ഹേമ കമ്മിറ്റി റിപ്പോർട്ട് : സിനിമാരംഗത്ത് വേണം തിരുത്തൽ നടപടികൾ
മലയാള സിനിമാ രംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഇരകളായവരുടെ അപ്രതീക്ഷിത തുറന്നുപറച്ചിലുകളിലൂടെ സ്ഫോടനാത്മകമായ സാഹചര്യമാണ് സംസ്ഥാനത്തു സൃഷ്ടിച്ചിരിക്കുന്നത്. സിനിമയിലെ പല വമ്പന്മാർക്കെതിരെയും പരസ്യമായ ലൈംഗികാരോപണങ്ങളുമായി വനിതകൾ മുന്നോട്ടുവന്നതോടെ സിനിമാ മേഖലയാകെ കടുത്ത പ്രതിസന്ധിയിലാണ്. സംവിധായകൻ രഞ്ജിത്തിന് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷസ്ഥാനവും നടൻ സിദ്ദിഖിന് താരസംഘടനയായ ‘അമ്മ’ (അസോസിയേഷൻ ഓഫ് മലയാളം മൂവീ ആർട്ടിസ്റ്റ്‌സ്)യുടെ ജനറൽ സെക്രട്ടറിപദവിയും രാജിവെക്കേണ്ടിവന്നത് റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നാണ്. ലൈംഗികാരോപണങ്ങളിൽ പെട്ട് താരസംഘടന 'അമ്മ'തന്നെ കൂട്ടമായി രാജി നൽകുന്ന സ്ഥിതിയിലുമെത്തി! ചൊവ്വാഴ്ച അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ രാജിവെക്കുകയും 17അംഗ നിർവാഹകസമിതി പിരിച്ചുവിടുകയും ചെയ്തു.
അവിശുദ്ധമായതും പുറത്തുപറയാന്‍ പറ്റാത്തതുമായ പലതും സിനിമാ മേഖലയിൽ നടക്കുന്നുണ്ട് എന്നത് രഹസ്യമായ കാര്യമൊന്നുമല്ല. ഈയൊരു പൊതുജന ചിന്തയെ ശരിവെക്കുന്നതാണ് ഹേമ കമ്മിറ്റി റിപ്പോർട്ടും . റിപ്പോർട്ടിന്മേല്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കും റിപ്പോർട്ടിൽ നിന്ന് മൂടിവെക്കപ്പെട്ട പേരുകളും വസ്തുതകളും പുറത്തുവരുമോ, സിനിമാ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾക്ക് ഇത് തുടക്കമിടുമോ, എന്നൊക്കെയാണറിയാനുള്ളത് .
2017ൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷമാണ് "വിമൻ ഇൻ സിനിമ കളക്റ്റീവ്' നൽകിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിൽ സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ റിട്ടയേഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയെ നിയോഗിച്ചത്. നടി ശാരദ, റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവർ അംഗങ്ങളായ കമ്മിറ്റി നിരവധി സിനിമാ പ്രവർത്തകരുമായി സംസാരിച്ചും അനുഭവങ്ങൾ ചോദിച്ചറിഞ്ഞും 2019 ഡിസംബർ 31നു സർക്കാരിനു സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടാത്തതിനെതിരേ പല കോണുകളിൽ നിന്നും വിമർശനമുയർന്നിരുന്നു. ഒടുവിൽ വിവരാവകാശ കമ്മിഷന്‍റെ ഇടപെടലിനെത്തുടർന്നാണ് റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചത്. സ്വകാര്യതയെ ബാധിക്കുന്നതും വ്യക്തികളെ തിരിച്ചറിയാൻ കഴിയുന്നതുമായ ഭാഗങ്ങൾ ഒഴിവാക്കിയാണു റിപ്പോർട്ട് പരസ്യപ്പെടുത്തിയത്.
സ്ത്രീകൾ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്ന ഇടമാണ് സിനിമാരംഗം .അഭിനയ മികവ് മാത്രം പോരാ ഈ ഫീൽഡിൽ നിലനിൽക്കാൻ . പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ വരെ ലൈംഗിക ചൂഷണം നേരിടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത് . 'നോ' പറയുന്നവർ സിനിമ മേഖലയിൽ നിന്ന് തന്നെ ഔട്ട് ആകുന്ന സാഹചര്യം. സിനിമയിലും പുറത്തും സ്വാധീനമുള്ള, ഭരണ, രാഷ്ട്രീയതലങ്ങളില്‍ പിടിപാടുള്ളവരാണ് ഇവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് . ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവിടാതിരിക്കാൻ ശ്രമങ്ങളുണ്ടായെങ്കിലും ഒടുവിൽ ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് റിപ്പോർട്ട് വെളിച്ചം കണ്ടത് . പുരുഷമേധാവിത്വം കൊടികുത്തി വാഴുന്നു മലയാള സിനിമയില്‍ എന്ന് അടിവരയിടുന്നതാണ് റിപ്പോർട്ട്.
മലയാള സിനിമാരംഗം വര്ഷങ്ങളായി നേരിടുന്ന പുഴുക്കുത്തുകൾ ഇല്ലാതാക്കി ഈ മേഖലയെ ശുദ്ധീകരിക്കാൻ ഹേമാ കമ്മിറ്റി റിപ്പോർട്ടിലൂടെ സാധ്യമാകട്ടെ.വനിതകളുടെ വ്യക്തിത്വത്തെ അംഗീകരിക്കുന്ന തിരുത്തൽ നടപടികൾ എത്രയും വേഗം നടപ്പാവട്ടെ .