സിംലാൻ്റി : നീണ്ടകഥ, സൂസൻ പാലാത്ര

     സിംലാൻ്റി : നീണ്ടകഥ, സൂസൻ പാലാത്ര

 

അദ്ധ്യായം - 3

 

       അദ്ദേഹം തന്നെയും പറക്കമുറ്റാത്ത നാലു മക്കളെയും ഉപേക്ഷിച്ചുപോയപ്പോൾ, അക്ഷരാർത്ഥത്തിൽ തന്നെ ഒന്നു ചേർത്തു പിടിയ്ക്കാൻ ആരുമില്ലാതായി. സ്വന്തം വീട്ടിൽ ചെന്നു നില്ക്കാൻ വയ്യാത്ത അവസ്ഥ. അവിടെ വേണേൽ രണ്ടു ദിവസമോ ഏറിവന്നാൽ ഒരാഴ്ചയോ പോയി നില്ക്കാം. അതിനപ്പുറമായാൽ പ്രശ്നങ്ങളായി. കാർക്കശ്യമുള്ള പെരുമാറ്റങ്ങളും, നോട്ടങ്ങളും തനിക്കസഹ്യമായി. സഹോദരങ്ങളൊക്കെ സന്തുഷ്ടരായി ജീവിക്കുമ്പോൾ വൃദ്ധരായ അപ്പനുമമ്മയ്ക്കും ഭാരമാകാതിരിക്കാൻ ശ്രദ്ധിച്ചു. അമ്മായിയമ്മ കെട്ടും ഭാണ്ഡവും മുറുക്കി മകൾക്കൊപ്പം പോയി. മകൾ ഏറെ നിർബ്ബന്ധിച്ച് കൊണ്ടുപോയതാണ്. മകൾ കൊച്ചിയിൽ നല്ല നിലയിൽ ജീവിയ്ക്കുന്നു. അമ്മയെ കൂട്ടിക്കൊണ്ടു പോയതിൽ പിന്നീട് ഒരിക്കൽ പോലും ആ നാത്തൂൻ തന്നെയോ മക്കളെയോ തേടി വന്നില്ല. 

       ആരും സഹായമില്ലാതെ കണ്ണീരിൽ കുതിർന്ന്, വാടക വീട്ടിൽ  കഴിയുമ്പോഴാണ്, അമ്മായിയമ്മയുടെ ഇളയ സഹോദരി മറിയക്കുട്ടി തങ്ങളെ അന്വേഷിച്ചെത്തുന്നത്.

      ഒറ്റനോട്ടത്തിൽ മറിയക്കുട്ടിയെ ആരും ഇഷ്ടപ്പെട്ടുപോകും. മദ്ധ്യവയസ്സോടടുത്ത  മറിയക്കുട്ടിയെ ഒരു രണ്ടാം കെട്ടുകാരനെക്കൊണ്ടാണ് കെട്ടിച്ചത്. പേര് കുഞ്ഞ്. അയാൾ ശരിക്കും മറിയക്കൊച്ചമ്മയെ ചതിക്കുകയായിരുന്നു. അയാളുടെ ഭാര്യ മരിക്കുമ്പോൾ വിവാഹപ്രായമെത്തി നിന്ന മൂന്ന് ആൺമക്കളെയും അടുത്തടുത്ത വർഷങ്ങളിൽ അയാൾ വിവാഹം കഴിപ്പിച്ചിട്ട് ധനികനായ ആ മനുഷ്യൻ താമസിക്കുന്ന മാളികവീടുൾപ്പടെ  സ്വത്തെല്ലാം മൂന്ന് ആൺ മക്കൾക്കുമായി വീതിച്ചു കൊടുത്തു. ആൺമക്കൾ അവന്മാരുടെ സ്വാതന്ത്ര്യം നോക്കിപ്പോയി. ഇതിൽ അസംതൃപ്തനായ കുഞ്ഞ് മക്കൾക്കും കുടുംബക്കാർക്കും നാണക്കേടുണ്ടാകാതിരിയ്ക്കാൻ ഒരു ഓണംകേറാമൂലയിൽ 15 സെൻറു സ്ഥലം വാങ്ങി, ചെറിയ ഒരു വീടുംവച്ചു. 

          വയസ്സാംകാലത്ത് നാഴിവെള്ളം അനത്തിത്തരാൻ ആളു തേടി നടന്നപ്പോഴാണ്, ഒരു ദല്ലാൾ മുഖേന  അതിസുന്ദരിയായ മറിയക്കുട്ടിയെക്കുറിച്ചറിയുന്നത്.  വിവാഹം വേണ്ടേ വേണ്ട എന്നുറപ്പിച്ച്,  വെളുപ്പുദീനക്കാരിയായ അമ്മയേം ശുശ്രൂഷിച്ച് കഴിഞ്ഞ മറിയക്കുട്ടി അമ്മയുടെ മരണശേഷം തികച്ചും ഒറ്റപ്പെട്ടുപോയി.  ആ അവസരത്തിലാണ് നാട്ടിൽ അവധിയ്ക്കു വന്ന തങ്ങൾ മറിയക്കൊച്ചമ്മയെ കൂട്ടിക്കൊണ്ട് സിംലയ്ക്ക് പോയത്. കൊച്ചമ്മയ്ക്ക് ഒരേ നിർബ്ബന്ധം. നാട്ടിൽ ഏകാകിനിയായി കഴിയുന്ന തൻ്റെ കൂടപ്പിറപ്പിന് താങ്ങായി താനും മക്കളും നാട്ടിൽ ചെന്നു നില്ക്കണം.   

