കെട്ടുകള്‍ : കവിത, ടോബി തലയല്‍, മസ്കറ്റ്

ജനിച്ചപ്പോള്‍ വീട്ടുകാര്‍
അരയിലൊരു കെട്ടിട്ടു,
സ്‌നേഹനൂലറ്റത്ത്
തുള്ളിക്കളിച്ചു ഞാന്‍
സ്‌കൂളില്‍ അധ്യാപകന്‍
മുട്ട വരച്ചിട്ട്
`ഠ' എന്ന് ചൊല്ലി, ഞാന്‍
വിഷമവൃത്തത്തിലായ്
മുതിര്‍ന്നപ്പോള്‍ മൂത്തവര്‍
വാക്കാല്‍ കുടുക്കിട്ടു
വിലക്കുകള്‍, വേലികള്‍
ചാടിക്കടന്നു ഞാന്‍
പുരികക്കൊടി കൊണ്ട്
കരളിലൊരാള്‍ കെട്ടിട്ടു
ഇടംവലം തിരിയാതെ
പിമ്പേ നടന്നവള്‍
മിന്നുകെട്ടി കൂടെ
പൊറുതിയായപ്പോഴോ
ചരടും വലിച്ചവള്‍
മുമ്പേ നടക്കയായ്!
ആദര്‍ശം മൂത്തപ്പോള്‍
പാര്‍ട്ടിയില്‍ അണിചേര്‍ന്നു
തലച്ചോറില്‍ കൂച്ചു-
വിലങ്ങുകളും വീണു
സ്വന്തമായെന്തേലും
ചെയ്യാന്‍ തുനിഞ്ഞപ്പോള്‍
ചുവന്നൊരു നാടയില്‍
കുരുങ്ങിക്കിടപ്പായി
കുടി കൂടി, കടമേറി
നാട്ടില്‍ അലഞ്ഞപ്പോള്‍
കൂടെ നിന്നൊരെല്ലാം
കൂട്ടുപിരിഞ്ഞുപോയ്
മരിച്ചപ്പോള്‍ നാട്ടുകാര്‍
കാലുകള്‍ ബന്ധിച്ചു,
കെട്ടുപൊട്ടിച്ചെങ്ങാ-
നോടിക്കളഞ്ഞാലോ!