ഇനിയുംവരും ഓണം; കവിത , രാജു കാഞ്ഞിരങ്ങാട്

ഇനിയുംവരും ഓണം; കവിത , രാജു കാഞ്ഞിരങ്ങാട്

 

 

ഇക്കൊല്ലമോണമുണ്ണാൻ
നാട്ടിലെത്തിടാമെന്ന്
ഓമനേ നിനച്ചുഞാൻ
കാത്തു കാത്തിരിക്കവേ
അശനിപാതംപോലെ വന്നല്ലോ -
ശനിദശ
കൂട്ടുകാരനൊരുവൻ കിടപ്പിലായ്പ്പോയല്ലോ
നിനക്കും, കുട്ടികൾക്കും, അച്ഛനമ്മമാർക്കുമായ്
സാധനം വാങ്ങിക്കേണ്ട ലിസ്റ്റ് ഞാൻ മടക്കുന്നു
പണമയച്ചീടുന്നുഞാൻ വൈമുഖ്യമൊട്ടുംവേണ്ട
വേണ്ടതൊക്കെ വാങ്ങിക്കൂ ഓണം കെങ്കേമമാക്കൂ
ചിത്രക്കുപ്പായംതുന്നി ചിത്തം കാത്തിരുന്നുപോയ്
സങ്കടമൊട്ടുമില്ല അർത്ഥശൂന്യംസങ്കൽപ്പം
കണ്ണുനനച്ചീടാതെ കുട്ടികളെനോക്കുക
ഇനിയുംവരും ഓണം നേരിടാം യാഥാർത്ഥ്യത്തെ
പൂവുകളുണ്ടോ നാട്ടിൽ (മണിമേടയല്ലാതെ) -
പൂക്കളം തീർത്തീടുവാൻ,
മാർക്കറ്റിൽകിട്ടുംഅല്ലേ പുത്തനോണപ്പൂവുകൾ
തൂശനിലയില്ലേലും പ്ലാസ്റ്റിക്കില വാങ്ങേണ്ട
പാഷാണമാണതെന്ന് കുട്ടികളോടു ചൊൽക
തീവിലയാണ് നാട്ടിൽ ടി.വിയിൽ കാണുന്നുണ്ട്
തീ പോലെ കത്തുംചൂടാ, ഇവിടേം ഈ മാസത്തിൽ
കൂട്ടുകാർ ചോദിച്ചീടിൽ ലീവിപ്പോളില്ലെന്നോതു
' കൊണ്ടുവരും' - പോരുമ്പോൾ കുണ്ഠിതം വേണ്ടെ -
ന്നോതു
കത്തു ഞാൻ നിർത്താം പ്രിയേ, മൊബൈലിനോട -
ല്ലേപ്രീയം
വാങ്ങിച്ചയച്ചീടാംഞാൻ ഒട്ടുമേ വൈകീടാതെ
കമ്പി ( ടെലഗ്രാം) പോയപോലെയീ കത്തെന്ന്‌ -
പോകുമെന്ന്
പറയാൻകഴിയില്ല, നമ്മുടെ സർക്കാരല്ലേ.
..................