ഗായിക എസ്. ജാനകി അന്തരിച്ചു

Jul 11, 2026 - 15:36
 0  10
ഗായിക എസ്. ജാനകി അന്തരിച്ചു

പ്രശസ്ത ​ഗായിക എസ്. ജാനകി അന്തരിച്ചു. 88 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുട‍‌‌‌ർന്ന് മൈസൂരിലായിരുന്നു അന്ത്യം. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സംഗീത സപര്യയിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ ഇരുപതിലധികം ഭാഷകളിൽ ഭാഷകളിലായി പതിനായിരക്കണക്കിന് ഗാനങ്ങൾ എസ്. ജാനകി ആലപിച്ചിട്ടുണ്ട്.

ആയുർവേദ ഡോക്ടറും അധ്യാപകനുമായിരുന്ന സിസ്തല ശ്രീരാമമൂർത്തിയുടെയും സത്യവതിയുടെയും മകളായി 1938 ഏപ്രിൽ 23-ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലുള്ള രേപല്ലെയിലായിരുന്നു എസ്. ജാനകിയുടെ ജനനം. ശാസ്ത്രീയ സംഗീതത്തിൽ ഔപചാരികമായ വലിയ വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും പൈഡിസ്വാമി എന്ന നാദസ്വര വിദ്വാനിൽ നിന്ന് സംഗീതത്തിൻ്റെ ആദ്യപാഠങ്ങൾ അഭ്യസിച്ചു.

1957-ൽ പുറത്തിറങ്ങിയ 'വിധിയിൻ വിളയാട്ട്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ജാനകി സം​ഗീത ലോകത്തേയ്ക്ക് കടന്നുവരുന്നത്. ടി. ചലപതി റാവു ഈണം നൽകിയ ഗാനം പാടിക്കൊണ്ട് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് ചുവടുവെച്ച ജാനകി ഉടൻ തന്നെ തെലുങ്കിലേയ്ക്കും ചേക്കേറി. 1959-ൽ വി. രാംപ്രസാദുമായി വിവാഹം. അദ്ദേഹത്തിൻ്റെ പിന്തുണ ജാനകിയുടെ സംഗീത ജീവിതത്തിന് വലിയ കരുത്താണ് നൽകിയത്. 

കുട്ടികളുടെ ശബ്ദം മുതൽ പ്രായമായവരുടേത് വരെ അനായാസമായി കൈകാര്യം ചെയ്യാനുള്ള അപാരമായ കഴിവായിരുന്നു ജാനകിയെ മറ്റ് ഗായികമാരിൽ നിന്ന് വ്യത്യസ്തയാക്കിയത്. ഇളയരാജയുടെ സംഗീതത്തിൽ തമിഴിലും, എസ്.പി ബാലസുബ്രഹ്മണ്യത്തിനൊപ്പം തെലുങ്കിലും കന്നഡയിലും ജാനകി പാടിയ ഗാനങ്ങൾ കാലമെത്ര പിന്നിട്ടാലും സംഗീതാസ്വാദകരുടെ മനസിൽ മായാതെ നിലനിൽക്കുന്നവയാണ്.

മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം എസ്. ജാനകി 4 തവണ നേടിയിട്ടുണ്ട്. 1977ൽ പുറത്തിറങ്ങിയ പതിനാറു വയതിനിലേ എന്ന തമിഴ് ചിത്രത്തിലെ "ചെന്തൂരപ്പൂവേ", 1980ൽ പുറത്തിറങ്ങിയ മലയാള ചിത്രമായ ഓപ്പോളിലെ "ഏറ്റുമാനൂരമ്പലത്തിൽ എഴുന്നള്ളിപ്പ്", 1984ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ സിതാരയിലെ ഗാനം, 1992ലെ തേവർ മകൻ എന്ന തമിഴ് ചിത്രത്തിലെ ഗാനം "ഇഞ്ചി ഇടുപ്പഴഗാ" എന്നിവയ്ക്കാണ് ജാനകിയെ തേടി ദേശീയ പുരസ്കാരങ്ങൾ എത്തിയത്.

കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നീ സർക്കാരുകളുടെ മുപ്പതിലധികം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ജാനകി നേടിയിട്ടുണ്ട്. കേരള സംസ്ഥാന അവാർഡ് മാത്രം 11 തവണയാണ് ജാനകി സ്വന്തമാക്കിയത്. 2013-ൽ പ്രഖ്യാപിച്ച പത്മഭൂഷൺ പുരസ്കാരം, വൈകി വന്ന അംഗീകാരമെന്ന് ചൂണ്ടിക്കാട്ടി ജാനകി നിരസിച്ചത് വലിയ വാർത്തയായിരുന്നു.