          ആ ദിവസങ്ങളൊന്നിലാണ്, മറിയക്കൊച്ചമ്മയുടെ ഈ വിവാഹാലോചന വന്നത്.  ആർക്കും ഇഷ്ടമില്ലാഞ്ഞ ആലോചന. ദല്ലാളിനെ ഔതച്ചൻ കണ്ടംവഴി ഓടിച്ചു. എന്നാൽ ഏതോ ദുർമുഹൂർത്തത്തിൽ മറിയക്കൊച്ചമ്മയുടെ മനം മാറി. ആ വർഷത്തെ പള്ളിപ്പെരുന്നാളിന് വികാരിയച്ചൻ്റെ പ്രത്യേക ക്ഷണമനുസരിച്ച് പരിചമുട്ടുകളി നടത്താൻ വന്നത്  തടി ക്കച്ചവടത്തിലൂടെ പ്രസിദ്ധനായ തടിമില്ലുമതലാളി മാങ്കൊമ്പു കുഞ്ഞും കൂട്ടരും ആയിരുന്നു. കളിയും പെരുന്നാളും കഴിഞ്ഞിട്ടും ഇടവകാംഗങ്ങൾ കുഞ്ഞിൻ്റെ പുകഴ്ച പറഞ്ഞുകൊണ്ടേയിരുന്നു. അവസാനം അയാൾ പിടിച്ച താലി മറിയക്കൊച്ചമ്മയുടെ കഴുത്തിൽ വീണു. 

        കുഞ്ഞ് മറിയക്കൊച്ചമ്മയ്ക്ക് ഇട്ടു മൂടാൻ പൊന്നും പണവും കൊടുത്തു. തനിയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ എൻ്റെ പെണ്ണനാഥയാകരുത്. രണ്ടു കാശിന് മറ്റുള്ളവരെ ആശ്രയിയ്ക്കരുതെന്നു പറഞ്ഞ് അയാൾ മെയിൻ റോഡരികിൽ നല്ലൊരു വീടു വാങ്ങിക്കൊടുത്തു, കുറെ പണവും മറിയക്കുട്ടിയുടെ പേരിൽ നിക്ഷേപിച്ചു.  അയാൾക്ക് ഒരാപത്തും വരാതെയിരിക്കാൻ അവർ കരളുരുകി പ്രാർത്ഥിച്ചു, അയാളുടെ മക്കളെ സ്വന്തം പോലെ ചേർത്തു നിർത്തി. കൊച്ചു മക്കളെ കൊണ്ടുവന്ന് വളർത്തി.  സമ്പാദിച്ചതൊക്കെയും  മക്കൾക്കു  വീതിച്ചുനല്കിയ വിവരം കുഞ്ഞ് പറഞ്ഞറിഞ്ഞപ്പോഴും അവർ പുഞ്ചിരിച്ചതേയുള്ളൂ. അർഹതയുള്ളവർ അനുഭവിക്കട്ടെ അതായിരുന്നു വിചാരം. 

     എന്നാൽ പെട്ടെന്നായിരുന്നു അതു സംഭവിച്ചത്. ആ അത്യാഹിതം അവരുടെ സമനില തെറ്റിച്ചു കളഞ്ഞു. കുഞ്ഞിന്  തടിമില്ലിൽവച്ച് അപകട മരണം സംഭവിച്ചു. തടി തലയിൽ വീണ് സംഭവസ്ഥലത്തു വച്ചു തന്നെ ....

         കുറെ മാസങ്ങൾക്കു ശേഷമാണ് മറിയക്കുട്ടി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ഇതിനുള്ളിൽത്തന്നെ കുഞ്ഞിൻ്റെ ആൺമക്കളും ആദ്യഭാര്യയുടെ ബന്ധുക്കളും ചേർന്ന് കുഞ്ഞ് മറിയക്കുട്ടിക്കു നല്കിയ സകല സ്വത്തുക്കളും പണവും പൊന്നാഭരണങ്ങളും തിരികെ വാങ്ങി. സ്വത്തുക്കൾ ഓരോന്നോരോന്നായി അവർ കൈക്കലാക്കി.  താമസിച്ചിരുന്ന വീട്ടിൽ നിന്ന് അവരെ നിർദ്ദയം ഇറക്കിവിട്ടു. 

      പിന്നീട് മറിയക്കുട്ടിയ്ക്ക് ഒരുപാട് കഷ്ടതകൾ നേരിടേണ്ടി വന്നു. അവർ പുരുഷന്മാരെപ്പോലെ തലയിൽ കെട്ടുകെട്ടി ഷർട്ടു ധരിച്ച് പറമ്പു കിളയ്ക്കാനും മൈക്കാടുപണികൾക്കുമിറങ്ങി. പല വീടുകളിലും ജോലിയ്ക്കു നിന്നു. പലരുടെയും മക്കളെ വളർത്തി വലുതാക്കിക്കൊടുത്തു. കിട്ടുന്ന കൂലി കണക്കു പറഞ്ഞു വാങ്ങി ചേടത്തിയുടെ മകൻ അവുതച്ചനാൽ ഉപേക്ഷിക്കപ്പെട്ട പെണ്ണിനും മക്കൾക്കുമായി നല്കി. 

തന്നെ കാണുമ്പോഴൊക്കെ അവർ കണ്ണീരുകൊണ്ട് തൻ്റെ പാദങ്ങൾ കഴുകി. 

" മകളെ എന്നോട് ക്ഷമിക്ക്, ഞാങ്കാരണമാ നീയിങ്ങനെ നരകയാതന അനുഭവിക്കുന്നത്, എന്നെ പിരാകല്ലേ മക്കളേന്നു പറഞ്ഞ് വാവിട്ടു കരഞ്ഞു.

 

             (തുടരും...)