ഇവൾ സാവിത്രി: കഥ, ഹേമാ വിശ്വനാഥ്

ഇവൾ സാവിത്രി: കഥ, ഹേമാ വിശ്വനാഥ്

സൂര്യ താപനിലയം ആകാശത്ത് അതിശക്തമായ പ്രവർത്തനം നടത്തിപ്പോരുന്ന നേരത്ത് പണ്ടെങ്ങോ തുറന്നടച്ച മലയാറ്റൂരിന്റെ യന്ത്രം വീണ്ടും പൊടിതട്ടിയെടുത്ത് ഞാൻ പതിയെ തിരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒതുക്കു കല്ലുകൾ കയറി അവൾ വന്നത്. സാവിത്രിക്കുട്ടി. 

   അവളുടെ മുഖം അസ്തമന സൂര്യന്റെ ചുംബനമേറ്റ സന്ധ്യാംബരംപോലെ ചുവന്നു തുടുത്തിരുന്നു.

  ഇന്നലെ ഫോണിൽക്കൂടി വിവരം പറഞ്ഞതല്ലേ. പിന്നെയീ വെയിലുംകൊണ്ട് വരണമായിരുന്നോ സാവീ. ഞാൻ സ്നേഹത്തോടെ പരിഭവിച്ചു.

    തന്റെയടുത്തു വന്നില്ലെങ്കിൽ നാളത്തേക്കൊരു മനോബലം എനിക്കു കിട്ടില്ല. അവൾ വിഷാദഛവികലർന്ന പുഞ്ചിരി തൂകി.

  അതിരിക്കട്ടെ നാളത്തെ പ്രോഗ്രാമിന് നിന്റെ ഭർത്താവ് സഹകരിക്കുമോ?

  ഒന്നുമറിയില്ല. നാളത്തേതിന്റെ മുന്നോടിയായിട്ടു കിട്ടിയ സമ്മാനമാണ് എന്റെ മുഖത്ത്, അവൾ മുഖം മുൻപോട്ടു നീട്ടിപ്പിടിച്ചു. ഞാൻ ആ മുഖത്തേക്കുസൂക്ഷിച്ചു നോക്കി. അഞ്ചു വിരൽപ്പാടുകൾ മുഖമാകെ ചുമപ്പിച്ചിരിക്കുന്നു. അതാണോ സന്ധ്യാംബരം പോലെ തുടുത്തിരുന്നത്.

ഞങ്ങളെല്ലാവരും നാളത്തെ ചടങ്ങിൽ പങ്കെടുക്കും. നീ ധൈര്യമായി പൊയ്ക്കൊള്ളൂ. അവളെ സമാധാനിപ്പിച്ചു.

വിയർപ്പുതുള്ളികളാലലംകൃതയായി ഒരു ഗ്ലാസ്സ് ദാഹനീരിൽ അഭയംതേടി അവൾ ഇളംവെയിലിലെ മഞ്ഞുതുള്ളിപോലെ പടിയിറങ്ങി മാഞ്ഞുപോയി.

അവൾ വന്നുപോയതിന്റെ അലകളിലൊഴുകി ഞാൻ പിന്നോട്ടുരുണ്ട് ഓർമ്മയുടെ കയത്തിൽ വീണു.

  യന്ത്രം കസേരയിൽ ചലനമറ്റു കിടന്നു.

   കുഞ്ഞുന്നാൾ മുതൽ സാഹിത്യാഭിരുചിയുള്ളവളായിരുന്നു സാവിത്രി. പിന്നീട് കഥകളിലൂടെയും കവിതകളിൽക്കൂടിയും സാവീ വളർന്നു വലുതായി.

    വിവാഹത്തിനു മുൻപായി പല പുസ്തകങ്ങളുടെയും ഉടമസ്ഥയായി. പക്ഷെ വിവാഹശേഷം അക്ഷരങ്ങളും ആശയങ്ങളും അവളിൽനിന്നൊരു തീണ്ടപ്പാടകലെയായി. എന്തെഴുതിയാലും അതെല്ലാം ഒരു തീപ്പെട്ടികൊള്ളിയാൽ മരണം വരിച്ചു.

