ക്രിസ്മസ് കേക്ക്: കഥ, പെരുങ്കടവിള വിൻസൻറ്

  ക്രിസ്മസ് കേക്ക്: കഥ, പെരുങ്കടവിള വിൻസൻറ്

 

  മുളംചീളുകൾ ചേർത്തുകെട്ടി വർണ്ണക്കടലാസുകൊണ്ട് പൊതിഞ്ഞ്, വീട്ടുമുറ്റത്തുവച്ച് ഉണ്ടാക്കിയെടുത്ത നക്ഷത്രവിളക്ക് വെള്ളരിമാവിൻ്റെ ചില്ലയിൽ ശ്രദ്ധയോടെ തൂക്കിയിട്ടശേഷം അവൻ താഴെ ഇറങ്ങുമ്പോൾ അമ്മ വിളിച്ചു .

'എടാ വിവേക്, ഒന്നിങ്ങ് വന്നേ'

  അമ്മയുടെ വിളി കേട്ടെങ്കിലും അവൻ ഒന്നും മിണ്ടിയില്ല. അമ്മയുടെ അരികിലെത്താനുള്ള തിടുക്കവും അവനിൽ ഉണ്ടായില്ല. ഡിസംബറിലെ മഞ്ഞ് സന്ധ്യയേയും, നിരാശയുടെ മഞ്ഞ് അവനെയും പൊതിഞ്ഞു. അവനെ മാത്രമല്ല, വീടിനെയും .

ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് ഇന്നലെയാണ് സ്ക്കൂൾ അടച്ചത്. ഡ്രീംവേൾഡിലേക്ക് വിനോദയാത്ര പോകാൻ പേര് നല്കിയിരുന്നവർ രൂപ കൊടുക്കേണ്ടത് ഇന്നലെയായിരുന്നു. വിവേക് പേരുകൊടുത്തിരുന്നു. എന്നാൽ രൂപ കൊടുക്കാൻ അവന് കഴിഞ്ഞില്ല.

  ഇക്കാലത്ത് 500/- രൂപ വലിയ തുകയൊന്നുമല്ല. എന്നാൽ കർഷകനായതു കൊണ്ട് വിവേകിൻ്റെ അപ്പന് അത് ഉണ്ടാക്കാൻ കഴിഞ്ഞില്ല. മടവീഴ്ച, മുഞ്ഞ, തണ്ടുതുരപ്പൻ എന്നിവ കാരണം നെൽകൃഷി മടുത്താണ് ഇത്തവണ വയലിൽ ഇഞ്ചി നട്ടത്. വിളവെടുക്കാറായപ്പോൾ ഇഞ്ചിക്ക് വിലയില്ല. കുറച്ചു സ്ഥലത്ത് കപ്പയിട്ടിരുന്നു. പേമാരി കാരണം വയലിൽ വെള്ളം കെട്ടിനിന്ന് അതെല്ലാം അഴുകിപ്പോയി. കുറച്ചു വെറ്റിലക്കൃഷി ഉള്ളതുകൊണ്ട് കുടുംബം പട്ടിണിയില്ലാതെ കഴിഞ്ഞുകൂടുന്നു.

   'കൃഷി മതിയാക്കി വല്ല കയറ്റിറക്ക് തൊഴിലാളിയോ, പാറമട തൊഴിലാളിയോ ആയിരുന്നെങ്കിൽ അദ്ധ്വാനത്തിനുള്ള കൂലി അന്നേരം കിട്ടുമായിരുന്നു.' രാപകൽ പറമ്പിൽ പണിയെടുത്തിട്ടും അത്യാവശ്യത്തിനു പോലും പണമില്ലാതായപ്പോൾ ആൻഡ്രൂസ് ചിന്തിച്ചു..

  'എന്താ ആലോചിച്ചു കൂട്ടുന്നത് ?' മേഴ്സി ചോദിച്ചു. 

 ചായക്കപ്പ് നീട്ടിക്കൊണ്ട് അവൾ പറയഞ്ഞു ''ഈ ചായ കുടിക്ക് '

   ആൻഡ്രൂസ് മേഴ്സിയെ നോക്കി. വിവേകിന് രൂപ കൊടുക്കാൻ കഴിയാത്തതിൻ്റെ ദുഃഖം ആൻഡ്രൂസിൻ്റെ കണ്ണുകളിൽ തളംകെട്ടി നില്ക്കുന്നത് മേഴ്സി കണ്ടു.

