ഇസ്രായേല്‍ എംബസിക്ക് സമീപം സ്ഫോടനം; നിര്‍ണായക തെളിവ് ലഭിച്ചെന്ന് പൊലീസ്

ഇസ്രായേല്‍ എംബസിക്ക് സമീപം സ്ഫോടനം; നിര്‍ണായക തെളിവ് ലഭിച്ചെന്ന് പൊലീസ്

ന്യൂഡല്‍ഹി: ഇസ്രായേല്‍ എംബസിക്ക് സമീപം ചൊവ്വാഴ്ച വൈകീട്ടുണ്ടായ സ്ഫോടനം, 2021ലെ സ്ഫോടനത്തിന് സമാന സ്വഭാവമുള്ളതാണെന്ന് ഡല്‍ഹി പൊലീസ്.

മുമ്ബ് സ്ഫോടനം നടന്ന അതേ സ്ഥലത്താണ് ഇത്തവണയും സ്ഫോടനമുണ്ടായതെന്നും പൊലീസ് പറയുന്നു.

സ്ഫോടനം നടന്ന് രണ്ട് ദിവസം പിന്നിട്ടും പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നാല്‍, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാൻ ആവശ്യമായ നിര്‍ണായക തെളിവ് ലഭിച്ചിട്ടുണ്ടെന്ന് വെള്ളിയാഴ്ച പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജൻസികള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്ഥലത്തെ ഒന്നിലധികം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ ജാമിഅ നഗറില്‍നിന്ന് ഓട്ടോറിക്ഷയില്‍ വന്ന പ്രതിയെ കണ്ടെത്തിയെന്നും പൊലീസ് പറയുന്നു. സ്ഫോടനശബ്ദം കേട്ടവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ ഇതുവരെ ചോദ്യം ചെയതെന്നാണ് പൊലീസ് പറയുന്നത്.