അത്തം പത്തോണം: കവിത, ഉഷ മുരുകൻ

അത്തം പത്തോണം: കവിത, ഉഷ മുരുകൻ

 

 

 

സ്വർഗ്ഗത്തേക്കാൾ സുന്ദരമല്ലോ

 പുകഴേന്തിയ കേരളനാട് 

ചിങ്ങപ്പൂമ്പുലരി പിറന്നാൽ

നാടാകെ ഉത്സവമായ് ...

നാടാകെയുത്സവമായ്

(സ്വർഗ്ഗത്തേക്കാൾ ......)

പടിയിറങ്ങീ കർക്കിടകം

പഞ്ഞത്തിൻ  കർക്കിടകം

പഴികേട്ടു പരിഭവമേറ്റൂ

പോയ്മറഞ്ഞൂ കർക്കിടകം...

പോയ്മറഞ്ഞൂ കർക്കിടകം 

(സ്വർഗ്ഗ ...........)

പൂവസന്തം പൂക്കുടനീർത്തി

പൂവിളികൾ പുലികളിമേളം

ചിങ്ങത്തിരുവോണം വന്നാൽ

മാവേലി എഴുന്നള്ളത്തായ് ...

മാവേലിയെഴുന്നള്ളത്തായ് 

(സ്വർഗ്ഗത്തേക്കാൾ ......)

അത്തം പത്തോണംവന്നേ

അത്തലകന്നോണം വന്നേ

ഇല്ലംവല്ലം നിറനിറയുന്നേ

തെയ്യംതിറയാടി വരുന്നേ...

തെയ്യംതിറയാടി വരുന്നേ

 ( സ്വർഗ്ഗത്തേക്കാൾ .... )

അത്തച്ചമയങ്ങളുമായി

ചിത്തത്തിൽ കുളിരലയേകി

ഒത്തിരിവർണ്ണ പൂനിറവായി

തൃപ്പൂണിത്തുറയുമൊരുങ്ങീ ...

തൃപ്പൂണിത്തുറയുമൊരുങ്ങീ

 ( സ്വർഗ്ഗത്തേക്കാൾ ...)

മുറ്റംചെത്തി മെഴുകിമിനുക്കി

മുറ്റത്തൊരു പൂത്തറകെട്ടി

തൃത്താക്കതിരോടണി ചേർന്നു

ചന്തത്തിൽ പൂക്കളമിട്ടു ...

ചന്തത്തിൽ പൂക്കളമിട്ടു

(സ്വർഗ്ഗത്തേക്കാൾ ... )

കദളിപ്പൂ കണ്ണാന്തളിയും

മുക്കൂറ്റിപ്പൂക്കളുമായി

മുഴുതിങ്കൾ ചേലിൽതുമ്പയും

പലവർണ്ണ പൂക്കൾനിറഞ്ഞേ...

പലപലവർണ്ണ പൂക്കൾനിറഞ്ഞേ

(സ്വർഗ്ഗത്തേക്കാൾ ...)

പൊന്നാര്യൻ കസവുകൾതുന്നിയ

പുഞ്ചവയൽ കോടിയുടുത്തു

പാണന്റെ പാട്ടിൻശീലുമായ് 

ചിങ്ങക്കാറ്റാടി വരുന്നേ...

ചിങ്ങക്കാറ്റാടി വരുന്നേ

 ( സ്വർഗ്ഗത്തേക്കാൾ ... )

ഇന്നെല്ലാം ഒാർമ്മകളായി

മഹാമാരി താണ്ഡവമാടി

ഇന്നില്ലാ ഓണക്കളികൾ

ഓണസദ്യയും ഒാൺലൈനായ്...

ഓണസദ്യയും ഒാൺലൈനായ് 

( സ്വർഗ്ഗത്തേക്കാൾ ... )

പണ്ടുള്ളൊരാ ഓണക്കാലം

സുന്ദരമാം ഓണക്കാലം

മാവേലി മന്നനോടൊപ്പം

പാതാളം പൂകിയപോലായ് ...

പാതാളം പൂകിയപോലായ് 

(സ്വർഗ്ഗത്തേക്കാൾ  ... )

പഴമകളുടെ പ്രൗഢിയുമില്ലാ

പഴമ്പാട്ടിൻ ഈണവുമില്ലാ

മുത്തശ്ശിക്കഥകളിൽ നിറയും

മലയാള തനിമയുമില്ലാ ...

മലയാള തനിമയുമില്ലാ

 ( സ്വർഗ്ഗത്തേക്കാൾ ...)

തുളസിക്കതിർ പരിമളമോടെ

തുമ്പപ്പൂ നന്മകളോടെ

വരവേല്ക്കാം ഇനിയുമൊരോണം

വൈകാതെയകലും വ്യാധി ...

വൈകാതെയകലും വ്യാധി

(സ്വർഗ്ഗത്തേക്കാൾ ... )

 

ഉഷ മുരുകൻ