദിവസം നാട്ടുവിശേഷങ്ങളൊക്കെ ഫോണിലൂടെ അറിയിയ്ക്കുന്ന കൂട്ടത്തിൽ അമ്മ ആ സന്തോഷവാർത്ത അറിയിച്ചു. വിമലയ്ക്ക് ജോലി കിട്ടിയെടീമോളേ... ഒത്തിരി ദൂരെയാ അങ്ങ് വയനാട്ടിലാ.  

" ങാ, അവള് രക്ഷപ്പെട്ടല്ലോ, അവടെ ദുരിതം തീർന്നല്ലോ, കുഞ്ഞിനേം ഒപ്പം കൊണ്ടു പോയാൽ അവർക്കവിടെ വല്ല വാടകവീടും എടുത്ത് സുഖായി കഴിയാം അല്ലേ, എൻ്റെ സന്തോഷം അറീച്ചേക്ക് "

"മോനെ കൊടുത്തു വിടാൻ പാറു സമ്മതിക്കുവേല. പാറൂനെ മറ്റു സകല മക്കളും ഉപേക്ഷിച്ചുപോയി. വിമല അവിടെ ഹോസ്റ്റലിൽ നിയ്ക്കാനാ പ്ലാൻ ... വല്യ തള്ളേടെ കൂടെ ആ പാവം കൊച്ചും"  പണ്ടേ അമ്മയ്ക്ക് തെറിച്ചിപ്പാറുനേ ഇഷ്ടമില്ലാത്തതാണ്. 

മോളിക്കുട്ടിയോർത്തു.... അമ്മയ്ക്കു മാത്രമല്ലല്ലോ പാറുനേ തനിക്കും കാണരുതല്ലോ. അതിനുമാത്രം പാപം അവരാ ഇത്തിരിപ്പോന്ന ശരീരം കൊണ്ട് ചെയ്തു കൂട്ടി. 

ബൈബിൾ വാക്യങ്ങൾ അവൾ ഓർത്തെടുത്തു. ദൈവത്തിൻ്റെ മന്ദിരമാണ് മർത്യ ശരീരം. ദൈവം ഈ മൺകൂടാരത്തിൽ അധിവസിക്കുന്നുണ്ട്. അതറിഞ്ഞ് ദൈവത്തെ പ്രസാദിപ്പിച്ച് ജീവിക്കണം. ദൈവം വിശുദ്ധ വചനങ്ങളിലൂടെ സംസാരിച്ചിട്ടുണ്ട്. "എൻ്റെ മന്ദിരം നശിപ്പിക്കുന്നവനെ ഞാനും നശിപ്പിയ്ക്കും"

ശരീരം പൊള്ളാതെ മടിയിൽ തീയെടുക്കാൻ പറ്റുമോ?

     വല്ലവരുടെയും അടുക്കളപ്പണിയോ മൈക്കാടു പണിയോ ഒക്കെ ചെയ്യുന്നതല്ലേ ഈ വൃത്തികെട്ട പണിയേക്കാൾ നല്ലത്. അന്ന് അവർ നന്മയുടെ പാതയിലൂടെ മന:പൂർവ്വം സഞ്ചരിച്ചില്ല. അഴുക്കുചാൽ തന്നെ തിരഞ്ഞെടുത്തു.  അവരുടെ വായിൽനിന്നു വരുന്ന ചീഞ്ഞളിഞ്ഞ വാക്കുകളെ ഭയന്ന് അവരെ ഒന്നുതിരുത്തി കൊടുക്കാൻ ആരും മിനക്കെട്ടില്ല. നാട്ടിലെ ഏഭ്യന്മാർ അന്തസ്സായി ജീവിക്കുന്ന നാരി മണികളെക്കൊണ്ട് ഇല്ലാ വചനം പ്രചരിപ്പിച്ചിട്ടും കൊച്ചുപാറൂനെക്കുറിച്ച് ഒരു ദോഷവും പറഞ്ഞില്ല. 

" പാവം ജീവിയ്ക്കാൻ വേണ്ടി പെടാപാടു കഴിക്കുന്ന ഒരു വിധവ" എന്ന് അവർ ഒന്നടങ്കം സാക്ഷ്യപത്രമെഴുതിക്കൊടുത്തു എന്നിട്ടിപ്പോൾ  രോഗിയായപ്പോൾ ആരും നോക്കാനില്ലെന്ന് ... 

 

           (തുടരും...)

 

 

27/11/2020

11.20 pm