ഇനിയും പാടുവാൻ : കവിത, റോയ് പഞ്ഞിക്കാരൻ

തുകിലുണർത്തുവാൻ പുതിയൊരു
തംബുരു കൈകളിലേന്തി വരൂ നീ.
ഹൃദയ മന്ത്രത്തിന്റെ ശ്രുതി മധുരമാം
പാട്ടുകൾ ഇനിയും പാടാം .
ഹൃദയത്തിൽ നുര പൊന്തുന്ന
ദുഃഖ ഭാവങ്ങൾ മായ്ക്കനായി
വീണ്ടും വീണക്കമ്പികൾ മീട്ടാം .
ഗതിവേഗമറിയാതെ ഒഴുകുമീ ജീവിതത്തിൽ
കറുത്ത രാത്രികളിൽ
കാലനും കഴുകനും ചിറകടിച്ചെത്തുന്നു .
പകൽ നിഴൽ മൂടി നിൽക്കുന്ന
എന്റെ മോഹങ്ങളിൽ
ചിതലുകളരിക്കുന്നു.
ഒരു കൊടുംകാറ്റായി പറന്നുയരുവാൻ
ആയിരം നിറമുള്ള ശലഭം
അഗ്നിയിൽ പിടയുന്നു .
ഇനിയും പാടുവാൻ പുതിയൊരു
തംബുരു കൈകളിലേന്തി വരൂ നീ .