തണുപ്പ്: കവിത , രാജീ ബാലൻ , പെരുമ്പാവൂർ

തണുപ്പ്: കവിത , രാജീ ബാലൻ , പെരുമ്പാവൂർ

നീയിറങ്ങിപ്പോയതിന്റെ മൂന്നാംനാൾ
ജില്ലാശുപത്രിയിലേയ്ക്കുള്ള യാത്ര

ദുരിതപർവ്വങ്ങളിലേക്കുള്ള കുരിശുനടത്തംപോലെ
എത്ര നോവായിരുന്നെന്നു നീയറിയുമോ?

ആശുപത്രിയിലെ വരാന്തകൾക്കുപോലും മരണത്തിന്റെ
ഫിനോയിൽ ഗന്ധമായിരുന്നു.
മരവിപ്പിന്റെ
പ്രേതകുടീരംപോലെ
മോർച്ചറി ,
വർത്തമാനകാലവാതിൽ
മലർക്കെതുറന്നിട്ടു.

ചുംബിക്കാൻകൊതിച്ച നിന്നിടനെഞ്ചിലെ
കറുത്തമറുക്
അയാളിൽ
ഞാൻ കണ്ടില്ല.
തിരിച്ചറിയാനാകാത്ത
മുഖങ്ങളിൽ
ഉഴറിയൊടുവിൽ
ആശ്വാസപച്ചയിലേയ്ക്ക്
ചിറകടിച്ചുപറന്നു.

എനിക്കുറപ്പുണ്ട് ,
അവിടെ
മരവിച്ചസ്വപ്നങ്ങളുമായ്
ഉറങ്ങുന്നവർക്കിടയിൽ
നീയുണ്ടാവില്ല.
ഇല്ല ,
തണുത്തുറയാൻ
ഞാൻ നിന്നെവിടില്ല.
നീയല്ല  അവിടെ
തണുത്തുറഞ്ഞഹൃദയമായ് ബാക്കിയായത്.
ചുണ്ടിൽ വിഷംപുരട്ടി
നിന്നെ ചുംബിച്ചത്
എന്റെ പ്രണയമല്ല.
ചങ്കുപറിച്ചെടുത്ത ചോരപ്പൂക്കൾ
വിതറിയവഴികളിൽ
നാമിനിയും
ഒരുമിച്ച് നടക്കും.

തണുക്കുമ്പോൾ സിരകളിലേയ്ക്കഗ്നി
പകരാൻ
ഞാൻ കൂടെയുണ്ട്.
ജീവന്റെ ചൂടായ്
നിന്നിൽ പടരാൻ
ഞാനിനിയും ബാക്കിയാണ് .
നിൻ വിരൽത്തുമ്പുകൾ മുടിയിഴകളിൽ
നിന്നു നെറ്റിത്തടത്തിലെത്തി
ഉടലിന്റെഭൂമിശാസ്ത്രം
വരച്ചുപഠിക്കുകയാണ്.
ഇനിയെനിക്ക് തണുക്കില്ല. നിനക്കും ...

നാളത്തെ പത്രത്തിലെ
ആ 'അനാഥമൃതദേഹം'
അതു മറ്റാരോ ആണ് .

"കാണ്മാനില്ല "എന്ന പത്രവാർത്ത
അനാഥത്വംപേറി,
മഴയിൽ
തണുത്തുവിറച്ച് 
നീ കയറിവരുന്നതും കാത്തിരിപ്പാണിന്നും ...

ബാല ആങ്കാരത്ത് (അധ്യാപിക
പട്ടം  യു.പി.സ്കൂൾ തുരുത്തി,
പെരുമ്പാവൂർ)