പാരച്യൂട്ട് തുറന്നില്ല, ഗാസയില്‍ വിമാനം വഴിയുള്ള ഭക്ഷണ വിതരണത്തിനിടെ അപകടം; അഞ്ച് മരണം

പാരച്യൂട്ട്  തുറന്നില്ല, ഗാസയില്‍ വിമാനം വഴിയുള്ള ഭക്ഷണ വിതരണത്തിനിടെ അപകടം; അഞ്ച്  മരണം

ഗാസ സിറ്റി: ഗാസയില്‍ വിമാന മാർഗം ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ വടക്കൻ പാലസ്തീനില്‍ 5 പേർ കൊല്ലപ്പെട്ടു.

10 പേർക്ക് പരിക്കേറ്റു. വിമാനത്തില്‍ നിന്നും താഴേക്കിട്ട ഭക്ഷ്യസാധനങ്ങള്‍ അടങ്ങിയ പെട്ടികളില്‍ ഘടിപ്പിച്ചിരുന്ന പാരച്യൂട്ടുകള്‍ തുറക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്. ഇതോടെ ഭക്ഷണസാമഗ്രികള്‍ താഴെ നില്‍ക്കുന്നവരുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റവരെ ഗാസ സിറ്റിയിലെ അല്‍-ഷിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

തീരദേശ അല്‍-ഷാതി അഭയാർത്ഥി ക്യാമ്ബിന് വടക്ക് ഭാഗത്താണ് അപകടം നടന്നത്. ഭക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് അതിനടുത്തേക്ക് നീങ്ങിയത്, എന്നാല്‍ പാരച്യൂട്ടുകള്‍ തുറക്കാതെ അവ തൊട്ടടുത്ത വീടിന്റെ മേല്‍ക്കൂരയിലേക്ക് പതിക്കുകയാണ് ചെയ്തതെന്നും അപകടത്തിന്റെ ദൃക്സാക്ഷികളിലൊരാളായ മുഹമ്മദ് അല്‍ ഗൗള്‍ പറഞ്ഞതായി എ എഫ് പി റിപ്പോർട്ട് ചെയ്തു. വീടിന്റെ മേല്‍ക്കൂരയില്‍ കഴിഞ്ഞിരുന്നവരാണ് അപകടത്തില്‍പ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഗാസയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യുഎസും ജോർദാനുമാണ് ഇവിടേക്ക് ഭക്ഷ്യ വസ്തുക്കള്‍ ആകാശമാർഗം  വിതരണം ചെയ്തത്. അതേസമയം വെള്ളിയാഴ്ചയുണ്ടായ അപകടത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ജോർദാൻ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. മറ്റ് അഞ്ച് രാജ്യങ്ങളുമായി സഹകരിച്ചാണ് ഭക്ഷണങ്ങള്‍ വിമാനമാർഗം വഴി വിതരണം ചെയ്തത്. നാല് ജോർദാൻ വിമാനങ്ങള്‍ ഒരു കുഴപ്പവുമില്ലാതെ ദൗത്യം നിർവഹിച്ചുവെന്നും സൈന്യം അറിയിച്ചു.

അതേസമയം അപകടത്തില്‍ രൂക്ഷവിമർശനവുമായി ഹമാസ് രംഗത്തെത്തി. വിമാനങ്ങളില്‍ നിന്ന് സഹായങ്ങള്‍ താഴേക്കിടുന്നത് ശരിയായ മാർഗമല്ലെന്ന് ഹമാസ് പ്രതികരിച്ചു.