എന്റെ  രാജാവ്.: കവിത, ജിബിൽ @ കർണൻ k

എന്റെ  രാജാവ്.: കവിത, ജിബിൽ @ കർണൻ k

 

ന്റെ രാജ്യത്തിലെ
അതിക്രൂരനായ ഭരണാധികാരിയായിരുന്നു
എന്റെ ഭർത്താവ്..

എത്ര പെട്ടെന്നാണ്
അയാളെന്റെ
സാമ്രാജ്യങ്ങൾ കീഴടക്കിയത്‌

അന്ന് മുതൽ
അയാളുടെ ആജ്ഞകൾക്ക്
ഞാൻ തൊഴുകൈയോടെ കാതോർത്തു

പെണ്ണൊന്നു
ഉറക്കെ സംസാരിച്ചാലും
ചിരിച്ചാലും
തല പോകുന്ന
ആ അന്തപുരത്തിലെ
ഒരേയൊരു റാണിയായിരുന്നു ഞാൻ..

പകലയാൾ വെളുത്ത കുപ്പായമിട്ട്
എന്റെ നാട്ടുരാജ്യങ്ങളെ
പാൽ ചിരിയിൽ
മനോഹരമായൊതുക്കുന്നു.
ഭിക്ഷക്കാർക്ക് പോലും
സമൃദ്ധമായ  സദ്യ നൽകി
സ്വയം ബഹുമാന്യനാകുന്നു..

പക്ഷേ ...എനിക്കോ...!
മൂന്നു നേരം
ശാപങ്ങളുടെ  പാൽ കഞ്ഞിയും
കറുത്ത സന്ധ്യകളുടെ ചാട്ടവാറടികളും..

രാത്രിയിലയാൾ
എന്റെ താഴികക്കുടങ്ങൾ
അപഹരിക്കും..
അതിന്റെ ഞെട്ടറ്റം വരെ
വാൾ പല്ലിനാൽ അരിഞ്ഞു കീറും..
ശ്വാസം കിട്ടാതെ പിടയുമ്പോൾ
എനിക്കായി
അതിനൂതന വെന്റിലേറ്ററുകൾ കിടപ്പറയിൽ വിന്യസിക്കും..

പിന്നെ വെളുക്കുവോളം
എന്നിൽ നായാട്ടിനിറങ്ങും.
എന്റെ കരച്ചിലുകളും
പിടച്ചിലുകളും
അയാൾക്ക്
കൊട്ടാരം സദസ്സിലെ
പ്രോത്സാഹനത്തിന്റെ
നിറഞ്ഞ കൈയ്യടികളായി അനുഭവപ്പെടും..

അർദ്ധരാത്രിയിൽ
നരിയും പുലിയും
കാട്ടുപോത്തുമൊക്കെയായി
എന്റെ രാജാവ്
രൂപം പ്രാപിക്കും...
വിളമ്പി കൊടുത്തു ഭക്ഷിക്കുന്നതിനെക്കാൾ
അയാൾക്കിഷ്ടം
മാന്തിപ്പൊളിച്ചും
അറുത്തു മുറിച്ചും തിന്നുന്ന
വന്യമായ സംസ്കാരത്തോടായിരുന്നു.

എന്റെ മാംസത്തിനു
ഇളം മാൻപേടയുടെ
രുചിയും മണവുമാണെന്ന്
നഖങ്ങൾക്കിടയിലെ
എന്റെ ചോര പുരണ്ട തൊലി നക്കി
ഇടയ്ക്കിടെ പുലമ്പുന്നത് കേൾക്കാം..

പുലരിയിൽ
കൊട്ടാരം വൈദ്യൻ
വന്നെന്നെ ശുശ്രൂഷിക്കും..
എന്റെ മുറിവുകൾ തുന്നിക്കെട്ടും.
അതിവേഗമെന്റെ
വ്രണങ്ങൾ ഭേദമാക്കാനായി
രാജാവയാൾക്ക്
വിലയേറിയ പാരിതോഷികങ്ങൾ വാഗ്ദാനം ചെയ്യും.

മുറിവുണങ്ങിയ മാത്രയിൽ
വീണ്ടുമയാളെന്നെ
അയാളുടെ അരപ്പട്ടയിൽ കെട്ടിയിടും.
ഒരു സ്വകാര്യമായ അലങ്കാരം പോലെ
രാജ്യമുടനീളം പ്രദർശിപ്പിച്ചു നടക്കും.

എന്നെ കണ്ടു 
പരിചാരികമാർ
അടക്കം പറയും:
''രാജ്ഞി എത്ര ഭാഗ്യവതിയെന്നു.''

