ലെഫലാലെയിലേക്ക്  ഒരു യാത്ര : ലീലാമ്മ തോമസ് ബോട്സ്വാന

ലെഫലാലെയിലേക്ക്  ഒരു യാത്ര : ലീലാമ്മ തോമസ് ബോട്സ്വാന

 


ഫ്രിക്കയിലെ "ലെഫലാലെ" എന്ന സ്ഥലം "ബുഷ്‌വെൽഡിന്റെ ഹൃദയമിടിപ്പ്" എന്നർഥമുള്ളത്  ദക്ഷിണാ  ഫ്രിക്കയിലെ  ലിംപോപ്പോയിലെ വാട്ടർബർഗ് മേഖലയിലാണ്.
ബോട്ട്സ്വാനയിൽ നിന്നും സൗത്ത് ആഫ്രിക്കയിലേക്കുള്ള ഞങ്ങളുടെ യാത്ര  അവിടെയുള്ള ഒരു ഗ്രാമത്തലവന്റെ  വീട്ടിലേക്ക്‌ ആയിരുന്നു . ബോട്സ്വാനയിലെ മൗണിൽ നിന്നും സൗത്ത് ആഫ്രിക്കയിലേക്ക് 1,500 കിലോമീറ്റർ ദൂരമുണ്ട്. കാണാൻ മനോഹരമാണ്. ഓരോ സ്ഥലത്തും നിർത്തി നിർത്തി പോയതിനാൽ കാഴ്ചകൾ നന്നായി  ആസ്വദിക്കാൻ  സാധിച്ചു.

ലെഫലാലെയിലെ അണക്കെട്ട് നല്ലൊരു കാഴ്ചാനുഭവമാണ് സമ്മാനിച്ചത്. നമ്മുടെ നാട്ടിലെ നീണ്ടകര പോലെ  കാണാൻ വളരെ രസമുള്ള സ്ഥലമാണത്. ബുഷ്‌ വെൽഡിന്റെ ഹൃദയമിടിപ്പ് അവിടെ നിന്നാൽ കേൾക്കാം. ഒരുപാടു മത്തങ്ങാ കൃഷിയുള്ള സ്ഥലമാണത്. കന്നുകാലികൾ, പുകയില, തണ്ണിമത്തൻ, മുന്തിരി, പലതരം പച്ചക്കറികൾ എന്നിവ ധാരാളമായി കൃഷി ചെയ്യുന്ന ഒരു വലിയ കർഷക സമൂഹവും ലെഫലാലെയിലുണ്ട്.

  അവിടെ കൃഷിതോട്ടത്തിന്റെ നടുവിലൂടെ നടന്ന്  ആസ്വദിക്കുന്നതിനിടയിൽ ഒരു കടന്നലിന്റെ കടിയേറ്റു ഞാൻ തരിച്ചു നിന്നു. അതു കണ്ടുനിന്ന ഒരു ബുഷ് പെണ്ണ് (ആദിവാസി) ഓടി വന്നു വിഷം വായ് കൊണ്ടു വലിച്ചെടുത്തു. ജെബിളിന എന്നാണ് അവളുടെ പേര്. അവൾ പറഞ്ഞു ഈ കടന്നൽ വിധവയാണന്ന്.

ഞാൻ അത്ഭുതപ്പെട്ടു ചോദിച്ചു?
അതെങ്ങനെ അറിയും?  അപ്പോൾ അവൾ പറഞ്ഞു:- ഒറ്റയ്ക്ക് പറക്കുന്ന കടന്നൽ വിധവ കടന്നലാണ്. അവയ്ക്ക് വിഷവും അക്രമവാസനയും കൂടുതലാണ്.

ആ കാട്ടു പെണ്ണിന്റെ പ്രകൃതി നിരീക്ഷണ പാടവം എന്നെ അൽഭുതപ്പെടുത്തി.

ഈനാംപേച്ചിയെ  അവിടെ  കൂടുകളിൽ സൂക്ഷിച്ചിരിക്കുന്നു.  ഈനേംപേച്ചി നൃത്തം ചെയ്യുന്നു കണ്ണിൽ കൂടി വെള്ളം വരുന്നു.. അപ്പോൾ  അവിടെ  എല്ലാവരും സന്തോഷം കൊണ്ടു തുള്ളിച്ചാടി വരാനിരിക്കുന്ന മഴയുടെ ശകുനമാണന്നു പറഞ്ഞു.

