ഇനിയും വരുമോ...: കവിത, എം.തങ്കച്ചൻ ജോസഫ്

ഇനിയും വരുമോ...: കവിത, എം.തങ്കച്ചൻ ജോസഫ്

 

അഗ്നി സ്പുരിക്കുമെന്നോർമ്മകൾ പായുന്നു

അലമുറക്കടലിൻതിരകളെപ്പോൽ

അറിയുന്നു ഞാനിന്നാദേവസത്യങ്ങളും

മാതൃഭാവങ്ങളിൽ ദൈവചിത്തം.

 

ഭൂമിയിൽ വന്നവതാരമെടുത്തതാം

വിണ്ണിന്റെ സൗഭാഗ്യസങ്കീർത്തനം

മണ്ണിന്റെ മധുമൊഴി നെഞ്ചിൽ നിറച്ചവൾ

ഇടനെഞ്ചിലെ പാലാഴി പങ്കിട്ടുപോയ്.

 

മണ്ണിൽക്കിളിർക്കുന്ന സ്വർഗ്ഗീയകുസുമങ്ങൾ

മാതൃഭാവങ്ങളായ് കണ്ടറിയൂ

സ്വർഗ്ഗീയവരദാനകല്പിതഗീതങ്ങൾ

മനുജർക്ക് സൗഭാഗ്യരാഗമല്ലോ

 

ഈശ്വരനുറങ്ങുന്ന കുരുന്നുഹൃദയങ്ങളെ

കരുതുന്നു കാവലായ് നന്മയെന്നും

അഴലിന്റെ തീരത്തെയോർമ്മകൾ ചൂടി ഞാ-

നറിയുന്നൊരാത്മാവിൻ മുഗ്ദരാഗം.

 

വേദങ്ങൾ ചികയുന്ന രാവിന്റെ വിരിമാറിൽ

ഞാനിന്നുറങ്ങാതെ കൂട്ടിരിപ്പൂ

ഇനിയും തളിർക്കുമൊരു ജന്മമുണ്ടെങ്കിലായ് 

തരുമോ എനിക്കായ്നിൻ ജനനിഭാവങ്ങൾ.