  അവളുടെ ഭർത്താവ് സർക്കാർ സർവ്വീസിൽ ഉയർന്ന ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥൻ ആയിരുന്നു. എപ്പോഴും ജോലിസംബന്ധമായ യാത്രകൾ. നല്ല വിദ്യാഭ്യാസം ഉണ്ടായിട്ടും അവൾ കൂട്ടിലടച്ച കിളിയായി. ഏകാന്തതയുടെ കൊയ്ത്തുകാരി. അയാൾ വീട്ടിൽ ഇല്ലാത്ത സമയങ്ങളിൽ സാവീ കഥകൾ എഴുതി മാസികകൾക്ക്‌ അയച്ചു കൊടുത്തിരുന്നു. അതെല്ലാം സാഹിത്യസഹകരണ സംഘം കഥാസമാഹാരമാക്കി. നാളെയതു പ്രകാശനം ചെയ്യുകയാണ്. ഭർത്താവിന് ഒരുരൂപയുടെ ചെലവുപോലുമില്ല. എന്നിട്ടും എന്തെയിങ്ങനെ?

ചില പുരുഷന്മാരുടെ സ്വഭാവമാണ്. സ്ത്രീ എന്നും അടിമയായി കിടന്നോളണം. ഉയരരുത്.  വാക്കുകൾ ശക്തിപ്പെടരുത്. എന്റെ ഓർമ്മകൾളുടെ തപ്പിപ്പെറുക്കലിനു വിരാമമിട്ടുകൊണ്ട് ഞാൻ എണീറ്റു.

അവൾ പഠിച്ച സ്കൂളിൽ വെച്ചു പുസ്തക പ്രകാശന കർമ്മം നടന്നു. ധാരാളം ആളുകൾ സംബന്ധിച്ചിരുന്നു. പക്ഷെ അവളുടെ ഭർത്താവുമാത്രം ചടങ്ങിൽ പങ്കെടുത്തില്ല. അയാൾ ജോലി സംബന്ധമായ യാത്രയിലാണെന്ന് എല്ലാവരോടും പറഞ്ഞു അവൾ മുഖം രക്ഷിച്ചു.

   കഥാസമാഹാരത്തിലൊരു പുസ്തകം അവൾ എനിക്കു സമ്മാനിച്ചു. ഞാൻ പുസ്തകം തുറന്നു. എന്റെ കണ്ണുകൾക്ക് വിശ്വസിക്കാനായില്ല ആദ്യത്തെ താളിൽ അവൾ കുറിച്ചിട്ടിരിക്കുന്ന വാചകങ്ങൾ.

 

"സ്നേഹനിധിയായ എന്റെ ഭർത്താവിന്റെ പൂർണ്ണ പിന്തുണയാണ് എനിക്ക് എഴുത്തിന്റെ വഴികളിൽ മുൻപോട്ടുപോകുവാൻ ശക്തി പകരുന്നത്. എന്റെ രചനകളെല്ലാം അദ്ദേഹം വായിച്ചു തെറ്റുകൾ തിരുത്തും. അദ്ദേഹമാണെന്റെ പ്രചോദനം. അതിനാൽ ഈ കഥാസമാഹാരം എന്റെ ഭർത്താവിന്റെ സ്‌നേഹത്തിനു മുൻപിൽ ഞാൻ സമർപ്പിക്കുന്നു".

                     "സാവിത്രി ".

     ഇത്രയും നാളും അവളുടെ സാഹിത്യവാസനയേ ക്ഷതമേൽപ്പിച്ച ഭർത്താവിനെ അവൾ പുകഴ്ത്തി പറഞ്ഞിരിക്കുന്നു. ശരിക്കും ഭാരതസ്ത്രീയുടെ വിശുദ്ധി അവളിൽക്കൂടി തെളിഞ്ഞിരിക്കുന്നു ഇവിടെ പുരാണ കഥയിലെ സാവിത്രി വീണ്ടും ജനിച്ചിരിക്കുന്നു.

  ഞാൻ അവളുടെ കണ്ണുകളിലേക്കു നോക്കി. ആ കണ്ണുകളിൽ പെയ്യാൻ പാകത്തിന് കാർമേഘ ശകലങ്ങൾ ഉരുണ്ടുകൂടിയിരുന്നു.