ഞങ്ങൾ ഗ്രാമത്തലവന്റെ സന്നിധിയിൽ മന്ത്ര തന്ത്രങ്ങളും ആദിവാസി ചികിൽസയും നടത്തുന്നതു കാണാൻ പോയി . ദക്ഷിണ ആഫ്രിക്കൻ പരമ്പരാഗത ചികിൽസയുടെ നിഗൂഢമായ ചില രഹസ്യങ്ങൾ  ഗ്രാമത്തലവൻ  വിവരിച്ചുതന്നു
എന്നാൽ ഇവിടെ വെളിച്ചപ്പാടുകളോ, അമാനുഷ സിദ്ധന്മാരോ ഇല്ല. പ്രകൃതി പഠിപ്പിക്കുന്ന സിദ്ധികളും, ചികിത്സകളും, പാരമ്പര്യ ചികിത്സകളും ഒക്കെയുള്ള ആഫ്രിക്കയിലെ രീതികൾ കാണും തോറും അത്ഭുതമാണ്. ആഫ്രിക്കൻ അത്ഭുത സിദ്ധികൾ അവിചാരിതമായി കാണാൻ കിട്ടിയ ഓരോ അവസരവും പ്രയോജനപ്പെടുത്തി.

" പാപ്പാഹസാത്ത്" എന്ന് അറിയപ്പെടുന്ന ഒരു ആഫ്രിക്കൻ ആത്മീയ രോഗ ശാന്തിക്കാരനെ കുറിച്ച്   ഗ്രാമത്തലവൻ  വിശദീകരിച്ചു. ആ ആഫ്രിക്കൻ  രോഗ ശാന്തിക്കാരനെ "പാപ്പാ" (അനുഗ്രഹം) എന്ന് വിളിക്കുന്നു. അദ്ദേഹം നടത്തിയ ചില സേവന മന്ത്രങ്ങൾ വിശദീകരിച്ച ഗ്രാമത്തലവൻ അദ്ദേഹത്തെ കൂടുതൽ പരിചയപ്പെടുത്തി. പണ മന്ത്രങ്ങൾ, പ്രണയ മന്ത്രങ്ങൾ, മാന്ത്രിക നീക്കം, മനസ്  വായന, കാമുകനെ ജീവിതത്തിലേക്ക് തിരികെ ക്കൊണ്ടുവരൽ, ഒഴിവാക്കൽ, വിവാഹമോചനം, ചൂതാട്ടം, നഷ്ടപ്പെട്ട സ്വത്തു തിരിച്ചു പിടിക്കൽ,  മാന്ത്രിക കണ്ണാടിയിലൂടെ   ശത്രുക്കൾ ആരാണെന്ന് കണ്ടെത്തുക അങ്ങനെ പല വിധമായ അൽഭുതങ്ങളേ പറ്റി അദ്ദേഹം വിശദീകരിച്ചു. 

*നിങ്ങൾക്ക് വിഷാദം തോന്നുന്നുണ്ടോ?
*നിങ്ങൾ മറ്റൊരാളോടൊപ്പം ഉറങ്ങുകയാണോ?
*അവൻ അല്ലെങ്കിൽ അവൾ നിങ്ങൾക്കായി മാത്രം സമ്പത്ത് സമ്പാദിച്ചിട്ടുണ്ടോ?
*നിങ്ങളുടെ ജീവിതകാലം മുഴുവൻ  അവൻ നിങ്ങളുമായി ആഴത്തിൽ പ്രണയത്തിൽ ആകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
*നിങ്ങളുടെ കൽപ്പനകളെ എപ്പോഴും മാനിക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം  അവിടെ പ്രതിവിധി ഉണ്ട് !!

മരുന്നുകളായി  പ്രധാനമായും പച്ചക്കറിയുടെ കിളിന്നിലകൾ, പുറംതൊലി, ഇലകൾ, ചെറു തൈകൾ, മാംസഭാഗങ്ങൾ, തൊലി, എല്ലുകൾ, അല്ലെങ്കിൽ എല്ലാത്തരം മൃഗങ്ങളുടെയും രക്തം (മനുഷ്യർ ഉൾപ്പെടെ) പൊടികൾ തുടങ്ങിയവയുടെ മിശ്രിതങ്ങളാണ് ഉപയോഗിക്കുന്നത്

. ഇവിടെ പ്രാർത്ഥനയുടെ അകമ്പടിയോടു കൂടിയാണ് ഈ ഔഷധം നൽകപ്പെടുന്നത്. "താൻ പാതി ദൈവം പാതി" എന്ന വിശ്വാസത്തെ സാധൂകരിക്കുന്ന ഈ ആദിവാസി ചികിൽസയും
ഒപ്പമുള്ള പ്രാർത്ഥനയും ഇവിടെ വളരെ പ്രയോജനം കാണിക്കുന്നു.