ജനലഴിയും കടന്ന്: കവിത

ജനലഴികൾക്കിടയിലൂടെ
ക്ഷണിക്കാതെ
വന്നവൻ.
പച്ചില മണം പെയ്ത
മണ്ണിന്റെ മാറിൽ
മുള പൊട്ടിയുയരേണ്ടവൻ.
ഓളം വെട്ടിയൊഴുകിയ
കാറ്റിനോടവൻ
എന്റെ വീടു തിരക്കി,
മുറി തിരക്കി,
പയ്യെ നട്ടുച്ച നേരത്ത്
അഴികൾക്കിടയിലൂടെ
തുള്ളിക്കിതച്ച്
അവൻ കയറി വന്നു.
ആരും കാണാതെ
ഞാൻ കോരിയെടുത്തും പോയ്
എന്റെ കൈക്കുമ്പിളിൽ
വെളുവെളാ വെളുത്ത് .....
ചിരിയോട് ചിരി!
ഞാനും ചിരിച്ചു.
അവനെ കയ്യിലെടുത്ത്
അമ്മാനമാടുമ്പോൾ
അച്ഛന്റെ കളിയാക്കിച്ചിരി.
കുട്ടിക്കളി മാറീലല്ലോ!!
അപ്പൂപ്പൻതാടിയൂതി -
ക്കളിക്കണ പ്രായം ....!
അണപൊട്ടിയ
ചമ്മലോടെ
ഇക്കിളിരസത്തിൽ
ചെവിയോട് ചേർത്തപ്പോൾ .......
" പെണ്ണെ ,
നിന്റെ മുക്കുത്തിച്ചിരിയോട്
നിക്ക് പ്രേമമാണ്.
നിന്റെ ചേലുകാണാൻ
വന്നതാണ് "
എന്റെ ഹൃദയമുറ്റത്ത്
ഒരായിരം
അപ്പൂപ്പൻതാടികൾ
എന്റെ മോഹങ്ങളെ
പുണർന്ന് പാറിക്കളിച്ചു....
മണ്ണമ്മ പെണ്ണിന്റെ നെഞ്ചത്ത്
അവ മുളപൊട്ടി
പൂത്ത് തളിർത്തു .......
കാവ്യ ഭാസ്ക്കർ