ബുദ്ധപൂർണ്ണിമ: ലേഖനം, സൂസൻ പാലാത്ര

ബുദ്ധപൂർണ്ണിമ: ലേഖനം, സൂസൻ പാലാത്ര

         2016-ലെ വിഷുദിനത്തിൽ എനിക്ക് യശ:ശരീരനായ ബാബു പോൾ (IAS) സാറിൽ നിന്ന് ഭഗവാൻബുദ്ധ അവാർഡ് ലഭിക്കുകയുണ്ടായി. തിരുവനന്തപുരം കനകക്കുന്നു കൊട്ടാരത്തിൽ, ഞാൻ എഴുതിയ 'ദു:ഖത്തിൻ്റെ കതിരുകൾ' എന്ന പുസ്തകത്തിലെ ആശയങ്ങൾ മാനിച്ച്,  രാമൻകുട്ടി സാർ സംഘാടകനായ പ്രൗഢമായ ഒരു സദസ്സിൽ വച്ചാണ് ആ ഭാഗ്യം ലഭിച്ചത്. ഇന്ന് ബുദ്ധപൂർണ്ണിമ ദിനത്തിൽ ആ സന്തോഷം വായനക്കാരുമായി ഞാൻ പങ്കുവയ്ക്കുന്നു.

  ക്രിസ്തുവിൻ്റെ വചനങ്ങൾക്കും ശ്രീബുദ്ധൻ്റെ തത്വങ്ങൾക്കും തമ്മിൽ വലിയ സാമ്യം കാണപ്പെടുന്നു. നന്മയുടെ സന്ദേശങ്ങൾ മാത്രമേ ക്രിസ്തുവും  ബുദ്ധനും ഉൽഘോഷിച്ചിട്ടുള്ളൂ. നന്മയുടെ സന്ദേശങ്ങൾ ഉൾക്കൊള്ളാനും അത് പ്രചരിപ്പിക്കാനും നാം ഉത്സുകരാകണം. എങ്കിൽ,  തീർച്ചയായും നമ്മുടെ യുവജനങ്ങൾ ഉൾപ്പടെയുള്ള ലോകജനത തിന്മയുടെ മാർഗ്ഗത്തിലൂടെയുള്ള സഞ്ചാരം ഉപേക്ഷിച്ച് സത്യത്തിൻ്റെ പാതയിലൂടെ ചരിയ്ക്കാൻ പ്രാപ്തരാകും. 

  കപിലവസ്തുവിലെ ശുദ്ധോധന രാജാവിൻ്റെയും മായാദേവിയുടെയും പുത്രനായി സമ്പൽസമൃദ്ധിയുടെ മണിത്തൊട്ടിലിലാണ് സിദ്ധാർത്ഥൻ  പിറന്നുവീണത്. വൈശാഖ മാസത്തിലെ പൗർണ്ണമിയിൽ (വെളുത്ത വാവ്) വിശാഖം നാളിലാണ് സിദ്ധാർത്ഥൻ ഭൂജാതനായത്. പശ്ചിമനേപ്പാളിലെ രുപന്ദേഹി ജില്ലയിലെ ലുംബിനിയിലാണ് ജനനം. സിദ്ധാർത്ഥനെ പുറംലോകത്തെ ദുരിതങ്ങൾ അറിയിക്കാതെ, മകൻ്റെ മനസ്സിന് യാതൊരു ഉലച്ചിലും ഉണ്ടാകാതിരിക്കാൻ അതിശ്രദ്ധയോടെയാണ് രാജാവ് മകനെ വളർത്തിയത്. 

 എന്നാൽ, അവിചാരിതമായി ഒരു മരണം കണ്ട സിദ്ധാർത്ഥന്  ദു:ഖമടക്കാനായില്ല. വാർദ്ധക്യം, മരണം, വേർപാട് ഇവയുണ്ടാക്കുന്ന മനസ്സിൻ്റെ മുറിപ്പാടുകളെക്കുറിച്ച് സിദ്ധാർത്ഥൻ ആഴത്തിൽ മനസ്സിലാക്കി. ഇതിൽനിന്നുള്ള മോചനത്തിനായി ആ മനസ്സ് ഉഴറി. 

മകൻ്റെ ദു:ഖങ്ങൾ അകറ്റാനും അവൻ ലോകസുഖങ്ങളിൽ വ്യാപരിക്കാനുമായി രാജാവ് മകനെ യശോധരയെന്ന ഒരു ബാലികയെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. പിന്നീട് അവർക്ക് ഒരു മകൻ ജനിച്ചു, രാഹുൽ. 

       ആഡംബര ജീവിതം ഇഷ്ടമില്ലാതിരുന്ന  സിദ്ധാർത്ഥന് രാജകൊട്ടാരത്തിലെ സുഖസമൃദ്ധിയ്ക്കോ  കളത്രപുത്രാദി ബന്ധത്തിനോ യാതൊരു മാറ്റവും വരുത്താനായില്ല. 

