ജിഎസ്‌ടിയില്‍ വമ്പൻ മാറ്റം: ഇനി 5 %, 18% സ്ലാബുകള്‍ മാത്രം;സാധാരണക്കാര്‍ക്ക് ആശ്വാസം

ന്യൂഡല്‍ഹി: ചെറുകിട വ്യാപാരികള്‍ക്കും സാധാരണക്കാര്‍ക്കും ആശ്വാസമായി ജിഎസ്ടി നിരക്കുകള്‍ ലളിതമാക്കി കേന്ദ്ര സര്‍ക്കാര്‍. നേരത്തെയുണ്ടായിരുന്ന നാല് സ്ലാബുകള്‍ക്ക് പകരം ഇനിമുതല്‍ 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകള്‍ മാത്രമേ ഉണ്ടാകൂ. 2025 സെപ്റ്റംബര്‍ 22 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്. 'ഈ പരിഷ്‌കാരങ്ങള്‍ എല്ലാവര്‍ക്കും മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാനും വ്യാപാര ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കാനും ലക്ഷ്യമിട്ടുള്ളതാണ്,' മന്ത്രി പറഞ്ഞു. ഏകദേശം 48,000 കോടി രൂപയുടെ നികുതി വരുമാന നഷ്ടം സര്‍ക്കാരിന് ഉണ്ടാകുമെങ്കിലും, ഇത് സാധാരണക്കാരുടെ കൈകളില്‍ കൂടുതല്‍ പണം ലഭ്യമാക്കുമെന്നും അതുവഴി സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
പുതിയ പരിഷ്‌കാരങ്ങള്‍ അനുസരിച്ച്, വ്യക്തിഗത ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍, ഫാമിലി ഫ്‌ലോട്ടറുകള്‍, ചില മരുന്നുകള്‍ എന്നിവയ്ക്ക് ഇനി നികുതിയുണ്ടാകില്ല. കൂടാതെ, കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകളും ഈ നികുതി ഇളവിന്റെ പരിധിയില്‍ വരും. തെര്‍മോമീറ്റര്‍, ഗ്ലൂക്കോമീറ്റര്‍ തുടങ്ങിയ സാധാരണ ഉപയോഗത്തിലുള്ള വൈദ്യോപകരണങ്ങള്‍ക്ക് 5% നികുതിയായിരിക്കും.
മുടി എണ്ണ, ഷാംപൂ, സോപ്പ്, മറ്റ് ടോയ്‌ലറ്ററികള്‍, പാലുല്‍പ്പന്നങ്ങള്‍, ലഘുഭക്ഷണങ്ങള്‍ തുടങ്ങിയ ദൈനംദിന അവശ്യസാധനങ്ങളും 5% നികുതി സ്ലാബില്‍ ഉള്‍പ്പെടും.
അതേസമയം, ടെലിവിഷന്‍, എയര്‍ കണ്ടീഷണറുകള്‍, 350 സി.സിയില്‍ താഴെയുള്ള മോട്ടോര്‍ ബൈക്കുകള്‍ തുടങ്ങിയ ആഡംബര വസ്തുക്കള്‍ക്ക് 18% നികുതിയായിരിക്കും. പുകയില, പുകയില ഉത്പന്നങ്ങള്‍, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ഇടത്തരം, വലിയ കാറുകള്‍, 350 സി.സിക്ക് മുകളിലുള്ള ബൈക്കുകള്‍ എന്നിവയ്ക്ക് 40% അധിക നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള 5%, 12%, 18%, 28% എന്നീ നാല് സ്ലാബുകള്‍ക്കാണ് പുതിയ മാറ്റം വരുന്നത്.