മൗനപാളികൾ തുറന്ന് ''ഉറങ്ങാത്ത ജനാല'': സപ്ന അനു ബി ജോർജ് 

മൗനപാളികൾ തുറന്ന് ''ഉറങ്ങാത്ത ജനാല'': സപ്ന അനു ബി ജോർജ് 

 

മൗനപാളികൾ തുറന്ന് ''ഉറങ്ങാത്ത ജനാല'' 

 

 

പതിവുപോലെ വായനക്കൂട്ടം വാട്സാപ്പ് ഗ്രൂപ്പിലെ മെസ്സേജുകളിൽ  കണ്ണോടിക്കുകയായിരുന്നു. പെട്ടെന്ന് ശ്രദ്ധയിൽ പെട്ടത്,  ജന്മദിനസന്തോഷത്തോടൊപ്പം തന്റെ കവിതാസമാഹാരം അണിയറയിൽ ഒരുങ്ങുന്നതിന്റെ അറിയിപ്പുമായി മസ്കറ്റിൽ പത്രപ്രവർത്തകനും കവിയുമായ ടോബി തലയലിന്റെ കുറിപ്പ്. 

“ഈ ജന്മദിനത്തിൽ ഒരു സന്തോഷം പങ്കുവെക്കട്ടെ! എന്റെ ആദ്യ കവിതാ സമാഹാരം ‘ഉറങ്ങാത്ത ജനാല’ പുറത്തേക്കു തുറക്കുന്നു. രണ്ടു വർഷത്തോളമായി ഇരുട്ടിലായിരുന്നു,പല കാരണങ്ങൾ കൊണ്ട്.”

ടോബിയുടെ വാക്കുകൾ സന്തോഷത്തോടെ ഉൾക്കൊണ്ടപ്പോൾ മനസ്സു പറഞ്ഞു, ഒരു കവിയുടെ സർഗജീവിതം മനസ്സിലാക്കുന്നതിന്, ഭാവനയുടെ ലോകം അനുഭവിക്കുന്നതിന് നേരിട്ടുള്ള ഒരു സംവാദം തന്നെയാണ് നല്ലത്. കവിതകൾ മനസ്സിന്റെ വിങ്ങലുകളും, സന്തോഷങ്ങളും ഒരുപോലെ പങ്കിടുന്നു എന്നതുകൊണ്ട് തന്നെ കവിയുടെ ആത്മാംശം അതിൽ പതിഞ്ഞിട്ടുമുണ്ടാവുമല്ലോ.

 

തിരുവനന്തപുരത്തെ ‘സാഹിതിയാണ്’ പുസ്തകത്തിന്റെ പ്രസാധകർ. ഡോ പി കെ രാജശേഖരന്റെ അവതാരികയും, ഡി യേശുദാസിന്റെ വായനാനുഭവവും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നും ടോബി വാ‍യനകൂട്ടുകാരായ ഞങ്ങളെ അറിയിക്കുന്നു.

പ്രചോദനം നൽകിയവരോട് നന്ദിയും സ്നേഹവും ടോബി അറിയിച്ചത് ഇങ്ങനെയാണ്: “ഫേസ്ബുക്കിലെ കൂട്ടുകാരോടാണ് എനിക്ക് ഏറെ കടപ്പാട്.അതുകൊണ്ടാണ്,നിങ്ങളെത്തന്നെ ഈ സദ്വാർത്ത ആദ്യം അറിയിക്കുന്നത്.കൂടെ ഉണ്ടാവുമല്ലോ. പ്രവാസ ജീവിതവും കോവിഡ് കാലത്തെ സംഘർഷങ്ങളുമാണ് കൂടുതൽ കവിതകളിലെയും പ്രമേയം” 

മുപ്പതിലേറെ വർഷമായി പത്രപ്രവർത്തനമാണ് ടോബിയുടെ കർമ്മമണ്ഡലം. ഇന്ത്യൻ എക്സ്പ്രസ്സിലും,ഒമാൻ ട്രിബ്യുണിലും,ഒമാൻ ഒബ്സെർവറിലുമായി സ്വദേശത്തും വിദേശത്തും പ്രവർത്തിച്ചുള്ള പരിചയവും അനുഭവസമ്പത്തും നേടി. ഇതിനിടെ,എപ്പോഴൊക്കെയോ കവിത വന്നും പോയുമിരുന്നു,എങ്കിലും  അതിനെ ഗൗരവമായി എടുത്തില്ല എന്ന് ടോബി പറയുന്നു.