    ഒരുനാൾ, വൈശാഖ മാസത്തിലെ പൗർണ്ണമി നാളിൽ സിദ്ധാർത്ഥന് ബീഹാറിലെ ഗയ എന്ന സ്ഥലത്തുവച്ച് ഒരു ബോധി വൃക്ഷത്തണലിൽ ധ്യാനനിമഗ്നനായിരുമ്പോൾ 'ജ്ഞാനോദയം' ലഭിച്ചു. ബോധോദയം ലഭിച്ച സിദ്ധാർത്ഥൻ പിന്നീട് ബുദ്ധൻ എന്ന പേരിലറിയപ്പെട്ടു. ബുദ്ധൻ തനിയ്ക്കു ലഭിച്ച ആത്മജ്ഞാനത്തിൻ്റെ സത്ത വെളിപ്പെടുത്താനും തൻ്റെ തത്വങ്ങളായ അഷ്ടാംഗമാർഗ്ഗങ്ങൾ പ്രചരിപ്പിക്കാനുമായി വെമ്പൽകൊണ്ടു. 

      ബുദ്ധൻ ഒരുരാത്രിയിൽ ഉറങ്ങിക്കിടന്ന ഭാര്യയെയും മകനെയും രാജകൊട്ടാരത്തെയും, എന്തിനേറെ ധരിച്ചിരുന്ന വസ്ത്രങ്ങൾ പോലും ഉപേക്ഷിച്ച് സന്യാസ വേഷം സ്വീകരിച്ചു, സത്യമാർഗ്ഗങ്ങൾക്കുവേണ്ടി സ്വയം സമർപ്പിയ്ക്കപ്പെട്ടു. 

      അഹിംസയായിരുന്നു അദ്ദേഹത്തിൻ്റെ മതം. സാരാനാഥിലായിരുന്നു അദ്ദേഹം ആദ്യമായി ധർമ്മപ്രഭാഷണം നടത്തിയത്. 

    രാഗദ്വേഷമോഹങ്ങളിൽ നിന്നുള്ള മോചനമാണ് നിർവ്വാണം. സുഖകരമായ പരിശുദ്ധി, മനസ്സിൻ്റെ കലക്കമറ്റ പ്രസാദപൂർണ്ണിമ. നിർവ്വാണമടഞ്ഞവൻ പരിശുദ്ധനാണ്. മരണാനന്തരം ഒരു വ്യക്തി എന്ന നിലയിൽ നിർവ്വാണമടഞ്ഞവൻ തുടരുന്നില്ല. അവന് പുനർജ്ജന്മമില്ല.  അതായത്, 

സുഖത്തിൻ്റെ പരമകാഷ്ഠയാണ് നിർവ്വാണം. "നിർവ്വാണം പരമസുഖം'' എന്നാണ് ബുദ്ധൻ താത്ത്വീകരിച്ചത്. അഷ്ടാംഗമാർഗ്ഗത്തിൽ കൂടി ചരിച്ചാൽ നിർവ്വാണം പ്രാപിക്കാമെന്ന് ബുദ്ധൻ സമർത്ഥിച്ചു. ബുദ്ധമത ഗ്രന്ഥങ്ങളിൽ അഷ്ടാംഗമാർഗ്ഗം, നിർവ്വാണം എന്നിവയെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. 

       ക്രി.മു.  623 നും 543 നും ഇടയിലായിരുന്നു ശ്രീബുദ്ധൻ്റെ കാലഘട്ടം. വൈശാഖമാസത്തിലെ പൗർണ്ണമി നാളിൽ തൻ്റെ എണ്പതാം വയസ്സിൽ, കുശിനഗറിൽ അദ്ദേഹം നിർവ്വാണം പ്രാപിച്ചതായി അറിയപ്പെടുന്നു. ശ്രീബുദ്ധൻ ജനിച്ചതും, ബോധോദയം പ്രാപിച്ചതും, നിർവ്വാണം പ്രാപിച്ചതും ഒരേ നാളിൽതന്നെയെന്നത്  ഏറെ ശ്രദ്ധേയമാണ്.

         ശ്രീബുദ്ധനുമായി അഭേദ്യബന്ധങ്ങളുള്ള സ്ഥലങ്ങളാണ് ലുംബിനി, ഗയ, സാരാനാഥ്, കുശിനഗർ എന്നിവ. ശ്രീബുദ്ധൻ്റെ കാലഘട്ടത്തിൽ കപില വസ്തുവിനും ദേവദഹയ്ക്കും ഇടയിലുള്ള രുപന്ദേഹി ജില്ലയിലാണ് ലുംബിനി. 

അനേകരുടെ മരണത്തിനിടയാക്കിയ, അനേകം സ്ത്രീകളുടെയും കുട്ടികളുടെയും അനാഥത്വത്തിന് ഇടയാക്കിയ  കലിംഗയുദ്ധത്തോടെ മാനസാന്തരം പ്രാപിച്ച അശോക ചക്രവർത്തി ലുംബിനി സന്ദർശിച്ച് അവിടെ സമാധാനത്തിൻ്റെ സന്ദേശത്തിനായി അശോകസ്തംഭം സ്ഥാപിക്കുകയുണ്ടായി. 

       1997 മുതൽ ലുംബിനി യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളിൽ ഒന്നാണ്.


എൻ്റെ മകൾ അനു എബി സൂസൻ വീടിനുള്ളിലെ ഭിത്തിയിൽ വരച്ചിട്ടിരിക്കുന്ന ചിത്രം   .

 

 സൂസൻ പാലാത്ര