നല്ലോർമ്മകൾ: കവിത, ബീന കളരിക്കൽ

നല്ലോർമ്മകൾ:  കവിത, ബീന കളരിക്കൽ



ഉത്രാടപാച്ചിലിൽ
ഊളിയിട്ട് നിവർന്നതാം
വേളയിൽ തിരുവോണനിലാവ്
തെളിഞ്ഞുമാനത്ത്
നിലാവിൽ മയങ്ങിയുണർന്ന
വേളയിൽ അർക്കനിൻ രശ്മികൾ
പൂക്കളത്തെ മുത്തമിട്ടു

പൂവിളിയുണർന്നു,
തൊടിയിലെ മുക്കുറ്റിയും
കറുകയും തുമ്പയും
കാക്കപൂവും ഓർമ്മകളിൽ
ഓടിക്കളിക്കുന്നു,

ഊഞ്ഞാലിലാടി
ആഹ്ളാദതിമിർപ്പിൽ
കുട്ടികൾ ,
ഓണക്കോടിയുടുത്ത്
ചമഞ്ഞൊരുങ്ങി
മങ്കമാർ ഗമിക്കുന്നു,

കതിർ നിറഞ്ഞ പാടവും
പറയും ,പശിമാറിയതിൻ
പുഞ്ചിരിയുമായ് ജീവിതങ്ങൾ
ഒരുമയുടെ ഓണപ്പാട്ടുകൾ
കളികൾ,തിരുവാതിര,പുലികളി
യെല്ലാം നെഞ്ചിനുള്ളിൽ
ആഹ്ളാദത്തിൻ പൂത്തിരിയായി

വള്ളംകളിപ്പാട്ടിന്നീണം
പുഴയിലോളമായ്
തുഴഞ്ഞു നീങ്ങുന്നു,
ഓണ വിഭവങ്ങൾ
നിരത്തുവാൻ തൂശനില
ചമഞ്ഞൊരുങ്ങി,

കേരനാടൊരുങ്ങി,
കേളികൊട്ടുകളാരവമായ്,
മതമൈത്രിയിന്നുത്സമായ്
കൊണ്ടാടിയ കാലത്തിൻ
നല്ലോർമകളെ പുല്കി
തിരുവോണം.
……………….