“കോവിഡാണ് നീണ്ട മൗനത്തിൽ നിന്നെന്നെ കുലുക്കി ഉണർത്തിയത്;പേന കൈയ്യിൽ പിടിപ്പിച്ച്  എഴുതടേയെന്ന് ആജ്ഞാപിച്ചത്.എഴുതിയതൊക്കെ നവമാധ്യമങ്ങളിൽ വന്നപ്പോൾ സമാനഹൃദയർ  പ്രോത്സാഹിപ്പിച്ചു,അഭിനന്ദിച്ചു.പുസ്തകരൂപത്തിൽ എത്തുമ്പോഴും സ്വീകരിക്കാൻ നിങ്ങളുണ്ടാവണം”. കുറിപ്പിനൊടുവിൽ, ടോബിയുടെ അഭ്യർത്ഥനയിൽ ആത്മാർത്ഥത തുളുമ്പുന്നു.  

മനസ്സിന്റെ വിങ്ങലുകളും, വിശ്വാസങ്ങളും, പ്രചോദനങ്ങളും,ആകാംഷകളും കവിതക്ക് വിഷയീഭവിക്കുന്നു.   അതുകൂടാതെ എന്താണ് കവിതക്ക് പ്രേരകമാകുന്നത് അല്ലെങ്കിൽ പ്രമേയമാകുന്നത്?

എന്റെ ചോദ്യത്തിന് ടോബിയുടെ മറുപടി,  കവിതയെപ്പറ്റിയുള്ള വ്യക്തിപരമായ ബോധ്യത്തിൽ ഊന്നിയുള്ളതായിരുന്നു.

“കവിതക്ക് വികാരത്തിന്റെയും കൽപ്പനയുടെയും തലം മാത്രമല്ല ഉള്ളത്.ബൗദ്ധികവും ആധ്യാത്മികവുമായ തലങ്ങളെയും അത് സ്പർശിക്കുന്നു.സാധാരണ ജീവിതത്തിൽ ഭാഷ കൃത്യമായ ആശയസംവേദനത്തിനാണ്  ഉപയോഗിക്കുന്നതെങ്കിൽ,കവിതയിൽ ഭാഷ,പറയുന്നതിൽ കൂടുതൽ ധ്വനിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ മാത്രമേ അത് കവിത ആകുന്നുള്ളു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.ഗദ്യത്തിലായാലും പദ്യത്തിലായാലും കവിതയുണ്ടാകുന്നത് ഭാഷയുടെ പരിധികളെ മറികടക്കുമ്പോഴാണ്.”

വർഷങ്ങൾ നീണ്ട പത്രപ്രവർത്തിലൂടെ മനുഷ്യരെക്കുറിച്ച്, ജീവിതത്തെക്കുറിച്ച് എന്താണ് പഠിച്ചത്?” 

“പത്രപ്രവർത്തനം വളരെ ഉത്തരവാദത്തോടെ ചെയ്യേണ്ട ഒരു ജോലിയാണെന്ന് സാമാന്യമായി പറയാമെങ്കിലും,നാവില്ലാത്തവന്റെ ശബ്ദം ആകുമ്പോഴാണ് മീഡിയ അതിന്റെ ശരിയായ ധർമ്മം നിറവേറ്റുന്നതെന്ന്  ഞാൻ കരുതുന്നു.പക്ഷെ, മാധ്യമങ്ങൾ അത്തരം ആദർശങ്ങളെ ഉയർത്തിപ്പിടിക്കുന്നുണ്ടോ എന്ന് സംശയമാണ്.അതിനുള്ള സ്വാതന്ത്ര്യം മാധ്യമ പ്രവർത്തകർക്ക് കിട്ടുക എന്നുള്ളതാണ് പ്രധാനം.”

കൊറോണക്കാലം പലർക്കും വലിയ അനുഭവസമ്പത്ത് നൽകി. മുറിയടച്ച്, മുഖമടച്ച് ജീവിതം എല്ലാവരെയും തടവറയിലാക്കിയതാണോ കാരണം?

“കൊറോണക്കാലം ഒരു വലിയ തിരിച്ചറിവ് നൽകിയ കാലമായിരുന്നു.ജീവിതത്തിന്റെ നൈമിഷികതയെയും നിസ്സാരതയേയും ആകസ്മികതയെയും ബോധ്യപ്പെടുത്തിയ കാലം.ലോകത്തെ കീഴ്മേൽമറിച്ച കാലം. ജീവിതത്തെക്കുറിച്ച് ഉൾക്കാഴ്ച്ച ഉണ്ടാകാൻ ഈ അടച്ചിരുപ്പ് സഹായിച്ചിട്ടുണ്ട്.”

