കടലും, മത്തി വറുത്തതും, ചില ഓർമ്മകളും : ഓമന ജോൺ, മസ്‌കറ്റ്

എന്റെ ബാല്യം...
എനിക്ക് ഏഴു വയസ്സുള്ളപ്പോഴാണ് ഞങ്ങൾ ആലപ്പുഴയിൽ എത്തുന്നത്. ആദ്യമായി താമസം തുടങ്ങിയതു കടപ്പുറത്തിനു അടുത്തുള്ള ആ വീട്ടിലായിരുന്നു. രണ്ടു കിടപ്പു മുറികളും, മുൻവശത്ത് ഒരു ഹാളുമുള്ള നല്ലൊരു വീട്. അടുക്കള, വീടിനു പുറത്തായിരുന്നു. വീടിന്റെ മുന്നിലും, പുറകിലും നല്ല സ്ഥലമുണ്ടായിരുന്നു. പുറകുവശത്തുള്ള ഒരു മരത്തിൽ (മാവ് ആണെന്നാണെന്റെ ഓർമ്മ) എന്റെ അപ്പനെനിക്ക് ഒരു ഊഞ്ഞാൽ കെട്ടിത്തന്നിരുന്നു. വീട്ടിൽ നിന്നും അഞ്ചു മിനിട്ടു നടന്നാൽ മതി കടപ്പുറത്തെത്തും.
ഞങ്ങളുടെ വീടിനു ചുറ്റും ധാരാളം അയൽക്കാർ ഉണ്ടായിരുന്നു. കൂടുതലും മൽസ്യത്തൊഴിലാളികൾ. പുറം കടലിൽ പോയി മീൻ പിടിച്ചു കൊണ്ടു വന്നു, അതു വിറ്റു, കുടുംബം പോറ്റുന്നവർ. അതായത്, കടലിന്റെ മക്കൾ.
വീടിന്റെ തൊട്ടരികിൽ തന്നെ സെബാസ്ത്യാനോസ് പുണ്യവാളന്റെ ഒരു കൊച്ചു പള്ളി ഉണ്ടായിരുന്നു. ഓലമേഞ്ഞ, പനമ്പുകൊണ്ടു മറച്ച, ഒരു പള്ളി. രാവിലെകളിൽ, അവിടെ ഒരു നഴ്സറി സ്കൂൾ പ്രവർത്തിച്ചിരുന്നു. സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ ഒരു സിസ്റ്ററായിരുന്നു കൊച്ചു കുട്ടികളെ പഠിപ്പിച്ചിരുന്നത്. എന്റെ ഇളയ സഹോദരനും അവിടെ പഠിച്ചു.
എല്ലാ വർഷവും ആ പള്ളിയിൽ ആഘോഷകരമായ പെരുന്നാൾ നടത്തിയിരുന്നു. ആ കാലത്ത്, എല്ലാ ദിവസവും രാത്രി സമയത്ത്, ചുറ്റും താമസിക്കുന്ന എല്ലാവരും പള്ളിയിൽ ഒത്തുകൂടി പ്രാർത്ഥനകൾ നടത്തിയിരുന്നു. പെരുന്നാളിന്റെ അവസാന ദിനം, ആലപ്പി തീയേറ്റഴ്‌സിന്റെ ബൈബിൾ നാടകങ്ങൾ ഉണ്ടായിരുന്നു.
വറുത്ത മത്തിയുടെ ചിത്രം കാണിച്ചിട്ട് ഞാനെന്താ നാട്ടു പുരാണം പറയുന്നതെന്ന് നിങ്ങൾ വായനക്കാർ ചിന്തിക്കുന്നുണ്ടാകും.
ഈ കഥയിലെ കഥാപാത്രങ്ങളെക്കുറിച്ചു ഞാൻ പറയണമെങ്കിൽ, എന്റെ ആ വീടും പരിസരത്തെപ്പറ്റിയും പറയേണ്ടതുണ്ട്.
ഇതിലെ നായകൻ ദേവസ്യാചേട്ടനും, നായിക അന്നചേടത്തിയും, ഞങ്ങളുടെ തൊട്ടടുത്ത അയൽവാസികൾ ആയിരുന്നു. എന്റെ അപ്പനും അമ്മയും, മറ്റു അയൽവാസികളും, അവരെ അങ്ങനെയാണു വിളിച്ചിരുന്നത്.
ദേവസ്യാച്ചേട്ടൻ കൂട്ടുകാരോടൊപ്പം കടലിൽ മീൻ പിടിക്കാൻ പോകും. അന്നചേടത്തി കൊട്ടയിൽ മീൻ വീടുകളിൽ കൊണ്ടു പോയി വിൽക്കും. അന്നചേടത്തിയുടെ വേഷം വെള്ള ചട്ടയും കൈലിയുമായിരുന്നു. കാതിൽ ഒരു കുണുക്കു ഉണ്ടായിരുന്നു എന്നു തോന്നുന്നു. കറുപ്പായിരുന്നു നിറം. മെലിഞ്ഞിട്ടായിരുന്നു.
ഞാനീ ദമ്പതികളെ കാണുമ്പോൾ തന്നെ അവർക്കു നല്ല പ്രായമുണ്ട്. മക്കളില്ല. ഓലമേഞ്ഞ കൊച്ചു കുടിലാണ് അവരുടെ വീട്. അവരുടെ വീട്ടിൽ, അവരുടെ കൂടെ ഇരുന്നു ഞാൻ പല പ്രാവശ്യം ഭക്ഷണം കഴിച്ചിട്ടുണ്ട്.
