ഒറ്റയ്ക്കിരിക്കുമ്പോൾ: കവിത , രാജു കാഞ്ഞിരങ്ങാട്

ഒറ്റയ്ക്കിരിക്കുമ്പോൾ:  കവിത , രാജു കാഞ്ഞിരങ്ങാട്

 

ഒറ്റയ്ക്കിരിക്കുമ്പോൾ
ചിന്തയിലൊരു ചേരപ്പാമ്പ് പുളയും
ചങ്കിലൊരു ചിതയാളും
മറന്നവയൊക്കെ മുറുമുറുത്തുകൊണ്ടി-
റങ്ങിവരും

കൂനനുറുമ്പുകൾപോലെ
ഓർമ്മകളരിച്ചരിച്ചെത്തുമ്പോൾ
ഭയംമാത്രമഭയമെന്നറിയുമ്പോൾ
ഇഷ്ടമെന്നോർപ്പതും രുദ്രമാകും

ഒറ്റയ്ക്കിരിക്കുമ്പോൾ
കിനാവിനെകൊത്തും കപോതൻ
മൃതജാതകച്ചുരുൾ നിവർത്തുമിരുൾ
പക്ഷി
തുറന്നേനിൽക്കുമൊരു നിരാശാപെട്ടകം

കവിതവറ്റിയമനസ്സിൽ കുടിയേറും
ചിത്തഭ്രമം
ചത്തവാക്കുകൾ ചീർത്തുനിന്നിടും
ചുരമാന്തി നിൽക്കുംമോഹത്തിൽ
മുഷിഞ്ഞനിലാവിൻപ്രേതനിഴലാട്ടം

ഒറ്റയ്ക്കിരിക്കുമ്പോൾ
ഒരാകാശമാകും
ഒരു കടലാകും,
കാടും, മലയുമാകും

 

രാജു.കാഞ്ഞിരങ്ങാട്

ഫോൺ -9495458138