ടോബി ആരാണ്? എന്താണ്? താങ്കളൂടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും നേടാൻ എത്രത്തോളം സാധിച്ചു?

അധ്യാപകരുടെ മകനായി തിരുവനന്തപുരത്ത് ജനിച്ചു.പത്രപ്രവർത്തകന്റേയൊ കവിയുടെയോ മേലങ്കി അണിഞ്ഞാലും ഒരു സാധാരണക്കാരൻ എന്ന വിലാസമാണ് എനിക്ക് കൂടുതൽ ചേരുക.

എഡിറ്റർ ഒരു പിന്നണി പ്രവർത്തകനാണ്. അംഗീകാരങ്ങൾ തേടിയെത്തുന്നത് വളരെ അപൂർവ്വം. പത്രപ്രവർത്തകൻ എന്ന നിലയിൽ ആത്മാർഥമായി പണിയെടുത്തു. ജോലിയിൽ നിന്ന് കിട്ടുന്ന സംതൃപ്തിയായിരുന്നു സാമ്പത്തിക നേട്ടങ്ങളെക്കാളും പ്രധാനം.

ലക്ഷ്യങ്ങൾ ഇപ്പോഴും വളരെ അകലെ തന്നെയാണ്.പൂർണ്ണത നേടുക എന്നത് അസാധ്യം.നല്ലൊരു പത്രപ്രവർത്തകൻ, എഴുത്തുകാരൻ എന്നൊക്കെ സങ്കല്പിക്കാനേ കഴിയൂ.അതിലേക്കുള്ള ശ്രമമാണീ ജീവിതം.

ലോകത്ത് മാറ്റം വരുത്താനൊരു വരം ദൈവം തന്നാൽ എന്തൊക്കെ മാറ്റങ്ങൾ  വരുത്തും?

വരം കിട്ടിയാൽ കൊള്ളാം.മനോഹരമായ,നടക്കാത്ത സ്വപ്നം.എങ്കിലും പറയാം--എല്ലാ രാജ്യാതിർത്തികളും എടുത്തുകളയും. ലോകം പിന്നെ ഒരൊറ്റ രാജ്യം, ഒരൊറ്റ ജനത.

 

അവസാന വാക്ക്:

ടോബി തലയൽ എഴുതിയ ‘ഉറങ്ങാത്ത ജനാല’  എന്ന പുസ്തകത്തിന് എല്ലാ ആശംസകളും നേർന്നുകൊണ്ട് ഈ വാക്കുകൾ കവിതകളെ ഇഷ്ടപ്പെടുന്നവർക്കായി സമർപ്പിക്കട്ടെ!

എന്താണ് കവിത എന്ന് സാഹിത്യാസ്വാദകർ  എല്ലാക്കാലത്തും  ചിന്തിക്കുകയും ചർച്ച ചെയ്യുകയും ചെയ്തിട്ടുള്ള വിഷയമാണ്. കവിതക്കൊരു കൃത്യമായ നിർവചനം ഇനിയും സാധ്യമായിട്ടില്ല. അതുപോലെ തന്നെയാണ് അതിനെക്കുറിച്ചുള്ള ഒരോ വായനക്കാരന്റെ പ്രതികരണവും ആസ്വാദനരീതിയും. 

വായനക്കു ശേഷവും മനസ്സിൽ നിറഞ്ഞു നിൽക്കുന്നതാവണം കവിത. ഇന്ന് സോഷ്യൽ മീഡിയ നൽകുന്ന സ്വാതന്ത്ര്യങ്ങളുടെ തണലിൽ ധാരാളം കവികൾ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു എന്നതൊരു  വസ്തുതയാണ്. 

മനസ്സിന്റെ ഉള്ളറകളെ  തൊടുന്ന, സന്തോഷിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന വിഷയങ്ങൾ സരളമായ ഭാഷയിൽ അവതരിപ്പിക്കുമ്പോഴാണ് കവിത മനോഹരമാകുന്നതെന്ന് തോന്നുന്നു. ചില കവിതകൾ ചൊല്ലി കേൾക്കുമ്പോഴാണ് ഭാവതീവ്രതയോടെ ആസ്വദിക്കാൻ കഴിയുന്നത്   എന്നകാര്യവും ഇവിടെ ഓർക്കാം.

 

സപ്ന അനു ബി ജോർജ്