'ഒരാള്‍ കൊല്ലപ്പെട്ടു, പകരം വീട്ടും'; തിരുനെല്ലിയില്‍ മാവോയിസ്റ്റ് പോസ്റ്റര്‍

'ഒരാള്‍ കൊല്ലപ്പെട്ടു, പകരം വീട്ടും'; തിരുനെല്ലിയില്‍ മാവോയിസ്റ്റ് പോസ്റ്റര്‍

ണ്ണൂര്‍: അയ്യൻകുന്ന് ഞെട്ടിത്തോട്ടില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് സംഘത്തിലെ ഒരാള്‍ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റര്‍.

നവംബര്‍ പതിമൂന്നിന് രാവിലെ 9.50ന് ഉണ്ടായ ഏറ്റുമുട്ടലില്‍ കവിത (ലക്ഷ്മി) എന്ന മാവോയിസ്റ്റാണ് കൊല്ലപ്പെട്ടതെന്നും ഇതിന് പകരംവീട്ടുമെന്നുമാണ് സിപിഐ മാവോയിസ്റ്റ് എന്ന പേരില്‍ പതിച്ചിരിക്കുന്ന പോസ്റ്ററില്‍ പറയുന്നത്.

വയനാട് തിരുനെല്ലിയിലെ ഗുണ്ടിക പറമ്ബ് കോളനിയിലാണ് മാവോയിസ്റ്റ് പോസ്റ്റര്‍‌ പതിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയോടെ കോളനിയിലെത്തിയ ആറുപേരടങ്ങുന്ന സംഘമാണ് അഞ്ച് പോസ്റ്ററുകളും ഒരു കുറിപ്പും പതിച്ചത്. ഞെട്ടിത്തോട്ടിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റെന്ന് അന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

നവംബര്‍ പതിമൂന്നിന് കണ്ണൂര്‍ ആറളത്താണ് പോലീസിന്റെ തണ്ടര്‍ബബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ ആര്‍ക്കും പരിക്കില്ലെന്ന് അന്ന് ഡിഐജി പുട്ട വിമലാദിത്യ പറഞ്ഞു. എന്നാല്‍ ചിലര്‍ക്ക് പരിക്കേറ്റതായി രണ്ടാമത്തെ ദിവസം അദ്ദേഹം വ്യക്തമാക്കി.

അപ്പോള്‍ തന്നെ മാവോയിസ്റ്റ് സംഘത്തിലെ ചിലര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്ന് സ്ഥിരീകരണം ഉണ്ടായിരുന്നില്ല. രക്തകടങ്ങള്‍ രക്തത്താല്‍ പകരം വീട്ടുമെന്ന വാചകങ്ങളോടെയാണ് പോസ്റ്റര്‍ പതിച്ചിരുന്നത്.