ഉടൻ ഇറാൻ വിടണം ; ഇന്ത്യൻ പൗരന്മാരോട് എംബസി
ടെഹ്റാൻ ; യു എസ് ആക്രമണ ഭീഷണി കണക്കിലെടുത്ത് ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് ടെഹ്റാനിലെ ഇന്ത്യൻ എംബസി നിർദേശിച്ചു. ജനുവരി 5ന് നൽകിയ മുന്നറിയിപ്പിന്റെ തുടർച്ചയായാണ് പുതിയ നിർദേശം. ഇറാനിലെ നിലവിലെ സാഹചര്യം വിലയിരുത്തി വിദ്യാർത്ഥികൾ, തീർത്ഥാടകർ, ബിസിനസുകാർ, വിനോദസഞ്ചാരികൾ എന്നിവരോട് ലഭ്യമായ വിമാന സർവീസുകൾ ഉപയോഗിച്ച് മടങ്ങാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇറാനെതിരെ യു എസിന്റെ സൈനിക നീക്കം ഉടൻ ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ നീക്കം. ആണവ കരാറുമായി ബന്ധപ്പെട്ട് ടെഹ്റാനും വാഷിംഗ്ടണും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് യു എസ് സൈനിക വിന്യാസം ശക്തമാക്കിയത്.