ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെ

Aug 18, 2025 - 19:10
 0  21
ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെ

ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ ചുമതലപ്പെടുത്തി ഇന്‍ഡ്യാ സഖ്യം. ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ എം അണ്ണാദുരൈ, എഴുത്തുകാരനും ഗാന്ധിയുടെ കൊച്ചുമകനുമായ തുഷാര്‍ ഗാന്ധി എന്നിവരുടെ പേരുകളാണ് ചര്‍ച്ചയില്‍ ഉയര്‍ന്നതെന്നാണ് വിവരം. രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത സ്ഥാനാര്‍ത്ഥി വേണമെന്ന തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയുടെ താല്‍പ്പര്യത്തില്‍ നിന്നാണ് അണ്ണാദുരൈയുടെ പേര് ഉരുത്തിരിഞ്ഞത്.

2022 ലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുനിന്നിരുന്നു. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി തീരുമാനത്തില്‍ വിയോജിപ്പായിരുന്നു വിട്ടുനില്‍ക്കലിന് പിന്നില്‍. 2017 ല്‍ തുഷാര്‍ ഗാന്ധിയുടെ അമ്മാവന്‍ ഗോപാല്‍ കൃഷ്ണഗാന്ധിയായിരുന്നു യുപിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി വെങ്കയ്യ നായിഡുവിനോട് 244 വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതയിലായിരുന്നു ഇന്ന് ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ചര്‍ച്ചയ്ക്കായി ഇന്‍ഡ്യാ സഖ്യത്തിന്റെ യോഗം നടന്നത്. രാഷ്ട്രീയക്കാരനല്ലാത്ത പൊതുസമ്മാതനായ ആളെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന നിര്‍ദേശമാണ് യോഗത്തില്‍ ഉയര്‍ന്നത്. അതല്ലെങ്കില്‍ തമിഴ്‌നാട്ടില്‍ നിന്നോ, ബിഹാറില്‍ നിന്നോ സ്ഥാനാര്‍ത്ഥിയെ വേണം എന്നും നിര്‍ദേശം വന്നു. വിജയസാധ്യതയില്ലെങ്കിലും രാഷ്ട്രീയ മത്സരം വേണം എന്നതുതന്നെയാണ് പ്രതിപക്ഷത്തിന്റെ നിലപാട്.