രാജാവാകട്ടെ,
അത്താഴത്തിനു
ഇത്തിരി കൂടി സ്വാദിനായി
നഖങ്ങളും  പല്ലുകളാലും
വരഞ്ഞയെന്റെ മേനിയിൽ
മഞ്ഞൾ കൊണ്ടും
കുങ്കുമപ്പൂക്കൾ കൊണ്ടും
ലേപനം ചെയ്യിക്കും.
എന്റെ ശരീരവും മനസ്സും
ഒരുപോലെ നീറുമ്പോൾ
ഇറച്ചി കോഴിക്ക് തീറ്റ കൊടുക്കുന്ന ലാഘവത്തിൽ
"വേഗം സുഖമാകും ട്ടൊ"
എന്നാശംസിക്കും.

അപ്പോഴും
എന്നെ സന്തോഷിപ്പിക്കാൻ
എനിക്ക്
രണ്ടു കാമുകന്മാരുണ്ടായിരുന്നു.
ഒന്നു ജനലരികിലെ മുല്ലയും
പിന്നെ
തേന്മാവിൽ വന്നെന്നെ
എത്തി  നോക്കാറുള്ള
ഒരു പനന്തത്തയും.
അവരായിരുന്നു
എന്റെ നരകത്തിലെ
പ്രതീക്ഷകളും സ്വപ്‍നങ്ങളും

ഞാൻ ചിരിക്കുന്നുവെന്ന കുറ്റവും
ഞാൻ അവരുമായി
അവിഹിതം നടത്തിയാലോയെന്ന ഭയവും കാരണം
മുല്ലയെ വെട്ടി തീയിട്ടും
തത്തയെ തൂക്കി കൊന്നും
എന്റെ മരണം
രാജാവ്
ഒന്നു കൂടെ ആഘോഷിച്ചു.

ഞാൻ പ്രേമിക്കുന്ന എന്തിനേയും
അമ്പെയ്തു കൊന്ന ചരിത്രമുണ്ട് രാജാവിന്..
എന്റെ പുസ്തകക്കെട്ടുകളും
ചിലങ്കയും
ഞാൻ എഴുതാറുള്ള  മഷിപ്പേനയും
കൊല ചെയ്യപ്പെട്ടത്  അങ്ങനെയാണ്.

എന്നെ കാണാൻ വന്ന മാതാപിതാക്കളെ
പല്ലക്കിലേറ്റി കൊട്ടാരത്തിലേക്കും
തിരിച്ചു വീട്ടിലേക്കും
ഉപചാരങ്ങളും ഉപഹാരങ്ങളും കൊടുത്തു സത്കരിച്ചയക്കുമ്പോൾ
എന്റെ  അച്ഛൻ
രാജാവിനെ നോക്കി പറഞ്ഞത് എനിക്കോർമ്മയുണ്ട്..
"മുജ്ജന്മ സുകൃതം ഭഗവാനെ.."

അതു കേട്ട് ചിരി പൊട്ടി
എന്റെ കിടപ്പറയുടെ
ഉത്തരത്തിൽ നിന്ന്
താഴെ വീണ ഗൗളിയെ
നിമിഷനേരം കൊണ്ടാണ്
രാജാവ് മെതിയടിക്കടിയിൽ
ചവിട്ടിയരച്ചു
നിശ്ശബ്ദനാക്കിയത്.

ഞാനാകട്ടെ ,
അന്നും പരിചാരികമാർ
അണിയിച്ചൊരുക്കിയ
നിശാ വസ്ത്രങ്ങളണിഞ്ഞു
മുൾമെത്തയിലേക്ക്
ആനയിക്കപ്പെട്ടിട്ടുണ്ടാകും..

എനിക്ക് എപ്പോഴെങ്കിലും
ഉറക്കെ പറയണമെന്നുണ്ട്.
ഒരിക്കൽ എനിക്കൊരു മനസ്സുണ്ടായിരുന്നെന്നു..
ഒരിക്കൽ
എനിക്ക് വേദനിക്കുന്ന
ശരീരമുണ്ടായിരുന്നെന്ന്..
അല്ല..
ഇപ്പോഴും
ഇതു രണ്ടുമുണ്ടെന്നു..

പക്ഷേ
രാജാവിന്റെ
"ആരവിടെ'' യെന്ന
ഒറ്റ നോട്ടത്തിൽ
''അടിയനിവിടെ...''
എന്ന മറുവാക്കിനാൽ
ഞാൻ വീണ്ടും
ആ സിംഹാസനത്തിനു  ചുവട്ടിൽ
തൊഴുതു നിൽക്കുകയായി...

പലപ്പോഴും
ഇരുട്ടിന്റെ മറവിൽ
ഒരു പിച്ചാത്തിയുമെടുത്തു
അയാളെ കൊന്നു
രാജ്യത്തു നിന്ന്
പലായനം ചെയ്യാൻ
ചിന്തിക്കുമ്പോളൊക്കെ
ഒരു ഭാവി രാജകുമാരൻ
തൊട്ടിലിൽ കിടന്നു കരയുന്നുണ്ടാകും.

ആ ഒറ്റ കാഴ്ചയിൽ
ഞാനെല്ലാം മറന്നു
മിണ്ടാതെ
അനങ്ങാതെയങ്ങനെ കിടക്കും..


       ജിബിൽ@ കർണൻ k