കുതിച്ച് സ്വര്‍ണവില ; പവന് 82,000 കടന്നു

റെക്കോഡ് കുതിപ്പുമായി വീണ്ടും സ്വര്‍ണ വില. പവന് ഇന്ന് (സെപ്‌റ്റംബര്‍ 16) 640 രൂപ വര്‍ധിച്ച് 82,080 രൂപയിലെത്തി. ഗ്രാമിന് 80 രൂപയാണ് വര്‍ധനവുണ്ടായി. ഇതോടെ ഒരു ഗ്രാമിന് 10,260 രൂപയായി.
കഴിഞ്ഞയാഴ്‌ച റെക്കോഡ് വിലയായ 81,600 രൂപയിലെത്തിയ വില കഴിഞ്ഞ രണ്ട് ദിവസമായി നേരിയ തോതില്‍ കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയിലെ വില വര്‍ധനവാണ് സംസ്ഥാനത്തെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ഫെഡറല്‍ റിസര്‍വിന്‍റെ യോഗത്തിന് മുന്നോടിയായി ഡോളറിന്‍റെ മൂല്യത്തിലുണ്ടായ ഇടിവ് കാരണമാണ് ഇന്ന് കേരളത്തില്‍ വീണ്ടും വില വര്‍ധിക്കാനിടയായത്.
3689.27 ഡോളറാണ് പുതിയ ഉയരം. യുഎസ് ഡോളര്‍ സൂചിയാകട്ടെ 97 നിലവാരത്തിലാണുള്ളത്. ഫെഡ് പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷയിലാണ് ഡോളറിന്‍റെ ഇടിവ്. നാളെയാണ് (സെപ്‌റ്റംബര്‍ 17) ഫെഡറല്‍ റിസര്‍വിന്‍റെ അവലോകന യോഗം. വലിയ അളവില്‍ പലിശ വെട്ടിക്കുറയ്‌ക്കല്‍ വേണമെന്ന് ഡെണാള്‍ഡ് ട്രംപ് ഫെഡ് ചെയര്‍മാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് കാല്‍ ശതമാനം നിരക്ക് കുറയ്‌ക്കാനാണ് സാധ്യത. എന്നാലത് അര ശതമാനം വരെയായേക്കാമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.