' അവൻ പഠിക്കാൻ മിടുക്കനാണ്. പറമ്പിലും അടുക്കളയിലും പണിയിൽ സഹായിക്കാനും അവന് മടിയില്ല. ഇല്ലായ്മ മനസ്സിലാക്കുന്നവനാണ്, എന്നിട്ടും...' മേഴ്സി സങ്കടത്തോടെ ഓർത്തു.' കാതിലോ കഴുത്തിലോ ഒരു തരി സ്വർണ്ണം ബാക്കിയില്ല. കഷ്ടകാലം ചിക്കൻ ഗുനിയയായി വന്ന് അതൊക്കെ വിഴുങ്ങിക്കളഞ്ഞു. സന്ധികളിലെ നീർക്കെട്ടും വേദനയും ഇനിയും പൂർണ്ണമായി മാറിയിട്ടില്ല . സ്വർണ്ണം ഉണ്ടായിരുന്നെങ്കിൽ അത് പണയം വച്ചെങ്കിലും വിനോദയാത്രയ്ക്ക് പണം കൊടുക്കാമായിരുന്നു.'

' എടാ, ഇതാരാ വന്നിരിക്കുന്നതെന്ന് നോക്കിയേ ' അമ്മ വീണ്ടും വിളിച്ചപ്പോൾ വിവേക് നക്ഷത്ര വിളക്കിനെ തനിച്ചാക്കി വീട്ടിൽ കയറി. 

വരാന്തയിലെ സിമൻ്റടർന്ന കൈവരിയിൽ ചെങ്ങന്നൂരിലെ മാമൻ.വിവേക് ചിരിച്ചു.

'ഇതാ ' ഒരു പൊതി നീട്ടിക്കൊണ്ട് മാമൻ പറഞ്ഞു.

'വാങ്ങിച്ചോ' - അമ്മയുംപറഞ്ഞു.

ക്രിസ്മസ് കേക്കിൻ്റെ പൊതി വാങ്ങുമ്പോൾ അവനെ താലോലിച്ചുകൊണ്ട് മാമൻ പറഞ്ഞു 'നന്നായി പഠിക്കണം. പഠിച്ച് വലിയ ആളാകണം.'

'ങും' വിവേക് തലയാട്ടി.

'എവിടായിരുന്നു ?' വിവേക് മറുപടി പറയും മുമ്പ് മേഴ്സി പറഞ്ഞു ' രാവിലെ മുതൽ നക്ഷത്രക്കൂട് ഉണ്ടാക്കുന്ന പണിയാണ്.

'എങ്കിൽ നീ പെയ്ക്കോ' മാമൻപറഞ്ഞു.

     ക്രിസ്മസ് കേക്ക് അമ്മയുടെ കൈയ്യിൽ കൊടുത്തിട്ട് അവൻ വീണ്ടും മാവിൻ ചുവട്ടിലേയ്ക്ക് പോയി. അമ്മ കൊടുത്ത ചായ കുടിച്ച് മാമനും പോയി. 

     വൈദ്യുതി ഇല്ലാത്തതിനാൽ, രാത്രിയിൽ കടലാസു നക്ഷത്രം പ്രകാശിക്കണമെങ്കിൽ അതിനുളളിൽ ചെറിയ മണ്ണെണ്ണവിളക്കോ, മെഴുകുതിരിയോ വയ്ക്കണം. അതിനായി നക്ഷത്രത്തിനുള്ളിൽ ഒരു സ്ഥലം അവൻ ശ്രദ്ധയോടെ ഒരുക്കിയിട്ടുണ്ട്.

     വെക്കേഷൻ ആയിരുന്നതാ നാൽ അടുത്ത ദിവസവും വിവേക്  നക്ഷത്രത്തിനരികെ ആയിരുന്നു. ചിമ്മിനി വിളക്കിൽ പുതിയ തിരിയിട്ട് കത്തിച്ച്, പ്രകാശജ്വാലയുടെ ഉയരം വർണ്ണക്കടലാസിനെ വിഴുങ്ങാതിരിക്കാൻ പാകത്തിൽ ക്രമപ്പെടുത്തുന്ന ട്രയൽ നടക്കവേ 'നക്ഷത്രമൊക്കെ തയ്യാറായി. ഇനി ഉണ്ണി ഈശോ വന്നാൽ മതി അല്ലേ ?' എന്ന് ചോദിച്ചു കൊണ്ട് യോഹന്നാനച്ചൻ വന്നു .

