ഇൻ്റർവ്യൂ : കഥ, പെരുങ്കടവിള വിൻസൻറ്

  ഇൻ്റർവ്യൂ : കഥ, പെരുങ്കടവിള വിൻസൻറ്

 

    'നാലുമണിയ്ക്കു തന്നെ അലാറം കേൾക്കുമല്ലോ അല്ലേ ?'
നാലാമത്തെയോ അഞ്ചാമത്തെയോ തവണയാണ് യൗവനത്തിൻ്റെ പ്രസരിപ്പുള്ള സെയിൽസ് ഗേളിനോടു് ആനന്ദ് ഇത് ചോദിക്കുന്നത്. ഓരോ തവണയും 'കൃത്യമായി അടിക്കും ചേട്ടാ ' , 'ചേട്ടൻ ധൈര്യമായിട്ടു കൊണ്ടു പോ', 'ഒരു പ്രശ്നവുമില്ല' എന്നൊക്കെ അവൾ മധുരമായ സ്വരത്തിൽ സൗമ്യതയോടെ ഉത്തരം പറഞ്ഞതുമാണ്.
'ഇങ്ങനെയുള്ള കക്ഷികൾ ഭൂമിയിൽ ഇപ്പോഴുമുണ്ടോ ഭഗവാനേ' എന്ന ചിന്തയിൽ, പുറത്തു കടക്കാൻ തയ്യാറെടുത്ത ചിരിയെ ഞെരിച്ചമർത്തിക്കൊണ്ടു് അവൾ പറഞ്ഞു
'ഗ്യാരണ്ടി ഉള്ള ടൈംപ്പീസ് ആണ് ചേട്ടാ. നാലിന് തന്നെ അടിക്കും. ചേട്ടൻ കൊണ്ടു പോ. '
' നാളെ ഒരു ഇൻറർവ്യൂന് പോകാനുള്ളതാ. അത് കൊണ്ടാ വീണ്ടും വിണ്ടും ചോദിച്ചത്. കൃത്യ സമയത്തു തന്നെ എത്തണ്ടേ. ' ചമ്മൽ മാറ്റാനായി ആനന്ദ് വിശദീകരിച്ചു. കസ്റ്റമർക്ക്  മുമ്പിൽ പുഞ്ചിരിയുടെ പ്രകാശം പരത്തി അവൾ ക്ഷമയോടെ കേട്ടു നിന്നു.
     ഒരു ചില്ലുപാത്രം കൊണ്ടു പോകുന്ന ശ്രദ്ധയോടെ ആനന്ദ് ടൈoപീസ്  വീട്ടിലേക്ക് കൊണ്ടുപോയി.
     കിടക്കുന്നതിന് മുമ്പു് പല തവണ ടൈംപീസിൻ്റെ അലാറത്തിൻ്റെ കാര്യക്ഷമത പരീക്ഷിച്ചു്, കൃത്യത ഉറപ്പാക്കി.നാലുമണിക്ക് അലാറം അടിക്കാൻ പാകത്തിൽ ടൈം സെറ്റ് ചെയ്ത് ആനന്ദ് ഉറങ്ങാൻ കിടന്നു.

' കി ർ ർ ർ, കിർ ർ ർ'
നാലു മണിക്കു തന്നെ കൃത്യതയോടെ അലാറം മുഴങ്ങി. ആനന്ദ് കണ്ണു തുറന്നു. പൊയ്കയിൽ കുളിക്കാനിറങ്ങിയ ആനക്കൂട്ടത്തെപ്പോലെ മഴമേഘങ്ങൾ ആകാശച്ചെരുവിൽ ഇറങ്ങി വരുന്നത് ജനാലയിലൂടെ , നനഞ്ഞ നിലാവിൻ്റെ ഇത്തിരി വെട്ടത്തിൽ ആനന്ദ് കണ്ടു. ചെറുകാറ്റുണ്ട് . ചിനുചിനെ പെ യ്യാനാരംഭിച്ച മഴയുടെ താളം ഉറക്കത്തെ തലോടി.
' പത്ത് മണിക്കല്ലേ ഇൻറർവ്യൂ. 5-ന് എണീറ്റാലും മതി' എന്നിങ്ങനെ ചിന്തിച്ചു കൊണ്ട്, ടൈംപീസ് 5 ന് മുഴങ്ങാൻ പാകത്തിൽ വച്ച് ആനന്ദ് വീണ്ടും കിടന്നു.
   അഞ്ചിന് അലാറം മുഴങ്ങി.ആനന്ദ് 'നാശം' എന്ന് മുരണ്ടു . അവൻ്റെ കൈ നീണ്ടുചെന്ന് ടൈംപീസിൻ്റെ കഴുത്തിന് പിടിച്ചു.
  പുറത്ത് പ്രലോഭനത്തിൻ്റെ കുളിർമഴ. മാസങ്ങൾ നീണ്ട കടുത്ത വേനലിനു ശേഷമുള്ള ആദ്യമഴ ആദ്യാനുരാഗംപോലെ പെയ്യുന്നു. തണുപ്പ് നവവധുവിനെപ്പോൽ അരികെ കിടന്നു. വല്ലാത്തൊരു ഉറക്കാലസ്യം അയാളെപ്പൊതിഞ്ഞു. ആലസ്യത്തിന് മീതെ ഉടുതുണി കൂടി അഴിച്ചുമൂടി , തിരിഞ്ഞു കിടന്നു് ആനന്ദ് വീണ്ടും ഉറങ്ങാൻ കിടന്നു.
                .................