പിന്നെ, ഭക്ഷണം എന്റെ ബലഹീനതയാണെന്നു പലർക്കും അറിയാമല്ലോ. ഒരു വിളി മതി. ഞാൻ അവിടെ കാണും. ഭക്ഷണത്തിന്റെ കാര്യത്തിൽ ഞാൻ സ്റ്റാറ്റസ് ഒന്നും നോക്കാറില്ല. എന്നെ സ്നേഹിക്കുന്നവർ, ഭക്ഷണം കഴിക്കാൻ എന്നെ ക്ഷണിക്കുമ്പോൾ, ഒരിക്കലും അവരെ നിരാശപ്പെടുത്തരുത് എന്നാഗ്രഹിക്കുന്നവൾ ആണു ഞാൻ. ബാല്യം മുതൽ എന്നോടൊപ്പം ഉള്ളൊരു ബലഹീനത ആണിത്. ഇപ്പൊഴും, അതു കൂടെതന്നെ ഉണ്ട്.
ആ രംഗം എനിക്ക് ഇപ്പൊഴും ഓർമ്മയുണ്ട്. അതായത്, ഒരു ഉച്ച നേരം. ഞാൻ ദേവസ്യാച്ചേട്ടന്റെയും, അന്നചേടത്തിയുടെയും കൂടെയിരുന്നു ചോറുണ്ണുന്നു. നല്ല പച്ചരിച്ചോറ്. കൂടെ, എന്തോ കറിയും മത്തി വറുത്തതും. ഒരു പാത്രം നിറയെ മത്തി വറുത്തത് ഉണ്ടായിരുന്നു. മത്തി, എങ്ങിനെ പാചകം ചെയ്താലും എനിക്ക് ഇഷ്ടം. എങ്കിലും, മസാലയിൽ പൊതിഞ്ഞു, കുരുമുളകൊക്കെ നന്നായി അരച്ചുചേർത്തുപിടിപ്പിച്ചിരുന്നതുകൊണ്ട് അന്ന് ചേടത്തിയുണ്ടാക്കിയ മത്തി വറുത്തതിന് നല്ല ടേസ്റ്റായിരുന്നു, ഞാനത് നന്നായി കഴിച്ചു, ഇപ്പോഴും ആ രുചി എന്റെ നാവിലുണ്ട്.
ഇന്നും മത്തി വറുത്തതു കാണുമ്പോൾ, എന്റെ ഓർമ്മയിൽ ദേവസ്യാചേട്ടന്റെയും, അന്നചേടത്തിയുടെയും മുഖങ്ങൾ തെളിഞ്ഞു വരും.
******* ******** ******** ********** ******** ******* ******** ******** ****** ***
ശാന്തമായ കടൽ....
ആ കാഴ്ച കാണാൻ എനിക്കു വളരെ ഇഷ്ടമാണ്.
കുട്ടിക്കാലത്ത് കൂട്ടുകാരുമൊത്ത് ഞാൻ അവിടെ... ആ കടപ്പുറത്ത് എത്തിയിരുന്നു. മേൽമണ്ണ് മാറ്റി... കുഴികൾ കുഴിച്ച്... നനഞ്ഞ മണ്ണുകൊണ്ട് ഞാൻ ധാരാളം അമ്പലങ്ങൾ, രൂപങ്ങൾ, ഉണ്ടാക്കി. ചില സമയങ്ങളിൽ വർണശബളമായ കടലാസ്സു കൊണ്ടുണ്ടാക്കിയ പട്ടങ്ങൾ പറത്തി. ഐസ്ക്രീം വിൽപ്പനക്കാരൻ സൈക്കിളിൽ, പെട്ടിയിൽ കൊണ്ടു വന്ന, പല നിറത്തിലെ കമ്പിൽ നിറച്ച, ഐസ്ക്രീം നുണഞ്ഞു. അങ്ങനെ ആ കടാപ്പുറത്തെ (ചെമ്മീൻ സിനിമയിലെ ഭാഷയിൽ പറഞ്ഞാൽ) ഞാൻ ഒത്തിരി സ്നേഹിച്ചിരുന്നു. ഇന്നും, സ്നേഹിക്കുന്നു.
കടൽ, പലപ്പോഴും മനുഷ്യരെ പോലെയാണ്. അവളുടെ പ്രകൃതം മാറിക്കൊണ്ടിരിക്കും. ചിലപ്പോൾ ശാന്തം. നിശ്ചലം. അവളങ്ങിനെ കിടക്കും. പക്ഷെ, ആഴങ്ങളിൽ അവൾ പലതും ശാന്തമാക്കി ഒരുക്കി വെക്കും. അവൾ കരുത്താർജിക്കുകയാണ്. ശക്തി സംഭരിച്ചു ഒരു ദിവസം അവൾ പ്രത്യക്ഷപ്പെടും. തിരമാലകളെ അവൾ ശക്തമായി മുകളിലോട്ടു ഉയർത്തും. സംഹാരരുദ്രയായി തീരങ്ങളിൽ ആഞ്ഞടിക്കും. മനുഷ്യർ അവളുടെ വരവു കണ്ടു ഭയക്കും. മനുഷ്യരെ അവൾ വിറപ്പിക്കും.
നീലക്കടൽ കാണുമ്പോൾ, രാമു കാര്യാട്ടിന്റെ "ദ്വീപ് " എന്ന സിനിമയിൽ "കടലേ... നീല കടലേ" എന്ന ഗാനം എനിക്കോർമ്മ വരും.
അറിയാതെ ഞാനും പാടുന്നു,
കടലേ... നീല കടലേ...
- ഓമന ജോൺ