  ആ ഏഴാം ക്ലാസുകാരൻ്റെ പ്രവൃത്തികൾ അദ്ദേഹം കൗതുകത്തോടെ നോക്കി നിന്നു. അന്നേരം അ ച്ചന് ബോധ്യപ്പെട്ടു. ചൈനീസ് ക്രിസ്മസ് മരങ്ങൾക്കും കടലാസു നക്ഷത്രങ്ങൾക്കും അരികെയല്ല, ഇവിടെയാണ് , ശരിയായ ക്രിസ്മസ്.

     വിശേഷങ്ങൾ തിരക്കി, പ്രാർത്ഥന കഴിച്ച് ,അഭിമാനത്തോടെ അച്ചൻ പോയി.

        ഉച്ചകഴിഞ്ഞനേരം വിവേക് മാവിൻ ചുവട്ടിലിരുന്ന് ഉറങ്ങിപ്പോയി. ആക്രി സാധനങ്ങൾ പെറുക്കാൻ നടക്കുന്ന തെരുവുകുട്ടികളുടെ ആരവം കേട്ട് അവനുണർന്നു. അവർക്ക് നക്ഷത്രക്കൂട് നന്നായി ഇഷ്ടപ്പെട്ടു. അവരുടെ കരിപുരണ്ട മുഖങ്ങളിൽ ചിരിയുടെ ലാവണ്യം നിറഞ്ഞു. അവർ വിവേകിനോട് പലതും ചോദിച്ചു. എന്നാൽ വിവേകിന് ഒന്നും മനസിലായില്ല. എങ്കിലും ആ കുട്ടികളോട് അവന് വല്ലാത്ത അലിവ് തോന്നി. അവൻ വീട്ടിൽച്ചെന്ന് മാമൻ കൊടുത്ത ക്രിസ്മസ് കേക്ക് കൊണ്ടുവന്ന് അവർക്ക് പങ്കുവച്ചു കൊടുത്തു. സ്നേഹത്തോടെ നിർബന്ധിച്ച് വീണ്ടും വീണ്ടും കഴിപ്പിച്ചു. അവർ കേക്ക് കഴിച്ച് തൃപ്തരായി.

      നാടോടികളായ ആ കുട്ടികളെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലൊരു വിരുന്ന് ജീവതത്തിൽ ആദ്യമായിരുന്നു. ആരും അവരെ തൊടുകയോ, സ്നേഹിക്കുകയോ ചെയ്തിരുന്നില്ല. സന്തോഷം കടലായി ഹൃദയത്തിൽ തിരയടിച്ചു. ആ തിരകൾ കണ്ണുകളിൽ കണ്ണീരായി. അവർ ആക്രി വിറ്റുകിട്ടിയ അവരുടെ സമ്പാദ്യം മുഴുവനും വിവേകിന് സമർപ്പിച്ചു.

   'വേണ്ട,  വേണ്ട' എന്ന് വിവേക് വിളിച്ചു പറഞ്ഞെങ്കിലും അവർ ചെവിക്കൊണ്ടില്ല.

  'അടുത്ത വർഷം ഞങ്ങൾ വീണ്ടും വരും. അപ്പോൾ കേക്കു വാങ്ങി തന്നാൽ മതി' ഇത് പറഞ്ഞ് നാടോടി ബാലസംഘം അകന്നുപോയി.

പത്തിൻ്റെയും അമ്പതിൻ്റേയും ഏറെ നോട്ടുകൾ വിവേകിൻ്റെ വിരലുകൾക്കിടയിൽ വിശ്രമിച്ചു. ഇനി അവന് 'ഡ്രീം വേൾഡ്' കാണാം. അവനെ പൊതിഞ്ഞിരുന്ന നിരാശയുടെ മഞ്ഞ് അലിത്തു പോകാൻ തുടങ്ങി.